ചെയര്‍മാനെ പുറത്താക്കിയതിന് പിന്നാലെ ടാറ്റയുടെ ഓഹരികള്‍ക്ക് ഇടിവ്

By Web DeskFirst Published Oct 25, 2016, 10:51 AM IST
Highlights

ടാറ്റാ ഗ്രൂപ്പ് സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സൈറസ് മിസ്‌ത്രിയെ നീക്കിയത്. ഇതിന്റെ അനുരണനങ്ങളാണ് ഓഹരി വിപണികളില്‍ ദൃശ്യമാകുന്നത്. ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ടി.സി.എസ് എന്നീ കമ്പനികളുടെ ഓഹരികളെല്ലാം നഷ്‌ടത്തിലാണ്. സൈറസ് മിസ്‌ത്രിയെ അപ്രതീക്ഷിതമായി നീക്കിയത് ഓഹരി ഉടമകളിലെല്ലാം വലിയ ഞെട്ടലാണുണ്ടാക്കിയത്. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കാണിച്ച് ടാറ്റാ ഗ്രൂപ്പിന്റെ ഇടക്കാല ചെയര്‍മാന്‍ രത്തന്‍ ടാറ്റാ ജീവനക്കാര്‍ക്ക് കത്തയച്ചു. ടാറ്റാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സ്ഥിരത പുലര്‍ത്താനുമാണ് സ്ഥാനചലനമെന്ന് കത്ത് വ്യക്തമാക്കുന്നു. ടാറ്റാ ഗ്രൂപ്പിന്റെ പോളിസികള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് മിസ്‌ത്രിയെ മാറ്റുന്നതിന് വഴിവെച്ചതെന്നാണ് സൂചന. 

കാപ്പിക്കച്ചവടം മുതല്‍ സോഫ്റ്റ്‍വെയര്‍ ബിസിനസ് വരെ വിശാലമായ ബിസിനസ് സാമ്രാജ്യമാണ് ടാറ്റാ ഗ്രൂപ്പിനുള്ളത്. ഇതില്‍ ലാഭം കിട്ടുന്ന കമ്പനികളിലേക്ക് മാത്രം മിസ്‌ത്രി ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഡയറക്ടര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. ടാറ്റയുടെ അഭിമാനമായിരുന്ന യു.കെയിലെ സ്റ്റീല്‍ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തീരുമാനം വിവാദമായിരുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ടാറ്റാ ഗ്രൂപ്പിന്റെ വരുമാനം 500 കോടി ഡോളര്‍ കുറയുകയും ചെയ്തു. ഇതും പുറത്താക്കലിന് ആക്കം കൂട്ടിയെന്നാണ് സൂചന.  പുതിയ ചെയര്‍മാനെ  നാല് മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കുമെന്ന് കാണിച്ച് രത്തന്‍ ടാറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

 

click me!