ജി.എസ്.ടിക്ക് ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍

By Web DeskFirst Published Jan 24, 2018, 10:14 AM IST
Highlights

തിരുവനന്തപുരം: ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയെന്ന് കണക്ക്. അതേസമയം പ്രതീക്ഷിച്ച വരുമാന വര്‍ദ്ധന ഉണ്ടായില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 20 മുതല്‍ 25 ശതമാനം വരെ ഉണ്ടാകുമെന്ന് കരുതിയ നികുതി വളര്‍ച്ച പകുതിയോളം കുറഞ്ഞത് ഇത്തവണത്തെ ബജറ്റിലും പ്രതിഫലിക്കുമെന്ന്  ധനമന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ജി.എസ്.ടി വരും മുന്‍പുള്ള നാലുവര്‍ഷം നികുതി വരുമാന വളര്‍ച്ച ശരാശരി പത്ത് ശതമാനമാണ്. ചെലവിലെ വര്‍ദ്ധന 15 ശതമാനവും. ജി.എസ്.ടി നടപ്പാകുന്നതോടെ വരുമാനം 20 മുതല്‍ 25 ശതമാനമായി കൂടുമെന്നായിരുന്നു വിലയിരുത്തല്‍. നടപ്പ് വര്‍ഷത്തെ ബജറ്റിന്റെ അടിസ്ഥാനവും ഇത് തന്നെ. പക്ഷേ പ്രതീക്ഷ പോലെ കാര്യങ്ങള്‍ നടന്നില്ലെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തല്‍. വാറ്റ് നടപ്പാക്കിയിരുന്നപ്പോഴുണ്ടായിരുന്നതിന്റെ ഇരട്ടിയോളം വരുമാന വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു കരുതിയിരുന്ന്. അത്രയും വരുമാന വര്‍ദ്ധനവുണ്ടാവാത്തത് ഈ വര്‍ഷത്തെ ബജറ്റിനെ ബാധിക്കും. ചെലവുകള്‍ ചുരുക്കേണ്ടി വരും. അടുത്ത വര്‍ഷവും ജി.എസ്.ടി പ്രതീക്ഷിച്ചത് പോലെ നേട്ടമുണ്ടാക്കിയില്ലെങ്കില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ആഘാതം കൂടി കണക്കിലെടുത്താവും ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും ഐസക് പറഞ്ഞു.

അതേസമയം വരുമാനത്തില്‍ വളര്‍ച്ച തന്നെയെന്നാണ് കണക്കുകള്‍ പറയുന്നത്.  കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ നികുതി വരുമാനം 401 കോടി രൂപ കൂടി.  15 ശതമാനം വളര്‍ച്ചയാണിത്. 2016 സെപ്തംബറില്‍ കിട്ടിയത് 3038.97 കോടിയാണ്. 2017 ആയപ്പോഴേക്കും ഇത് 3318.35 കോടിയായി. ഒന്‍പത് ശതമാനമായിരുന്നു അന്നത്തെ വര്‍ദ്ധനവ്. ഒക്ടോബറില്‍ മൂന്ന് ശതമാനം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ നികുതി നിരക്ക് നവംബര്‍ ആയതോടെ വീണ്ടും ആറ് ശതമാനം വളര്‍ച്ച തിരിച്ചുപിടിച്ചു.

ജി.എസ്.ടി നിലവില്‍ വന്നതോടെ നികുതിയില്‍ സംസ്ഥാന സര്‍ക്കാറിനുള്ള അവകാശം പരിമിതപ്പെട്ടു. പ്രതിസന്ധി മറികടക്കാന്‍ നികുതിയേതര വരുമാനം കൂട്ടുകമാത്രമാണ് ധനവകുപ്പിന് മുന്നിലെ പോംവഴി. സേവന മേഖലയിലടക്കം  നിരക്ക് വര്‍ദ്ധനയാണ് ബജറ്റ് പ്രതീക്ഷ.

click me!