എഐയുടെ വരവ് ജോലികള്‍ ഇല്ലാതാക്കുമെന്നത് തെറ്റായ ധാരണയാണെന്ന് മുകേഷ് അംബാനി.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യയില്‍ മൊബൈല്‍ ഡേറ്റാ നിരക്കുകളില്‍ വിപ്ലവം സൃഷ്ടിച്ചതുപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ചിലവുകളും റിലയന്‍സ് കുറയ്ക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇതിനായി റിലയന്‍സ് ഗ്രൂപ്പും ജിയോയും ചേര്‍ന്ന് ഈ വര്‍ഷം മുതല്‍ അടുത്ത 7 വര്‍ഷത്തേക്കായി 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എഐ ജോലികള്‍ ഇല്ലാതാക്കില്ല'

എഐയുടെ വരവ് ജോലികള്‍ ഇല്ലാതാക്കുമെന്നത് തെറ്റായ ധാരണയാണെന്ന് മുകേഷ് അംബാനി പറഞ്ഞു. എഐ കാരണം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. പകരം, ഉയര്‍ന്ന നൈപുണ്യം ആവശ്യമുള്ള പുതിയ തൊഴിലവസരങ്ങള്‍ ഇത് സൃഷ്ടിക്കും. ഏത് പുതിയ സാങ്കേതികവിദ്യ വരുമ്പോഴും തൊഴില്‍ നഷ്ടപ്പെടുമെന്ന ഭയം സ്വാഭാവികമാണ്. എന്നാല്‍ എഐ തൊഴില്‍ മേഖലയുടെ കാര്യക്ഷമത കൂട്ടുകയും പുതിയ തൊഴില്‍ മേഖലകള്‍ തുറന്നിടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എഐ എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്ന വലിയൊരു സമൃദ്ധിയുടെ കാലം കൊണ്ടുവരുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും ഇന്ത്യയുടെ എഐ മുന്നേറ്റത്തെ പ്രശംസിച്ചിരുന്നു.

ലക്ഷ്യം കുറഞ്ഞ നിരക്കിലുള്ള എഐ

എഐ സാങ്കേതികവിദ്യ വേഗത്തില്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഐഐടികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവരുമായി റിലയന്‍സും ജിയോയും ചേര്‍ന്ന് പ്രവര്‍ത്തിക്കും. എല്ലാവര്‍ക്കും താങ്ങാനാവുന്നതും, ആശ്രയിക്കാവുന്നതുമായ എഐ സേവനങ്ങള്‍ നല്‍കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ കമ്പ്യൂട്ടറുകളുടെയും സര്‍വ്വറുകളുടെയും ഉയര്‍ന്ന ചെലവും, അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് എഐ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇത് മറികടക്കാന്‍ 'ജിയോ ഇന്റലിജന്‍സ്'ഇന്ത്യയ്ക്കായി സ്വന്തമായി ഒരു കമ്പ്യൂട്ടിംഗ് സംവിധാനം ഒരുക്കും. ഇതിന്റെ ആദ്യപടിയായി ഗിഗാവാട്ട് ശേഷിയുള്ള വമ്പന്‍ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കും. ജാംനഗറില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും മുകേഷ് അംബാനി അറിയിച്ചു. എഐ മേഖലയില്‍ രാജ്യാന്തര തലത്തിലുള്ള കൂട്ടായ്മ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു