
64 ബാങ്കുകളിലെ 3 കോടി അക്കൗണ്ടുകളിലായി 11,300 കോടി രൂപ അവകാശികളില്ലാതെ അനാഥമായി കിടക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും കൂടുതല്‍ അവകാശികളില്ലാത്ത പണമുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. 1,262 കോടി രൂപയാണ് എസ്ബിഐയുടെ ലോക്കറില്‍ അനാഥമായി കിടക്കുന്നത്.
1,250 കോടി പഞ്ചാബ് നാഷണല്‍ ബാങ്കിലും മറ്റ് ദേശസാത്കൃത ബാങ്കുകളിലായി 7,040 കോടി രൂപയുമാണ് ഉടമസ്ഥരില്ലാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ബാങ്കുകള്‍ സൂക്ഷിക്കുന്ന 100 ലക്ഷം കോടി രൂപയിലെ ഒരു പങ്ക് മാത്രമാണ് ഇത്. കണക്കില്‍പ്പെടാത്ത കോടികള്‍ ഇതിലേറെ വരും.
ഐഐഎം-ബിയിലെ മുന്‍ ആര്‍ബിഐ ചെയര്‍ പ്രഫസര്‍ ചരണ്‍ സിംഗ് പറയുന്നത് മരിച്ച് പോയവരോ അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുളളവരോ ആയിരിക്കും ഈ പണം നിക്ഷേപിച്ചിട്ടുണ്ടാവുക എന്നാണ്. ബിനാമിയുടേയോ മറ്റ് അനധികൃതമായി നിക്ഷേപിച്ച പണമോ അല്ല ഇതെന്നാണ് അദ്ദേഹം പറയുന്നത്.
1949 ബാങ്കിങ്ങ് റഗുലേറ്ററി ആക്റ്റ് 26 സെക്ഷന്‍ അനുസരിച്ച്, 10 വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗം ഇല്ലാതെ കിടക്കുന്ന അക്കൗണ്ട് നിര്‍ജീവമാകുമെങ്കിലും അക്കൗണ്ടിലുളള പണത്തിന് അവകാശവാദം ഉന്നയിക്കാന്‍ നിക്ഷേപകനോ അക്കൗണ്ട് ഉടമയ്‌ക്കോ അവകാശമുണ്ടെന്നാണ്.
ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കോട്ടക് മഹീന്ദ്ര, യെസ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിലടക്കം 1,416 കോടി രൂപയാണ് ഇത്തരത്തില്‍ അവകാശികളില്ലാതെ കിടക്കുന്നത്. ഐസിഐസിഐയില്‍ 476 കോടി രൂപയാണ് ഉളളത്. കോട്ടക് മഹീന്ദ്രയില്‍ 151 കോടി രൂപയും 25 വിദേശബാങ്ക് ശാഖകളിലായി 332 കോടി രൂപയും എച്ച്എസ്ബിസി ബാങ്കില്‍ 105 കോടി രൂപയും ഇത്തരത്തില്‍ അനാഥമായി കിടപ്പുണ്ടെന്നാണ് ആര്‍ബിഐ പത്രക്കുറിപ്പില്‍ പറയുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.