വ്യാപാര യുദ്ധം; രണ്ടും കല്‍പ്പിച്ച് യുഎസ്, തിരിച്ചടിക്കുമെന്ന് ചൈന

By Web DeskFirst Published Jul 7, 2018, 9:37 AM IST
Highlights
  • തുല്യമൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ പ്രഖ്യാപിച്ച് തിരിച്ചടി നല്‍കുമെന്ന് ചൈന

ന്യൂയോര്‍ക്ക്: യുഎസും ചൈനയും തമ്മിലുളള വ്യാപാര യുദ്ധം എല്ലാ പരിധികളും ലംഘിച്ച് മുന്നേറുന്നു. വ്യാപാര യുദ്ധം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളിലേക്കൊന്നും കടക്കാതിരുന്ന യുഎസ് കഴിഞ്ഞ ദിവസം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തി യുദ്ധം കടുപ്പിച്ചു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 34 ബില്യണ്‍ ഡോളര്‍ മൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്കാണ് യുഎസ് ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ തീരുവ ഏര്‍പ്പെടുത്തിയത്. 

വ്യവസായികമായി ഉപയോഗിക്കുന്ന മെഷനറി, ആരോഗ്യ രംഗത്തെ ഉപകരണങ്ങള്‍, ഓട്ടോമൊബൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാംസം, സമുദ്ര വിഭവങ്ങള്‍, ആ‍ഡംബര കാറുകള്‍ ഉള്‍പ്പെടെ യുഎസ്സില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന തുല്യമൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ പ്രഖ്യാപിച്ച് തിരിച്ചടി നല്‍കുമെന്ന് ചൈനയും പ്രഖ്യാപിച്ചു.

ഇത് കൂടാതെ 16 ബില്യണ്‍ ഡോളര്‍ മൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് പ്രഖ്യാപിച്ചു. വ്യാപാര യുദ്ധത്തെത്തുടര്‍ന്ന് ഇന്ത്യന്‍ രൂപ അടക്കമുളള കറന്‍സികളുടെ മൂല്യം വലിയ തോതിലാണ് ഇടിയുന്നത്. വ്യാപാര യുദ്ധത്തെത്തുടര്‍ന്ന്  ആളുകള്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നത് കൂടിയതാണ് ഇതിന് കാരണമായി പറയുന്നത്. വ്യാപാര യുദ്ധം ശക്തമായത് ചൈനയുടെ ഔദ്യോഗിക കറന്‍സിയെയും വെട്ടിലാക്കി. ചൈനീസ് കറന്‍സിയായ യുവാന്‍റെ മൂല്യത്തില്‍ വലിയ ഇടിവാണ് സംഭവിക്കുന്നത്.    

click me!