മന്ത്രിയുടെ നിര്‍ദ്ദേശം തള്ളി; ചിക്കന്റെ വില കുറയ്ക്കില്ലെന്ന് വ്യാപാരികള്‍

By Web DeskFirst Published Jul 8, 2017, 5:08 PM IST
Highlights

കോഴിക്കോട്: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് 87 രൂപക്ക് ഇറച്ചിക്കോഴി വില്‍ക്കണമെന്ന ധനമന്ത്രിയുടെ നിര്‍ദ്ദേശം വ്യാപാരികള്‍ തള്ളി. മന്ത്രിയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് ഓള്‍കേരളാ ചിക്കന്‍ ഡീലേഴ്സ് അസോസിയേഷന്‍ പറഞ്ഞു. പതിനൊന്നിന് പ്രഖ്യാപിച്ചിരിക്കുന്ന കടയടപ്പ് സമരത്തിന് മാറ്റമില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി നസ്റുദ്ദീന്‍ വിഭാഗം കോഴിക്കോട് അറിയിച്ചു.

വ്യാപാരി വ്യവസായി ഏകോപനസമിതി അധ്യക്ഷന്‍ ടി നസ്റുദ്ദീന്റെ വീട്ടില്‍ നടന്ന യോഗത്തിന് ശേഷമാണ് കോഴി വ്യാപാരികള്‍ നിലപാടറിയിച്ചത്. ഫാമുകളില്‍ ഒരു കോഴിയുടെ ഉത്പാദന ചിലവ് തന്നെ നൂറു രൂപയാളമാകുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്ന് കിലോക്ക് 120 രൂപ നല്‍കിയാണ് ഇറച്ചി കോഴികളെ വാങ്ങുന്നതെന്നും വ്യാപാരികള്‍ പറയുന്നു. സാഹചര്യമിതാണെന്നിരിക്കെ തിങ്കളാഴ്ച മുതല്‍ ഒരു കിലോ ഇറച്ചിക്കോഴി 87 രൂപക്ക് വില്‍ക്കണമെന്ന ധനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടതില്ലെന്ന് വ്യാപാരികള്‍ തീരുമാനിച്ചു.

ജി.എസ്.ടി നടപ്പാക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നസ്റുദ്ദീന്‍ വിഭാഗം വരുന്ന ചൊവ്വാഴ്ച കടകളടച്ച് പ്രതിഷേധിക്കാനും തീരുമാനിച്ചു. നേരത്തെ ഹസന്‍കോയ വിഭാഗം സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു. ജി.എസ്.ടിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളില്‍ സെപ്റ്റംബര്‍ 10വരെ ശിക്ഷാനടപടികളുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറിയതെന്ന് ഹസന്‍കോയ വിഭാഗം അറിയിച്ചു. വ്യാപാരി വ്യവസായി സമിതിയും കടയടപ്പ് സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. 

click me!