ജിയോയ്ക്ക് പണി കൊടുത്തതിന് എയര്‍ടെല്‍. ഐഡിയ, വോഡഫോണ്‍ കമ്പനികള്‍ക്ക് 3050 കോടി പിഴ

By Web DeskFirst Published Oct 21, 2016, 4:46 PM IST
Highlights

ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്‍വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് മൂന്ന് കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ടെലികോം റെഗുലേറ്ററി അതോരിറ്റി ശുപാര്‍ശ ചെയ്തു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികളില്‍ നിന്നാണ് ഭീമമായ തുക പിഴ ഈടാക്കണമെന്ന് ട്രായ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

പൊതുജന താത്പര്യത്തിനും കമ്പനികള്‍ക്കിടയിലുള്ള മത്സര ബുദ്ധി ഇല്ലാതാക്കാനും ശ്രമിച്ചെന്നാരോപിച്ചാണ് പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്. ടെലികോം ആക്ട് പ്രകാരം ഉറപ്പാക്കേണ്ട സേവന ഗുണനിലവാരം പാലിച്ചില്ലെന്നും കമ്പനികള്‍ക്കെതിരെ ട്രായ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു. ജിയോ സൗജന്യമായി നല്‍കുന്ന വോയ്സ് കോളുകള്‍ തങ്ങളുടെ നെറ്റ്‍വര്‍ക്കുകളില്‍ കണക്ട് ചെയ്യാനാവില്ലെന്ന നിലപാടാണ് ഈ കമ്പനികള്‍ സ്വീകരിച്ചത്. ഇത് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാവുന്നത്ര ഗുരുതരമായ കുറ്റമാണെന്നും ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അത് ദുരിതമാകുമെന്നതിനാല്‍ പിഴ ചുമത്തുക മാത്രം ചെയ്യുകയാണെന്നും ട്രായ് വെള്ളിയാഴ്ച അയച്ച കത്തില്‍ പറയുന്നു.

21 സര്‍ക്കിളുകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഭാരതി എയര്‍ടെല്ലിന് ഓരോ സര്‍ക്കിളിലും 50 കോടി വീതം ആകെ 1,050 കോടിയാണ് പിഴ ചുമത്തിയത്. അതുപോലെതന്നെ 21 സര്‍ക്കിളുകളില്‍ സാന്നിദ്ധ്യമുള്ള വോഡഫോണിന് 1050 കോടിയും 19 സര്‍ക്കിളുകളിലുള്ള ഐഡിയ 950 കോടിയുമാണ് പിഴ അടയ്ക്കേണ്ടത്.
 

click me!