ബജറ്റ് അവതരണം: സഭാനടപടികള്‍ തുടങ്ങി

By Web DeskFirst Published Feb 1, 2017, 5:21 AM IST
Highlights

ദില്ലി: ഈ സാമ്പത്തികവര്‍ഷത്തെ കേന്ദ്രബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള സഭാനടപടികള്‍ തുടങ്ങി. ഇന്നു പുലര്‍ച്ചെ അന്തരിച്ച അംഗം ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സഭാ നടപടികള്‍ തുടങ്ങിയത്. എന്നാല്‍ ബജറ്റ് അവതരണത്തിന് അനുമതി നല്‍കിയ സ്‌പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ സര്‍ക്കാരും ലോക്‌സഭാ സ്‌പീക്കറും ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ബജറ്റ് ഭരണഘടനാപരമായ അനിവാര്യതയെന്ന് സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന ധനമന്ത്രിയുടെ ആവശ്യത്തിന് സ്‌പീക്കര്‍ അനുമതി നല്‍കുകയായിരുന്നു. 

ഇക്കാര്യത്തില്‍ കടുത്ത നിലപാടുമായി സര്‍ക്കാരും രംഗത്തെത്തി. 1954ലും 1974ലും സമാന സാഹചര്യമുണ്ടായിട്ട് ബജറ്റ് അവതരണം മാറ്റിവെച്ചില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സഹമന്ത്രിമാര്‍ മരിച്ചപ്പോള്‍ പോലും ബജറ്റ് മാറ്റിവെച്ചിരുന്നില്ലെന്ന് കേന്ദ്രധനകാര്യമന്ത്രാലയം പറയുന്നു. 

എന്നാല്‍ ബജറ്റ് അവതരണവുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബജറ്റ് അവതരിപ്പിക്കുന്നത് ഇ അഹമ്മദിനോടുള്ള അനാദരവെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് മാറ്റിവെക്കണമെന്നും ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നത് ശരിയല്ലെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. 

ഇ അഹമ്മദിന്റെ മൃതദേഹം ദില്ലിയില്‍ നിന്ന് കൊണ്ടുപോകുന്നതുവരെയെങ്കിലും ബജറ്റ് അവതരണം നീട്ടിവയ്ക്കണം എന്ന് കേരളാ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. 

click me!