ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ ഇക്കുറി അത്ര എളുപ്പമാവില്ല

By Web DeskFirst Published Apr 17, 2017, 1:26 PM IST
Highlights

ദില്ലി: ജൂലൈ ഒന്നുമുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ഇവ രണ്ടും ബന്ധിപ്പിക്കുകയും വേണം. ഇല്ലെങ്കില്‍ ഭാവിയില്‍ പാന്‍ കാര്‍ഡ് എവിടെയും ഉപയോഗിക്കാന്‍ കഴിയില്ല. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ സൗകര്യമൊരുിക്കിയിട്ടുണ്ടെങ്കിലും ഒട്ടനവധി പ്രശ്നങ്ങളാണ് ഇത് സംബന്ധിച്ച് നികുതി ദായകര്‍ ഇപ്പോള്‍ നേരിടുന്നത്.

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് വെബ്‍സൈറ്റായ incometaxindiaefiling.gov.in വഴിയാണ് ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാന്‍ അവസരമുള്ളത്. സൈറ്റ് തുറക്കുമ്പോള്‍ തന്നെ ഇത് സംബന്ധിച്ച ഒരു വിന്‍ഡോ താനേ തുറന്നുവരും. ഇതില്‍ ആധാര്‍ നമ്പറും പാന്‍ വിവരങ്ങളും നല്‍കിയ ശേഷം Link now എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുകയേ ആവശ്യമുള്ളൂ. സൈറ്റ് തുറക്കുമ്പോള്‍ തന്നെ ഇത് സംബന്ധിച്ച വിന്‍ഡോ ലഭിക്കാത്തവര്‍ക്ക് പ്രൊഫൈല്‍ സെറ്റിങ്സില്‍ ലിങ്ക് ആധാര്‍ എന്ന ലിങ്ക് വഴി ഇത് ചെയ്യാനാവും. നടപടികള്‍ ഇത്രയും എളുപ്പമാണെന്ന് പറയാമെങ്കിലും വിചാരിക്കുന്നത്ര എളുപ്പത്തിലല്ല കാര്യങ്ങളെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. രണ്ട് രേഖകളിലുമുള്ള വ്യത്യാസങ്ങളാണ് വില്ലന്മാരാവുന്നത്.

പേര്, ജനന വര്‍ഷം, സ്ത്രീ/പുരുഷന്‍ എന്നീ വിവരങ്ങള്‍ ആധാറിലും പാന്‍ കാര്‍ഡിലും ഒരു പോലെയായിരിക്കണം. അല്ലെങ്കില്‍ ഇവ ഓണ്‍ലൈനായി ലിങ്ക് ചെയ്യാനാവില്ല. ആധാര്‍ കാര്‍ഡിലെ പേരില്‍  ഇനിഷ്യല്‍, ചിഹ്നങ്ങള്‍ തുടങ്ങിയവ അനുവദിക്കാറില്ല. എന്നാല്‍ പലരുടെയും പാന്‍ കാര്‍ഡിലെ പേരില്‍ ഇവയുണ്ട്. ഇത്തരക്കാരുടെ ആധാറും പാനും സൈറ്റില്‍ ലിങ്ക് ചെയ്യാനാവില്ലെന്നാണ് പരാതി. ഒരു അക്ഷരത്തിന്റെ വ്യത്യാസം പോലുമുള്ളവര്‍ക്ക് ലിങ്ക് ചെയ്യാന്‍ സാധിക്കുന്നില്ല. വിവാഹ ശേഷം ഭര്‍ത്താവിന്റെ പേര് സ്വന്തം പേരിനൊപ്പം കൂട്ടിച്ചേര്‍ത്ത സ്ത്രീകള്‍ക്കും ഏതെങ്കിലും ഒരു രേഖയില്‍ പഴയ പേരാണെങ്കില്‍ ആധാര്‍-പാന്‍ ലിങ്കിങ് സാധ്യമാവില്ല. ഇതുവരെ പാന്‍ കാര്‍ഡ് എടുക്കാത്ത പ്രവാസികള്‍ക്കും ഇക്കുറി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണം ദുഷ്കരമാവും. 
 

click me!