ഷാങ്ഹായ്, ബീജിങ് എന്നിവടങ്ങള്‍ വഴിയും ചൈന വന്‍തോതില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഹോങ്കോങ് വഴിയുള്ള കണക്കുകള്‍ വിപണിയിലെ വലിയ മാറ്റമായാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളായ ചൈന സ്വര്‍ണ്ണശേഖരം കുത്തനെ ഉയര്‍ത്തുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് നവംബറില്‍ ഹോങ്കോങ് വഴിയുള്ള ചൈനയുടെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ നൂറ് ശതമാനത്തിലധികം (101.5%) വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഹോങ്കോങ് സെന്‍സസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്.

ഇറക്കുമതി ഇരട്ടിയായി

നവംബറില്‍ ഹോങ്കോങ് വഴി മാത്രം 16.16 മെട്രിക് ടണ്‍ സ്വര്‍ണ്ണമാണ് ചൈനയിലേക്ക് എത്തിയത്. ഒക്ടോബറില്‍ ഇത് 8.02 ടണ്‍ മാത്രമായിരുന്നു. ഷാങ്ഹായ്, ബീജിങ് എന്നിവടങ്ങള്‍ വഴിയും ചൈന വന്‍തോതില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഹോങ്കോങ് വഴിയുള്ള കണക്കുകള്‍ വിപണിയിലെ വലിയ മാറ്റമായാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്.

എന്തുകൊണ്ട് ഈ വര്‍ധന?

ചൈനീസ് പുതുവര്‍ഷം പ്രമാണിച്ച് വരും മാസങ്ങളില്‍ സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ കൂടുമെന്ന പ്രതീക്ഷയിലാണ് നവംബറില്‍ ഇറക്കുമതി വര്‍ധിപ്പിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ നില്‍ക്കുന്നതിനാല്‍ ചൈനീസ് വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. ഇത് മറികടക്കാന്‍ വിദേശ വിപണിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ( ചൈനയില്‍ സ്വര്‍ണ്ണം വിറ്റഴിച്ചതും ഇറക്കുമതി കൂടുവാന്‍ കാരണമായി.

കരുതല്‍ ശേഖരത്തിലും വര്‍ധന

സ്വര്‍ണ്ണത്തോടുള്ള ചൈനീസ് സെന്‍ട്രല്‍ ബാങ്കിന്റെ താല്പര്യവും കുറഞ്ഞിട്ടില്ല. തുടര്‍ച്ചയായ പതിമൂന്നാം മാസവും ചൈന തങ്ങളുടെ കരുതല്‍ സ്വര്‍ണ്ണശേഖരം വര്‍ധിപ്പിച്ചു. നവംബര്‍ അവസാനത്തെ കണക്കുപ്രകാരം 74.12 ദശലക്ഷം ഔണ്‍സ് സ്വര്‍ണ്ണമാണ് ചൈനയുടെ കൈവശമുള്ളത്. ഈ വര്‍ഷം സ്വര്‍ണ്ണവിലയില്‍ ഏകദേശം 72 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 1979-ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണിത്. കഴിഞ്ഞ വെള്ളിയാഴ്ച ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 4,549.71 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു.

പ്രധാന കാരണങ്ങള്‍:

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ വരുത്തുന്ന ഇളവ്.

ആഗോളതലത്തിലെ യുദ്ധ സാഹചര്യങ്ങളും രാഷ്ട്രീയ അസ്ഥിരതയും.

ഡോളറിന് പകരമായി സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ താല്പര്യം.