ലോക സമ്പദ്‍വ്യവസ്ഥയെ ശ്വാസംമുട്ടിച്ച് യുഎസ്- ചൈന വ്യാപാരയുദ്ധം

By Web DeskFirst Published Jul 11, 2018, 12:22 AM IST
Highlights
  • ആഗോള സപ്ലൈ ചെയിന്‍ സംവിധാനം താറുമാറായി

ദില്ലി: ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ചുതുടങ്ങിയിട്ടും വ്യാപാരയുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി യുഎസ്സും ചൈനയും. വ്യാപാരയുദ്ധം കടുത്തതോടെ ഇന്ത്യന്‍ രൂപയടക്കമുളള നാണയങ്ങളുടെയെല്ലാം മൂല്യം കുത്തനെ ഇടിയുകയാണ്. 

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഔദ്യോഗികമായി യുഎസ് പ്രസിഡന്‍റ് ഡെണാള്‍ഡ് ട്രംപ് വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചത്. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 34 ബില്യണ്‍ ഡോളറിന്‍റെ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയാണ് യുഎസ് ഏര്‍പ്പെടുത്തിയത്. ഇതിനുളള മറുപടിയായി 34 ബില്യണ്‍ തന്നെ മൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും ഏറ്റവും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തി. 

കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്ന് യുഎസ്സിലേക്ക് ഇറക്കുമതി ചെയ്തത് ഏകദേശം 550 ബില്യണ്‍ ഡോളറിന്‍റെ ഉല്‍പ്പന്നങ്ങളാണ്. ഇതേ തുകയ്ക്കുളള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് ഉറപ്പിച്ച് പറയുക കൂടി ചെയ്തതോടെ വ്യാപരയുദ്ധം അതിന്‍റെ എല്ലാ സീമകളും ലംഘിച്ച് മുന്നോട്ട് പോകുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഇന്ത്യയെപ്പോലെയുളള രാജ്യങ്ങള്‍ ഏറ്റവും അപകടകരമായ ഈ സാഹചര്യത്തെ സസൂഷ്മം ഇപ്പോള്‍ നിരീക്ഷിച്ചു വരികയാണ്. വ്യാപാരയുദ്ധം കടുത്തതോടെ ചൈനീസ് കറന്‍സിയായ യുവാന്‍റെ മൂല്യത്തില്‍ വലിയ തോതിലാണ് ഇടിവ് പ്രകടമാകുന്നത്. ആഗോള തലത്തിലെ സപ്ലൈ ചെയിനിനെ  വ്യാപാരയുദ്ധം അപകടത്തിലാക്കിയിട്ടുണ്ട്.

click me!