വെല്ലുവിളിക്കുന്ന അമേരിക്കയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യയെ കൂട്ടുപിടിച്ച് വെനസ്വേല

By Web TeamFirst Published Feb 13, 2019, 3:17 PM IST
Highlights

വെനസ്വേലയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് വലിയ താല്‍പര്യമാണുളളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങള്‍ നിറവേറുന്നതിനും ഇന്ത്യയുമായുളള വ്യാപാര ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും എല്ലാ സംവിധാനങ്ങളും മാര്‍ഗങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാരക്കസ്: വെനസ്വേലന്‍ ഇന്ധന വിപണിക്ക് മേല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധത്തിന്‍റെ നഷ്ടം നികത്തുന്നതിനായി ഇന്ത്യയിലെ ഇറക്കുമതി അവസരങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ വെനസ്വേലന്‍ നീക്കം. ലോകത്ത് ഇന്ധന ഉപഭോഗത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലേക്കുളള ഇറക്കുമതി വലിയതോതില്‍ ഉയര്‍ത്തി അമേരിക്കന്‍ ഉപരോധത്തെ തകര്‍ക്കുകയാണ് വെനസ്വേലയുടെ ലക്ഷ്യം. 

അമേരിക്കന്‍ ഉപരോധത്തെ മറികടക്കാന്‍ ബാര്‍ട്ടര്‍ പേയ്മെന്‍റ് സംവിധാനത്തിലൂടെ ഇന്ത്യയിലേക്ക് കൂടുതല്‍ ഇന്ധനം കയറ്റുമതി ചെയ്യാനാണ് വെനസ്വേല ആലോചിക്കുന്നതെന്ന് വെനസ്വേല ഇന്ധനകാര്യ വകുപ്പ് മന്ത്രി മാനുവല്‍ ക്വിവെഡോ അറിയിച്ചു. നിലവില്‍ 300,000 ബിപിഡി (ബാരല്‍സ് പെര്‍ ഡേ) നിരക്കിലാണ് വെനസ്വേലയിന്‍ നിന്ന് ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം വെനസ്വേലയില്‍ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്ന കമ്പനികളുമായി നടന്ന യോഗ ശേഷം ക്വിവെഡോ ഇന്ത്യയിലേക്കുളള എണ്ണകയറ്റുമതിയെക്കുറിച്ച് ആവേശത്തോടെയാണ് പ്രതികരിച്ചത്. 

വെനസ്വേലയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് വലിയ താല്‍പര്യമാണുളളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങള്‍ നിറവേറുന്നതിനും ഇന്ത്യയുമായുളള വ്യാപാര ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും എല്ലാ സംവിധാനങ്ങളും മാര്‍ഗങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റിന്‍റെ ഉടമസ്ഥതതയിലുളള നരയ എനര്‍ജി എന്നീ കമ്പനികള്‍ വെനസ്വേലയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പുറത്താക്കാനായി സര്‍ക്കാര്‍ ഉടമസ്ഥതതയിലുളള പിഡിവിഎസ്എ എന്ന എണ്ണക്കമ്പനിക്ക് മേല്‍ അമേരിക്ക കടുത്ത ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാര്‍ട്ടര്‍ രീതിയിലുളള ഇന്ധന ഇറക്കുമതി വെനസ്വേലയുമായുളള വ്യാപാരബന്ധം സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യയെ സഹായിക്കും. എന്നാല്‍, ഇന്ത്യയില്‍ നിന്ന് വെനസ്വേലയിലേക്കുളള കയറ്റുമതി വളരെ കുറവാണ്. 

2017- 18 സാമ്പത്തിക വര്‍ഷം വെനസ്വേലയില്‍ നിന്ന് 587 കോടി ഡോളറിന്‍റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അതേസമയം ഇന്ത്യ വെനസ്വേലയിലേക്ക് കയറ്റുമതി ചെയ്തത് 793 ലക്ഷം ഡോളറിന്‍റെ ഉല്‍പ്പന്നങ്ങള്‍ മാത്രവും. ഇന്ത്യയില്‍ നിന്ന് കൂടുതലും മരുന്നുകളാണ് വെനസ്വേല ഇറക്കുമതി ചെയ്യുന്നത്. 
 

click me!