ജിയോയും മുട്ടുമടക്കേണ്ടി വരും; 2018ഓടെ രാജ്യം കാണാനിരിക്കുന്നത് അമ്പരപ്പിക്കുന്ന മുന്നേറ്റങ്ങള്‍

By Web DeskFirst Published Jul 27, 2017, 7:48 AM IST
Highlights

മുംബൈ: റിലയന്‍സ് ജിയോയുടെ വരവോടെ കാര്യങ്ങള്‍ മാറിമറിഞ്ഞ ടെലികോം മേഖലയില്‍ അമ്പരപ്പിക്കുന്ന പുതിയ മാറ്റങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. രാജ്യത്ത് ഏറ്റവുമധികം ഉപഭോക്താക്കളുള്ള എയര്‍ടെല്‍ ഉള്‍പ്പെടെ മറ്റെല്ലാം കമ്പനികളെയും വെള്ളം കുടിപ്പിക്കുന്ന ജിയോയ്ക്കും പുതിയ സാഹചര്യങ്ങളില്‍ മുട്ടുമടക്കേണ്ടി വന്നേക്കും.

ഈ സാമ്പത്തിക വര്‍ഷം തന്നെ കേരളത്തിലടക്കം 4-ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് ബി.എസ്.എന്‍.എല്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പ്ലാനുകളുടെ കാര്യത്തില്‍ ജിയോയെ വെല്ലുവിളിക്കാന്‍ ഇപ്പോള്‍ തന്നെ ബി.എസ്.എന്‍.എല്ലിന് കഴിയുന്നുണ്ടെങ്കിലും 4-ജി വേഗതയില്ലാത്തതാണ് ഉപഭോക്താക്കളെ പിന്നോട്ട് വലിക്കുന്നത്. പ്രധാന നഗരങ്ങളില്‍ 4-ജി സേവനം ആരംഭിക്കുന്നതിനോടൊപ്പം ഇവിടങ്ങളില്‍ ഇപ്പോഴുള്ള 3-ജി സൗകര്യം മറ്റിടങ്ങളിലേക്ക് നല്‍കും. ഇതോടെ വേഗതയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന പരാതി ബി.എസ്.എന്‍.എല്‍ അവസാനിപ്പിക്കും. തിരക്കേറിയ നഗരങ്ങളില്‍ മൊബൈല്‍ നെറ്റ്‍വര്‍ക്കിനെ തന്നെ ആശ്രയിക്കുന്നതിന് പകരം, വൈഫൈ ഹോട്ട്‍ സ്പോട്ടുകള്‍ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഇതിന് പുറമേയാണ് 2018ഓടെ ഐഡിയ-വോഡഫോണ്‍ കമ്പനികളുടെ ലയനം പൂര്‍ത്തിയാകുമെന്ന് ഇരു കമ്പനികളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ലയനത്തിന് കോംപറ്റീഷന്‍ കമ്മീഷന്റെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. സെക്യൂരിറ്റീസ് ആന്റ് എക്സ്‍ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എല്‍.സി.എല്‍.ടി) എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതി കൂടി ഇനി ലഭിക്കേണ്ടതുണ്ട്. രാജ്യത്ത് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന വോഡഫോണും ഐഡിയയും ഒന്നാകുമ്പോള്‍ ആകെ വിപണി വിഹിതത്തിന്റെ 41 ശതമാനവും ഇവരുടെ കൈയ്യിലാവും. ജിയോ പോലുള്ള ശക്തരായ എതിരാളികളെ തളയ്ക്കാന്‍ ലക്ഷ്യമിടുന്ന ദീര്‍ഘകാല പരിപാടികള്‍ക്കാണ് ഇരു കമ്പനികളും പദ്ധതിയിടുന്നത്.

വലിയ വില നല്‍കി ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്ന ഇന്ത്യക്കാര്‍ക്ക് തുശ്ചമായ നിരക്കിലും സൗജന്യമായുമൊക്കെ അതിവേഗ ഇന്റര്‍നെറ്റ് സേവനം എത്തിച്ചതിന്റെ ക്രെഡിറ്റ് ജിയോയ്ക്ക് സ്വന്തമാണ്. തുടര്‍ന്ന് മറ്റ് കമ്പനികളെല്ലാം വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. മത്സരം കൂടുതല്‍ കനക്കുമ്പോള്‍ ഉപഭോക്താവിന് അത് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ.

click me!