വീണ്ടും നോട്ടുനിരോധനം? ചോദ്യങ്ങളോട് പ്രതികരിക്കാതെ ധനകാര്യ മന്ത്രി

By Web DeskFirst Published Jul 26, 2017, 6:11 PM IST
Highlights

ദില്ലി: പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വീണ്ടുമൊരു നോട്ട് നിരോധനം സംബന്ധിച്ച ആശങ്കകള്‍ ഉയരുന്നു. നേരത്തെ 500, 1000 രൂപാ നോട്ടുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്‍വലിച്ചത് പോലെ പുതിയ 2000 രൂപാ നോട്ടുകളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. ഇക്കാര്യം പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിച്ചെങ്കിലും വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പുതുതായി പുറത്തിറക്കിയ 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോയെന്നാണ് ഇന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ഇതിനോട് മൗനം പാലിച്ചു. പ്രതിപക്ഷത്ത് നിന്ന് നിരവധിപ്പേര്‍ മന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജെയ്റ്റ്‍ലി വഴങ്ങിയില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി 2000 രൂപാ നോട്ടുകള്‍ വിപണികളില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് വിവിധ രംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം സൂക്ഷിച്ചുവെയ്ക്കുന്നതിനായി ആളുകള്‍ 2000 രൂപാ നോട്ടുകള്‍ ഉപയോഗിക്കുന്നുവെന്ന വിശദീകരണവുമുണ്ട്. ഇതിനിടെയാണ് റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കുകളിലേക്ക് 2000 രൂപാ നോട്ടുകളുടെയും വിതരണം കുറഞ്ഞത്. 2000 രൂപയുടെ അച്ചടി റിസര്‍വ് ബാങ്ക് പൂര്‍ണ്ണമായും നിര്‍ത്തിയെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 

നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകള്‍ വഴി തിരിച്ചെത്തിയ 500, 1000 രൂപാ നോട്ടുകളുടെ കണക്കുകള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നോട്ടുകള്‍ ഇതുവരെ എണ്ണിത്തീര്‍ന്നില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നതെങ്കിലും കള്ളപ്പണം തടയുകയെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പൊളിഞ്ഞതുകൊണ്ടാണ് കണക്ക് പുറത്തുവിടാത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നേരത്തെയുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകളെക്കാള്‍ എളുപ്പത്തില്‍ പുതിയ 2000 രൂപ നോട്ടുകളുപയോഗിച്ച് വന്‍തുകകള്‍ സൂക്ഷിച്ച് വെയ്ക്കാനും നിയമവിരുദ്ധമായി കൈമാറ്റം ചെയ്യാനും കഴിയുമെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് 2000 രൂപയുടെ വിനിമയം കുറച്ച ശേഷം പൂര്‍ണ്ണമായും പിന്‍വലിച്ചേക്കുമെന്ന വിലയിരുത്തലുകള്‍ വരുന്നത്.

എന്നാല്‍ ചില്ലറ ക്ഷാമം അടക്കം പരിഗണിച്ച് ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ കൂടുതലായി പുറത്തിറക്കാനാണ് 2000 രൂപയുടെ അച്ചടി നിര്‍ത്തിയതെന്നും വിശദീകരണമുണ്ട്. ഇതിനോടകം അച്ചടി പൂര്‍ത്തിയായ 200 രൂപാ നോട്ടുകള്‍ക്കൊപ്പം 500, 100 രൂപാ നോട്ടുകളും കൂടുതലായി അച്ചടിച്ച് വിതരണം ചെയ്യാനാണ് റിസര്‍വ് ബാങ്ക് പദ്ധതിയിടുന്നതെന്നാണ് വിശദീകരണം. എന്നാല്‍ പുതിയ 200 രൂപാ നോട്ടുകള്‍ എ.ടി.എം മെഷീനുകള്‍ വഴി ഉടനെ വിതരണം ചെയ്യാന്‍ കഴിയില്ല. രാജ്യത്തെ രണ്ട് ലക്ഷത്തോളം എ.ടി.എമ്മുകള്‍ പുനഃക്രമീകരിച്ച ശേഷമേ ഇത് സാധ്യമാകൂ. എന്തായാലും ഇനിയൊരും നോട്ട് നിരോധനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പോലും സര്‍ക്കാര്‍ മറുപടി പറയാത്തതിനാല്‍ ആശങ്കകള്‍ അതുപോലെ നിലനില്‍ക്കുകയാണ്.

click me!