
ദില്ലി: ഫ്രെബ്രുവരി ഒന്നിന് ഇടക്കാല ധനമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിക്കുന്നത് വോട്ട് ഓണ്‍ അക്കൗണ്ടോ അതോ ഇടക്കാല ബജറ്റോ?, രാജ്യം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റിന്‍റെ സ്വഭാവമുളള ഇടക്കാല ബജറ്റുമായി വെളളിയാഴ്ച സഭയിലെത്താനാണ് സാധ്യത.
നിശ്ചിതവും പരിമിതവുമായ കാലത്തേക്ക് സഞ്ചിത നിധിയില്‍ നിന്ന് തുക പിന്‍വലിച്ച് ചെലവ് ചെയ്യാന്‍ പാര്‍ലമെന്‍റിന്‍റെ അനുമതി അഭ്യര്‍ഥിച്ച് അവതരിപ്പിക്കുന്ന രേഖയാണ് വോട്ട് ഓണ്‍ അക്കൗണ്ട്. വോട്ട് ഓണ്‍ അക്കൗണ്ടില്‍ നികുതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളോ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളോ ഉണ്ടാകില്ല.
ഇടക്കാല ബജറ്റാണ് തയ്യാറാക്കുന്നതെങ്കില്‍ അതില്‍ ക്ഷേമ പദ്ധതികളും നികുതി ഇളവുകളും ഉള്‍പ്പെടുത്താനാകും. ഇടക്കാല ബജറ്റില്‍ ചെലവുകള്‍ക്കൊപ്പം വരവ് സംബന്ധിയായ കണക്കുകളും സര്‍ക്കാരിന് ഉള്‍പ്പെടുത്തേണ്ടി വരും.