കച്ചവടം ഉറപ്പിച്ചു; ഫ്ലിപ്പ്കാര്‍ട്ടിന് പുതിയ മുതലാളി വരുന്നു...!!!

By Web DeskFirst Published May 3, 2018, 1:25 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന് 2000 കോടി ഡോളറിന്റെ വിപണി മൂല്യമാണ് കണക്കാക്കുന്നത്. 

ഓണ്‍ലൈന്‍ വ്യാപാര കമ്പനി ഫ്ലിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള വാള്‍മാര്‍ട്ടിന്‍റെ ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍. ആമസോണില്‍ നിന്നുള്ള വെല്ലുവിളി അതിജീവിച്ചാണ് വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കാനൊരുങ്ങുന്നത്.

അമേരിക്കന്‍ ചില്ലറ വില്‍പ്പന ഭീമന്‍ വാള്‍മാര്‍ട്ട്, ഫ്ലിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ മാസങ്ങളായി നടത്തിവരികയാണ്. ഏറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ഫ്ലിപ്കാര്‍ട്ടില്‍ താല്‍പര്യം പ്രകടിപ്പിച്ച് മറ്റൊരു അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ രംഗത്തെത്തിയത്. ഏകദേശം 1200 കോടി ഡോളറാണ് ഫ്ലിപ്കാര്‍ട്ടിന്റെ 60 ശതമാനം ഓഹരികള്‍ക്കായി ഇരു കമ്പനികളും വാഗ്ദാനം ചെയ്തത്. ഇതിനുപുറമേ വാള്‍മാര്‍ട്ടുമായുള്ള ഇടപാട് റദ്ദാക്കുകയാണെങ്കില്‍ പ്രത്യേകമായി 200 കോടി ഡോളര്‍ നല്‍കാമെന്ന വാഗ്ദാനവും ആമസോണ്‍ നല്‍കി. 

എന്നാല്‍ ആമസോണിന്റെ അവസാന നിമിഷത്തെ അപ്രതീക്ഷിത വാഗ്ദാനം വാള്‍മാര്‍ട്ട് അതിജീവിച്ചെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഫ്ലിപ്കാര്‍ട്ടിലെ പ്രധാന നിക്ഷേപകരായ സോഫ്റ്റ്ബാങ്കുമായി ഉണ്ടാക്കിയ ധാരണയിലൂടെയാണ് ആമസോണിന്റെ വാഗ്ദാനം വാള്‍മാര്‍ട്ട് അതിജീവിച്ചതെന്നാണ് സൂചന. വാള്‍മാര്‍ട്ട്, ഫ്ലിപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്നതില്‍ സോഫ്റ്റ്ബാങ്കിന് മാത്രമായിരുന്നു എതിര്‍പ്പ്. വിലയില്‍ ധാരണയുണ്ടാകാത്തതായിരുന്നു പ്രശ്നം. ചര്‍ച്ചകളിലൂടെ ഈ പ്രതിസന്ധിയും വാള്‍മാര്‍ട്ട് മറികടന്നുവെന്നാണ് സൂചന. ഒത്തുതീര്‍പ്പ് ഫോര്‍മുല എന്തായിരുന്നുവെന്ന് മൂന്ന് കമ്പനികളും വ്യക്തമാക്കുന്നില്ല. 

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന് 2000 കോടി ഡോളറിന്റെ വിപണി മൂല്യമാണ് കണക്കാക്കുന്നത്. 

click me!