റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം; അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?

By Web DeskFirst Published Oct 21, 2017, 7:16 PM IST
Highlights

ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ നന്പറുകള്‍ ബന്ധിപ്പിക്കണമെന്ന് ഇന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ക്ക് അറുതിയായിരിക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടി ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന തരത്തില്‍ ഇന്നലെ വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്ന് ആധാറുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ പരക്കുന്നതിനിടെ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് തന്നെ വ്യക്തത വരുത്തി. ഈ വര്‍ഷം ജൂണ്‍ ഒന്നിന് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത, കള്ളപ്പണം തടയല്‍ നിയമപ്രകാരം എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

2017 ഡിസംബര്‍ 31 വരെയാണ് ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സമയപരിധി അനുവദിച്ചിരിക്കുന്നത്. ഇതിന് ശേഷവും ആധാറുമായി ബന്ധിപ്പിക്കപ്പെടാത്ത അക്കൗണ്ടുകള്‍ ഉപയോഗ രഹിതമായി മാറും. ബാങ്കുകളില്‍ നിന്ന് ഇപ്പോള്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നവരില്‍ നിന്ന് നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ വാങ്ങുന്നുണ്ട്.  നേരത്തെയുള്ള അക്കൗണ്ട് ഉടമകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ആധാര്‍ രേഖകള്‍ നല്‍കണമെന്ന് ബാങ്കുകള്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട്. 

ആധാര്‍ ബന്ധിപ്പിക്കാത്ത അക്കൗണ്ടുകള്‍ 2018 ജനുവരി ഒന്നു മുതല്‍ ഒരു തരത്തിലും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും നിലപാട്. അക്കൗണ്ടിലേക്ക് പണമിടാനോ എടുക്കാനോ ട്രാന്‍സ്ഫര്‍ ചെയ്യാനോ സാധിക്കില്ല. ബാങ്ക് അക്കൗണ്ടുകള്‍ വഴി ശമ്പളം വാങ്ങുന്നവര്‍ക്ക് അത് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല. എ.ടി.എം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കാനോ കാര്‍ഡ് സ്വൈപ് ചെയ്ത് സാധനങ്ങള്‍ വാങ്ങാനോ കഴിയിയില്ല. എന്നാല്‍ ആധാര്‍ നമ്പര്‍ ബാങ്കില്‍ ഹാജരാക്കി ഇത്തരത്തില്‍ ഉപയോഗ രഹിതമായ അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം.

click me!