ത്രില്ലടിപ്പിച്ച് സൈജു കുറുപ്പും ടീമും; 'ആരം' റിവ്യൂ

Published : Sep 25, 2026, 03:10 PM IST
Aaram malayalam movie review saiju kurup

Synopsis

സിഐ ആന്‍റോ ഈപ്പന്‍റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവവും തുടർന്ന് യഥാർത്ഥ പ്രതികളെ കണ്ടെത്താൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ പ്രമേയം

മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് സൈജു കുറുപ്പ്. ഫീല്‍ ഗുഡ്, ഹ്യൂമര്‍ വേഷങ്ങളിലെത്തിയാണ് അദ്ദേഹം ലഭിച്ച കൈയടികളില്‍ കൂടുതലും നേടിയിട്ടുള്ളത്. സൈജു കുറുപ്പിനെ ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു പൊലീസ് റോളില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ആരം. രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സിഐ ആന്‍റോ ഈപ്പന്‍ എന്ന റോളിലാണ് അദ്ദേഹം എത്തിയിരിക്കുന്നത്. പോസ്റ്ററുകളിലും മറ്റ് പ്രൊമോഷണല്‍ മെറ്റീരിയലുകളിലും നല്‍കപ്പെട്ടിരുന്ന സൂചന പോലെ ഒരു ടഫ് പൊലീസ് റോളില്‍ എത്തുമ്പോള്‍ സൈജു കുറുപ്പിലെ അഭിനേതാവ് എങ്ങനെയുണ്ടാവും എന്നറിയാനുള്ള കൗതുകമായിരുന്നു ആരം എന്ന ചിത്രത്തിന്‍റെ യുഎസ്‍പി.

ഒരു സിംഗിള്‍ പാരന്‍റ് ആണ് ആന്‍റോ ഈപ്പന്‍. തന്‍റെ അസാന്നിധ്യത്തില്‍ മകനെ നോക്കാന്‍ വിശ്വസ്തയായ ഒരു ആയയെ നിയമിച്ചിട്ടുണ്ട് അദ്ദേഹം. ജോലിയില്‍ അങ്ങേയറ്റം കണിശക്കാരനും ടഫും ആണെങ്കില്‍ പേഴ്സണല്‍ ലൈഫില്‍ മകനൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ലവബിള്‍ ഫാദറാണ് അദ്ദേഹം. മേലുദ്യോഗസ്ഥരുടെ ശുപാര്‍ശകള്‍ ഫോണ്‍ കോള്‍ ആയി എത്തുന്നതിന് മുന്‍പ് തന്‍റെ ബോധ്യത്തിനനുസരിച്ച് ന്യായത്തിന്‍റെ പക്ഷത്ത് നിന്നുകൊണ്ട് എഫ്ഐആര്‍ ഇടാന്‍ ശുഷ്കാന്തി കാട്ടാറുള്ള ആന്‍റോ ഈപ്പന്‍ അതിനാല്‍ത്തന്നെ ചില സീനിയര്‍ ഓഫീസേഴ്സിന്‍റെ കണ്ണിലെ കരടാണ്. കരിയറും മകനുമൊത്തുള്ള പേഴ്സണല്‍ ലൈഫുമൊക്കെയായി നേര്‍രേഖയില്‍ പോകുന്ന അയാളുടെ സാധാരണ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവം നടക്കുകയാണ്. ഇത്രകാലവും അയാള്‍ കൊണ്ടുനടന്ന വിശ്വാസ്യതയെപ്പോലും തകര്‍ക്കുന്ന തുടര്‍ സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്. എന്ത് വില കൊടുത്തും ഒരു കേസിലെ യഥാര്‍ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരിക ആന്‍റോ ഈപ്പനെ സംബന്ധിച്ച് അങ്ങേയറ്റം മൂല്യവത്തായി മാറുന്നു. ആരം എന്ന സിനിമയുടെ പ്ലോട്ട് ഇതാണ്.

സൈജു കുറുപ്പിന്‍റെ റഫ് ആന്‍ഡ് ടഫ് പൊലീസ് വേഷം തന്നെയാണ് ആരത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. അധികം സിനിമാറ്റിക് ആവാതെ റിയലിസ്റ്റിക് ആയ അവതരണശൈലിയാണ് സംവിധായകന്‍ രജീഷ് പരമേശ്വരന്‍ കൈക്കൊണ്ടിരിക്കുന്നത്. അത് തന്നെയാണ് സിഐ ആന്‍റോ ഈപ്പന്‍റെ ലോകത്തിലേക്ക് നമ്മളെ വേഗത്തില്‍ അടുപ്പിക്കുന്നതും. സിഐ റാങ്കില്‍ ഉള്ള ആളാണെങ്കിലും ഉള്ള് കൊണ്ട് ഒരു സാധാരണക്കാരനായ ആന്‍റോയെ മികച്ച രീതിയില്‍ സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട് അദ്ദേഹം. അയല്‍പക്കത്തെ ചേട്ടന്‍ ഇമേജില്‍ നിന്നുള്ള സൈജുവിന്‍റെ വഴിമാറി നടത്തം കൂടിയാണ് ഈ കഥാപാത്രം. അത് തന്നെയാവും ഈ പ്രോജക്റ്റിലേക്ക് അദ്ദേഹത്തെ എത്തിച്ചതും. സൈജു കുറുപ്പ് കഴിഞ്ഞാല്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സിദ്ദിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഷഹീന്‍ സിദ്ദിഖ് എന്നിവരാണ്. ഇവരെല്ലാവരും പൊലീസ് യൂണിഫോമിലുമാണ്. ഇതില്‍ സൈജു കഴിഞ്ഞാല്‍ അഭിനേതാവ് എന്ന തരത്തില്‍ ഏറ്റവും സ്കോര്‍ ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുന്നത് സുധീഷിനാണ്. ഇത്ര കാലത്തെ അഭിനയ പരിചയം തന്നിലെ നടന് എത്തരത്തിലാണ് മുതല്‍ക്കൂട്ടായിരിക്കുന്നതെന്ന് സുധീഷ് സ്ക്രീനില്‍ കാണിച്ചിട്ടുണ്ട്.

ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന് ആ മൂഡ് ഉടനീളം പകര്‍ന്നിരിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചിരിക്കുന്നത് ഛായാഗ്രാഹകന്‍ ജിത്തു ദാമോദറാണ്. ‘കിനാവള്ളി’ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച വിഷ്ണു രാമചന്ദ്രനാണ് ആരത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വി സാജന്‍റെ എഡിറ്റിംഗ് ചിത്രത്തിന്‍റെ ത്രില്ലര്‍ സ്വഭാവത്തെ നന്നായി മിനുക്കിയിട്ടുണ്ട്. രോഹിത് ഗോപാലകൃഷ്ണനാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ഒരിടത്ത് പോലും മുഴച്ച് നില്‍ക്കാത്ത രീതിയില്‍ ഈ ത്രില്ലര്‍ ചിത്രത്തിന് ചേര്‍ന്ന രീതിയിലുള്ള സംഗീതമാണ് രോഹിത്തിന്‍റേത്. പൊലീസ് സ്റ്റോറികളും ത്രില്ലറുകളും ഇഷ്ടപ്പെടുന്ന പ്രേക്ഷകരാണ് ആരത്തിന്‍റെ ടാര്‍ഗറ്റ് ഓഡിയന്‍സ്. അത്തരം സിനിമാപ്രേമികളെ നിരാശരാക്കാത്ത രീതിയില്‍ വൃത്തിയായി പാക്ക് ചെയ്ത ത്രില്ലര്‍ ആണ് ആരം.

PREV
Read more Articles on
click me!

Recommended Stories

കാരിക്കാമുറി ഷണ്മുഖനും ഡിഎസ്പി ബാലഗോപാലും പിന്നയാ പിള്ളേരും!; തിയേറ്ററിൽ ആവേശം തീർത്ത് 'ലോ ആൻഡ് ഓർഡർ'; റിവ്യൂ
പ്രകടന മികവിൽ സം​ഗീത് പ്രതാപും ഷറഫുദ്ദീനും; 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' റിവ്യു