
മലയാളത്തിലെ എക്കാലത്തെയും വലിയ മാസ്, കൊമേർഷ്യൽ വിജയങ്ങൾക്ക് തൂലിക ചലിപ്പിച്ച രഞ്ജിത്തിൻ്റെ സംവിധാനത്തിൽ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ചിത്രമാണ് 'ലോ ആൻഡ് ഓർഡർ'. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന മുഴുനീള ചിത്രത്തിൽ അദ്ദേഹത്തിൻ്റെ തന്നെ ഒരു കൾട്ട് കഥാപാത്രം കാമിയോ വേഷത്തിൽ എത്തുന്നു എന്നത് സിനിമയുടെ ആദ്യ ഘട്ടം മുതലേ പ്രേക്ഷകർക്കിടയിൽ ചർച്ചയുമാണ്. വലിയ താരനിര അവകാശപ്പെടാനില്ലാത്ത സിനിമയുടെ പ്രധാന യുഎസ്പിയും ഇതുതന്നെ.
പേര് സൂചിപ്പിക്കും പോലെ കൊച്ചിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പൊലീസ് കഥയാണ് 'ലോ ആൻഡ് ഓർഡർ'. ഉദയകൃഷ്ണയുടെ തിരക്കഥയിൽ പ്രകാശ് വർമ്മയും പുതുമുഖങ്ങളായ ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ് എന്നിവരുമാണ് പ്രധാന വേഷങ്ങളിൽ. സ്വന്തം മൂല്യങ്ങളിൽ അടിയുറച്ച് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഡിവൈ.എസ്.പി. ബാലഗോപാൽ എന്ന പ്രകാശ് വർമ്മയുടെ കഥാപാത്രം. ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഭിരാമിയാണ്. കൊച്ചിയിലെ ഒരു പ്രധാന ഡ്രഗ് ഡീലർക്കെതിരെ കേസന്വേഷണവുമായി ചെല്ലുമ്പോഴാണ് ഇവരുടെ വ്യക്തി ജീവിതത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടാകുന്നത്.
പൊലീസ് അക്കാദമിയിൽ നിന്ന് പഠിച്ചിറങ്ങി ആദ്യ പോസ്റ്റിങ് നേടുന്ന പൊലീസുകാരാണ് ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ് എന്നിവരുടെ കഥാപാത്രങ്ങൾ. ഇവരുടെ വ്യക്തി ജീവിതത്തിലും ഇതേ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടാകുകയാണ്. തന്റെ ജീവിതം മോശം അവസ്ഥയിലെത്തിച്ചവരെ എതിരിടാൻ ബാലഗോപാലും ഈ യുവ പൊലീസുകാരും തീരുമാനിക്കുന്നതോടെ കഥ പുതിയ ഗതി സ്വീകരിക്കുന്നു. തങ്ങൾക്കും അതീതമായി കാര്യങ്ങൾ പോകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ സംഘം കാരിക്കാമുറി ഷണ്മുഖന്റെ സഹായം സ്വീകരിക്കുകയാണ്. തൻ്റെ ജീവിതം മാത്രമല്ല സമൂഹത്തിനു തന്നെ ആപത്തുണ്ടാക്കുന്ന ഈകൂട്ടർക്കെതിരെ ബാലഗോപാൽ നടത്തുന്ന പോരാട്ടമാണ് ‘ലോ ആൻഡ് ഓർഡർ’ എന്ന് പറയാം.
2004ൽ ആണ് രഞ്ജിത്ത് തിരക്കഥയും സംവിധാനവും നിർവഹിച്ച് മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ 'ബ്ലാക്ക്' തിയേറ്ററുകളിൽ എത്തുന്നത്. അതിലെ കാരിക്കാമുറി ഷണ്മുഖൻ എന്ന കാക്കിയിട്ട ഗുണ്ടാ കഥാപാത്രം പിന്നീട് വലിയ സ്വീകാര്യത നേടി. തുനിഞ്ഞിറങ്ങിയാൽ കേരള പൊലീസ് എന്ത് വിപത്തിനെയും തൂത്തെറിയാൻ പ്രാപ്തമായ ശക്തിയാണെന്ന് പറയുകയാണ് ചിത്രം. 'അമ്പലക്കര തെച്ചിക്കാവിൽ പൂരം' എന്ന ബ്ലാക്കിലെ പോപ്പുലർ പാട്ടിൻ്റെ അകമ്പടിയോടെയാണ് കാരിക്കാമുറി ഷണ്മുഖനെയും സഹായി മമ്മാലിയായി മോഹൻ ജോസിനെയും സംവിധായകൻ അവതരിപ്പിക്കുന്ന്ത്. ഷേർഷാ ഷെരീഫ്, ബോബി കുര്യൻ, വി.കെ. പ്രകാശ്, ദേവൻ, ആനന്ദ് മന്മഥൻ, ഭീമൻ രഘു, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ജോണി ആന്റണി, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, സാബുമോൻ, നന്ദു ഉൾപ്പെടെ ഒട്ടേറെ താരങ്ങളും ലോ ആൻഡ് ഓർഡറിൽ വേഷമിടുന്നുണ്ട്.സത്യം സിനിമാസ്, മഹാസുബൈർ മൂവി ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജിയും മഹാസുബൈറും ചേർന്നാണ് നിർമ്മാണം. തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഒരു ചെറിയ വേഷത്തിൽ ചിത്രത്തിലുണ്ട്.
ഉദയ് കൃഷ്ണയുടെ തിരക്കഥ പതിവ് ഫോർമുലകളിൽ ഉള്ളത് തന്നെയാണ്. ഒരു മാസ് എന്റർടെയ്‌നറിന് വേണ്ട ചേരുവകളോടെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രസംയോജനം മനോജ് കണ്ണോത്തും പശ്ചാത്തലസംഗീതം ബിജിബാലും നിർവഹിച്ചിരിക്കുന്നു. മാസ് എലമെൻ്റുകളെയും സമ്പന്നമായ ഫൈറ്റ് സീക്വൻസുകളെയും സംഗീതം കൂടുതൽ എലവേറ്റ് ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ ഷിബു ചക്രവർത്തിയുടെ വരികൾളിൽ ജോ ഡാനിയൽ സംഗീതം നൽകിയിരിക്കുന്നവയാണ്. ഫാമിലി ഇമോഷനും പൊലീസ് കഥയും ചേർത്ത ലോ ആൻഡ് ഓർഡറിന് കാരിക്കാമുറി ഷണ്മുഖൻ ഒരു മാസ് ആഡ് ഓൺ ആണ്. ആ വരവ് രണ്ടാമതൊന്ന് കാണാൻ ചിത്രത്തിന് ടിക്കറ്റെടുക്കാം.