
ശക്തമായ രാഷ്ട്രീയവും ആൺ സൗഹൃവും ചെറു പ്രണയവും നിറച്ചുള്ളൊരു ത്രില്ലർ ചിത്രം. ഇതാണ് മീശ എന്ന എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആകെത്തുക. അധികാരത്തിന്റെ മോൽമ്പൊടിയിൽ അരികുവത്ക്കരിക്കപ്പെടുന്ന ഒരു ജനതയുടെ, നല്ലതിന് വേണ്ടി ശബ്ദം ഉയർത്തുന്നവനെ നിശബ്ദനാക്കുന്ന മേലാളന്മാരുടെ നേർസാക്ഷ്യം കൂടിയാണ് ചിത്രം. വനത്തിന്റെ നിഗൂഢതയിൽ കഥ പറഞ്ഞ മീശ മികച്ചൊരു തിയറ്റർ അനുഭവം ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുക.
ഒരു ത്രില്ലർ ചിത്രമാണെന്ന് ധ്വനിപ്പിച്ച് കൊണ്ടാണ് മീശയുടെ ടൈറ്റിൽ കാർഡ് അടക്കം എഴുതിക്കാണിക്കുന്നത്. ഈ ത്രില്ലർ എലമെന്റ് ആദ്യാവസാനം വരെ മുന്നോട്ട് കൊണ്ടു പോകാൻ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ എംസി ജോസഫിന് സാധിച്ചിട്ടുണ്ട്. അനന്ദു, മിഥുന്‍, ഇമോദ് എന്നീ സുഹൃത്തുക്കളുടെ കഥയാണ് മീശ പറയുന്നത്. ജാതീയതയുടേയും അരികുവത്ക്കരണത്തിന്റേയും യാതൊരു അംശവും പറ്റാത്ത സുഹൃദ് ബന്ധം. ആ സൗഹൃദത്തിന് ഇടയിൽ രാഷ്ട്രീയ അധികാരത്തിന്റെ ഇടപെടൽ മൂലം വിള്ളലുണ്ടാകുന്നു. അതെങ്ങനെ സംഭവിച്ചു എന്നതാണ് ചിത്രം പറയുന്നത്. അധികാരം നിലനിർത്താനായി രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന വളഞ്ഞ വഴികളും മീശയിൽ വ്യക്തമായി തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.
മിഥുൻ എന്ന കഥാപാത്രമായി കതിർ എത്തുമ്പോൾ അനന്ദു ആയിട്ടെത്തിയത് ഹക്കീം ഷാ ആണ്. സുധി കോപ്പയാണ് ഇമോദ് ആയെത്തിയത്. ഒപ്പം ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച കിത്തോ എന്ന കഥാപാത്രവും ഉണ്ട്. ഈ കഥാപാത്രങ്ങൾ എന്താണെന്നും അവരുടെ ചുറ്റുപാടും എന്താണെന്നും ആദ്യമെ തന്നെ ചിത്രം കാട്ടിത്തരുന്നുണ്ട്. ഇവർ നാലുപേരും തങ്ങളുടെ വേഷങ്ങളെല്ലാം അതി മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്. കതിറിന്റെ ആദ്യ മലയാള സിനിമയാണെങ്കിലും അതിന്റെ യാതൊരുവിധ പോരായ്മകളും ആ കഥാപാത്രത്തിന് പറ്റിയിട്ടില്ല. രഘു എന്ന രാഷ്ട്രീയക്കാരനും നഗരസഭാ ചെയര്‍മാനുമായി ജിയോ ബേബിയും ഡയനാമിറ്റ് ബഷീര്‍ എന്ന കഥാപാത്രമായി ശ്രീകാന്ത് മുരളിയും മിന്നും പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
ത്രില്ലറാണെന്ന് സൂചിപ്പിച്ച് കൊണ്ട് പതിയെ തുടങ്ങുന്ന സിനിമ പോകെ പോകെ അതിന്റെ താളം കണ്ടെത്തി പ്രേക്ഷക മനസിൽ ഇടം നേടുന്നുണ്ട്. അതുതന്നെയാണ് തിക്കഥയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും. മുൻവിധികളെ മാറ്റി മറിച്ചു കൊണ്ട്, ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. കാടിന്റെ വന്യതയും മനുഷ്യ-മൃഗ വേട്ടയേയും ഒപ്പിയെടുത്ത് പ്രേക്ഷകരുടെ മുന്നിലെത്തിച്ച ഛായാഗ്രാഹകൻ സുരേഷ് രാജനും കയ്യടി അർഹിക്കുന്നു. കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സൂരജ് എസ് കുറുപ്പിന്റെ പാട്ടുകളും പശ്ചാത്തലസംഗീതവും ഏറെ സഹായിച്ചിട്ടുണ്ട്. നടന്‍ സഞ്ജു ശിവറാം ആണ് കതിറിന് ശബ്ദം നൽകിയിരിക്കുന്നത്. ആകെ മൊത്തത്തിൽ നിഗൂഢമായ മനുഷ്യമനസ്സിന്റെ ശിഥിലതകളും, സൗഹൃദങ്ങളും, പരസ്പര വിശ്വാസവും, സാഹോദര്യവുമെല്ലാം പ്രതിഫലിക്കുന്ന ഒരു അനുഭവമാണ് 'മീശ'.