ഇത് 'ഷെഫീക്കിന്റെ സന്തോഷം' മാത്രമല്ല, നൊമ്പരവും സ്വപ്നവും കൂടിയാണ് : റിവ്യു

By Web TeamFirst Published Nov 25, 2022, 2:22 PM IST
Highlights

'ദിസ് ഈസ് റാങ്, ലാജിക്കലാ തിങ്ക് പൻറാ' തുടങ്ങിയ നടൻ ബാലയുടെ ഡയലോഗുകൾ ട്രോളുകളിലും സമൂഹമാധ്യമങ്ങളിലും ഹിറ്റാണ്. അതേ ഡയലോഗുകളുമായി ബാല സ്ക്രീനിൽ എത്തിയപ്പോൾ, അത് തിയറ്ററുകളിൽ ചിരിപടർത്തി. 

രു പക്കാ ഫാമിലി എന്റർടെയ്നർ, 'ഷെഫീക്കിന്റെ സന്തോഷ'ത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. 'മേപ്പടിയാൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രമെന്ന നിലയിലാണ് ഷെഫീക്കിന്റെ സന്തോഷം ആദ്യം ചർച്ചകളിൽ ഇടംപിടിച്ചത്. കോമഡിക്കും ഇമോഷനും പ്രാധാന്യം നൽകിയിട്ടുള്ള ഫാമിലി ചിത്രമാണെന്ന് പിന്നാലെ വന്ന പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായിരുന്നു. കാത്തിരിപ്പുകൾക്ക് ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ, അത് ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നായി മാറി. കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടുള്ള ആദ്യ പകുതിയും മുൻവിധികളെ മാറ്റിമറിക്കുന്ന ട്വിസ്റ്റുകളുമായി എത്തിയ രണ്ടാം പകുതിയും പ്രേക്ഷകരിൽ ആകാംക്ഷയുളവാക്കി. 

തനിക്ക് ചുറ്റുമുള്ളവർക്ക് നന്മവരണം എന്ന് ആ​ഗ്രഹിക്കുന്ന, എല്ലാവരേയും ജീവനു തുല്യം സ്നേഹിക്കുന്ന, സുഹൃത്തുക്കളെ പൊന്നുപോലെ കൊണ്ടു നടക്കുന്ന, ഒത്തിരി സ്വപ്നങ്ങൾ ഉള്ളയാളാണ് ഷെഫീക്ക്. ആ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദനായി. നടൻ ബാല അവതരിപ്പിച്ച അമീർ എന്ന കഥാപാത്രവും ചിത്രത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഒരിടവേളക്ക് ശേഷം ബാല മനോഹരമാക്കിയ കഥാപാത്രമാണ് അമീർ എന്ന് നിസംശയം പറയാനാകും.

തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ വന്ന് താമസിക്കുന്ന കുടുംബമാണ് അമീറിന്റേത്. ഈ കഥാപാത്രത്തിന്റെ വിവാഹ ആലോചനയോടെയാണ് 'ഷെഫീക്കിന്റെ സന്തോഷം' തുടങ്ങുന്നത്. എന്നാൽ ദിവ്യ പിള്ള അവതരിപ്പിക്കുന്ന സൈനു എന്ന കഥാപാത്രത്തിന്റെ വീട്ടുകാർ തമ്മിലുള്ള വഴിതർക്കം അമീറിന്റെ വിവാഹാലോചന മുടക്കുന്നു. തുടക്കത്തിൽ തന്നെ നർമ്മത്തിന് പ്രാധാന്യം ഉള്ളതാകും ചിത്രമെന്ന് വെളിവാക്കുന്ന രം​ഗങ്ങളായിരുന്നു പിന്നീട് സ്ക്രീനിൽ നിറഞ്ഞത്. 'ദിസ് ഈസ് റാങ്, ലാജിക്കലാ തിങ്ക് പൻറാ' തുടങ്ങിയ നടൻ ബാലയുടെ ഡയലോഗുകൾ ട്രോളുകളിലും സമൂഹമാധ്യമങ്ങളിലും ഹിറ്റാണ്. അതേ ഡയലോഗുകളുമായി ബാല സ്ക്രീനിൽ എത്തിയപ്പോൾ, അത് തിയറ്ററുകളിൽ ചിരിപടർത്തി. 

ശേഷം കാണിക്കുന്നത് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഷെഫീക് എന്ന കഥാപാത്രത്തെയാണ്. ​ഗൾഫ് ആണ് കഥാപശ്ചാത്തലം. ഒപ്പം ജോലി ചെയ്യുന്ന യുവതിയെ നാട്ടിലേക്ക് അയക്കാനായി അറബിയോട് അഭ്യർത്ഥനയുമായി എത്തുന്ന ഷെഫീക്, അക്കാര്യം സോൾവ് ചെയ്യുന്നു. നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഷെഫീക്കിന്റെ ​ഗൾഫിലെ അടുത്ത സുഹൃത്താണ് നടനും അവതാരകനുമായ മിഥുൻ അവതരിപ്പിക്കുന്ന കഥാപാത്രം. നാട്ടിലെ ഒരു സുഹൃത്തിന് സമ്മാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ മൂന്നര വർഷം മുൻപുള്ള ഫ്ലാഷ് ബാക്കിലേക്കാണ് ചിത്രം പ്രേക്ഷകനെ പിന്നീട് കൊണ്ടുപോകുന്നത്. പൈൽസ് രോ​ഗം മൂലം ബുദ്ധിമുട്ടുന്ന ഷെഫീക്കിനെയാണ് അവിടെ കാണാൻ സാധിക്കുക. 

പൊതുവെ പുറത്തുപറയാൻ എല്ലാവരും മടിക്കുന്ന പൈൽസ് എന്ന രോ​ഗവുമായി കഴിയുന്ന ഒരു വ്യക്തിയുടെ മാനസിക സംഘർഷങ്ങളും ബുദ്ധിമുട്ടുകളും നർമ്മത്തിന്റെ അകമ്പടിയോടെ സിനിമ പറയുന്നു. സുഹൃത്തിനെ സഹായിക്കാനായി അമീർ, ചൈതന്യ ആയുർവേദ ആശുപത്രിയിലേക്ക് ഷെഫീക്കിനെ കൊണ്ടുപോകുന്നു. ഇവിടുത്തെ റിസപ്ഷനിസ്റ്റാണ് ആത്മീയ രാജൻ അവതരിപ്പിക്കുന്ന മെർളിൻ എന്ന കഥാപാത്രം. ഡോക്ടറായി എത്തുന്നത് മനോജ് കെ ജയൻ ആണ്. അഭിനയമോഹിയും സീരിയൽ നടനുമായ ഡോക്ടറെ മനോജ് കെ ജയൻ ഭദ്രമാക്കി. രോ​ഗം സുഖമായതിന് പിന്നാലെയാണ് ഷെഫീക്ക് ​ഗൾഫിലേക്ക് പോകുന്നത്. ഡോക്ടർക്കാണ് ഷെഫീക്ക് സമ്മാനം വാങ്ങുന്നത്. എന്നാൽ തിരികെ നാട്ടിലേക്ക് എത്തിയ ഷെഫീക്കിന്റെ ജീവിതത്തിൽ വലിയൊരു മാറ്റമായിരുന്നു ഈ സമ്മാനം കൊണ്ടുവന്നത്.

പിന്നാലെ എത്തുന്ന രണ്ടാം പകുതി പ്രേക്ഷകന്റെ മുൻവിധികളെ മാറ്റി മറിക്കുന്ന ട്വിസ്റ്റുകളാൽ സമ്പന്നമായിരുന്നു.  പ്രേക്ഷകന്റെ മനസിനെ തൊടുന്ന, കണ്ണുനനയിക്കുന്ന രം​ഗങ്ങളാൽ മുഖരിതമായ രം​ഗങ്ങൾ പ്രേക്ഷകനെ വേറൊരു തലത്തിൽ എത്തിച്ചു. 

നവാഗതനായ അനൂപ് പന്തളമാണ് ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച രീതിയിൽ തന്നെ ഷെഫീക്കിന്റെ കഥ സ്ക്രീനിൽ എത്തിക്കാൻ സംവിധായകനായിട്ടുണ്ട്. നൗഷാദ് എന്ന കഥാപാത്രമായി അനൂപും സിനിമയിൽ വേഷമിട്ടിരിക്കുന്നു. ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ച മറ്റ് നടീനടന്മാരും തങ്ങളുടെ ഭാ​ഗങ്ങൾ കൃത്യവും തന്മയത്വത്തോടും കൂടി ​ഗംഭീരമാക്കിയിട്ടുണ്ട്. ചെറിയൊരു സീനിൽ മാത്രമെ ഉള്ളൂവെങ്കിലും ഉണ്ണിയുടെ അച്ഛന്റെ സാമീപ്യവും ശ്രദ്ധിക്കപ്പെട്ടു.

ഉണ്ണി മുകുന്ദൻ തന്നെ പാടിയ രണ്ട് പാട്ടുകൾ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. എന്തായാലും കുടുംബത്തോടൊപ്പം തിയറ്ററിൽ വന്നിരുന്ന് കാണേണ്ട ചിത്രം തന്നെയാണെന്ന് ഷെഫീക്കിന്റെ സന്തോഷമെന്ന് അടിവരയിട്ടു പറയുന്നുണ്ട് പ്രേക്ഷകര്‍. ഷെഫീക്കിന്റെ മാത്രമല്ല, ഉണ്ണി മുകുന്ദൻ എന്ന നടന്റെയും നിർമാതാവിന്റെയും കൂടി സന്തോഷമാണിത്. 

ലക്കി സിങ്ങായി തകർത്താടിയ മോഹൻലാൽ; 'മോൺസ്റ്റർ' ഇനി ഒടിടിയിൽ

click me!