ഒരു അപകടത്തെ തുടർന്ന് പങ്കാളിയെ കാണാതാവുകയും പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോഡറിലേക്ക് വീഴുകയും ചെയ്യുന്ന നിത്യയുടെ കഥയാണ് ഫെയ്സസ്.
നവാഗതനായ നിലേഷ് ഇ കെ സംവിധാനം ചെയ്ത് കലേഷ് രാമാനന്ദും ഹന്ന റജി കോശിയും പ്രധാന വേഷങ്ങളിൽ എത്തിയ ത്രില്ലർ ചിത്രമാണ് ഫെയ്സസ്. ലിവിങ് റിലേഷൻഷിപ്പിൽ ആയ നിത്യയും മൈക്കിളും താമസിക്കുന്ന വീട്ടിൽ ഉണ്ടാകുന്ന ഒരു അപകടത്തെ തുടർന്ന് മൈക്കിളിനെ കാണാതാകുന്നു. നിത്യയ്ക്ക് ആ സംഭവത്തെത്തുടർന്നുണ്ടാകുന്ന ട്രോമയിൽ (പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോഡർ) അവൾക്കു മുന്നിൽ വരുന്ന പുരുഷന്മാരുടെ മുഖങ്ങൾ തിരിച്ചറിയാനാകാതെ പോകുന്നു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട നിത്യ പിന്നീട് കാണുന്ന പുരുഷന്മാർക്കെല്ലാം മൈക്കിളിന്റെ മുഖമാണ്. ഈ പറഞ്ഞ സങ്കീര്‍ണ്ണതയാണ് ഫെയ്സസ്.
നിത്യ ഒരു ഐടി ഉദ്യോഗസ്ഥയും മൈക്കിൾ ഒരു ചിത്രകാരനുമാണ്. ഹന്ന അവതരിപ്പിക്കുന്ന നിത്യയുടെ പെർസ്പെക്റ്റീവിൽ ആണ് കഥ നടക്കുന്നത്. അപകടത്തിന് തൊട്ടുമുൻപുള്ള ഓർമ്മകൾ നഷ്ടപ്പെട്ട നിത്യ അത് വീണ്ടെടുക്കുന്നതിനൊപ്പം തന്നെയാണ് പ്രേക്ഷകനു മുന്നിൽ നിത്യയുടെയും മൈക്കിളിന്റെയും കഥ വ്യക്തമായി വരുന്നത്. ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും മാറി മാറി സഞ്ചരിക്കുകയാണ് ചിത്രം. കോംപ്ലക്സ് ആയ കഥാപാശ്ചാത്തലം ആയതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ മാറാതെ കഥയ്ക്കൊപ്പം അവരെ മുന്നോട്ടു കൊണ്ടുപോവുക വലിയ ഉത്തരവാദിത്തമാണ് സംവിധായകന്. ആ ശ്രമം ഏതായാലും സംവിധായകന് വിജയിപ്പിച്ചെടുക്കാന്‍ ആയിട്ടുണ്ട്.
പ്രകടനങ്ങളാണ് ഫെയ്സസിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കലേഷിന്റെ നായകനായുള്ള അരങ്ങേറ്റം മോശമായില്ല. പല കഥാപാത്രങ്ങളായി മാറേണ്ടിവരുന്ന കലേഷിന് അത് കൺവിൻസിങ് ആയി പ്രേക്ഷകനു മുന്നിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ആയിട്ടുണ്ട്. ഹന്നയുടെ കഥാപാത്രം അനുഭവിക്കുന്ന മനോവ്യഥകൾ, ഓർമ്മ നഷ്ടപ്പെട്ടതിനൊപ്പം മനുഷ്യരുടെ മുഖങ്ങൾ തിരിച്ചറിയാനാകാത്തതും താൻ പ്രണയിക്കുന്ന മൈക്കിൾ എവിടെ എന്നറിയാത്തതുമായ കഥാപാത്രത്തിന്റെ അവസ്ഥയെ ഹന്ന നന്നായി തന്നെ കൈകാര്യം ചെയ്തു.
അർജുൻ ഗോപാൽ അവതരിപ്പിച്ച സുഹൃത്തിന്റെ കഥാപാത്രമാണ് മൈക്കിളിന്റെ അഭാവത്തിൽ നിത്യയ്ക്ക് സഹായമാകുന്നത്. സരയു, ശിവജി ഗുരുവായൂർ, ആര്‍ജെ വിജിത, ബിറ്റോ ഡേവിസ്, മെറീന മൈക്കിൾ, ലാലി, ടി എസ് സുരേഷ് ബാബു, ജയ കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര. സുമൻ സുദർശനനും സംവിധായകൻ നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നു. പ്രേക്ഷകർക്ക് പ്രോഡിക്ടബിളായ സാഹചര്യങ്ങൾ ഒരുക്കാതെ ഒരു ത്രില്ലർ സിനിമയെ എഴുതി ഫലിപ്പിക്കുക എളുപ്പമല്ല. നിത്യയ്ക്കും മൈക്കിളിനും എന്ത് സംഭവിച്ചു എന്ന് കഥയ്ക്കൊപ്പം ചുരുളഴിയും വിധമാണ് എഴുത്തും എക്സിക്യൂഷനും.
ഫെയ്സസിനു സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ബി കെ ഹരിനാരായണന്റെതാണ് വരികൾ. നിത്യയുടെ മാനസികവും വൈകാരികവുമായ അനുഭവങ്ങളിലൂടെ കഥ പറയുന്നതുകൊണ്ടുതന്നെ സിനിമയിൽ മ്യൂസിക്കിനും ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. സൈക്കോളജിക്കൽ ത്രില്ലർ എലമെന്റുകൾ പറഞ്ഞു ഫലിപ്പിക്കുമ്പോൾ പ്രേക്ഷകന് കൗതുകവും ജിജ്ഞാസയും തോന്നാൻ പശ്ചാത്തല സംഗീതം വലിയ പങ്കു വഹിച്ചിട്ടുണ്ട്. സീജി ഗ്രാഫിക്സ് സഹായമില്ലാതെ ചിത്രീകരിച്ചതാണ് നിത്യയുടെ ഡില്യൂഷൻ എന്നറിയുന്നത് പ്രേക്ഷകർക്ക് കൗതുകമാകും. സാങ്കേതികവിദ്യയുടെ സഹായമില്ലാതെ പൂർണമായും ക്യാമറയും എഡിറ്റിങ്ങും പ്രയോജനപ്പെടുത്തിയാണ് വ്യക്തികൾ മൈക്കിളായി മാറുന്ന സീനുകൾ ചിത്രീകരിച്ചിട്ടുള്ളത്. നിത്യയുടെ അവസ്ഥയെ പ്രേക്ഷകന് പൂർണ്ണമായും മനസ്സിലാകുംവിധം ഇടുങ്ങിയ സ്പേസും ക്ലോസപ്പുകളും ഉപയോഗിച്ചിരിക്കുന്നു.
സിനിമയുടെ അവസാനം നിത്യ കണ്ടെത്തുന്ന സത്യം ഫെയ്സസിനെ വെറുതെ കണ്ടു മടങ്ങാൻ പറ്റുന്ന സിനിമയല്ലാതെയാക്കുന്നു. തീയറ്റർ വിട്ടിറങ്ങിയാലും നിത്യയുടെ ജീവിതം പ്രേക്ഷകരുടെ മനസ്സിൽ വീണ്ടും റിവൈൻഡ് അടിക്കും എന്നുറപ്പ്. ക്രൈം ത്രില്ലറുകൾ ഒരുപാട് വന്ന മലയാള സിനിമയിൽ പലതരം ചേരുവകൾ ചേർന്ന് ത്രില്ലിംഗ് ആയ എക്സ്പീരിയൻസ് ആണ് ഫെയ്സസ്. പ്രണയവും മിസ്റ്ററിയും ത്രില്ലിംഗ് മൊമെന്റുകളുമായി തിയേറ്ററിൽ പ്രേക്ഷകരെ എത്തിക്കുകയാണ് ചിത്രം.

