
താലിബാന്റെ ഭരണം അഫ്‍ഗാനിസ്ഥാനില്‍ ജീവിതം എത്ര ദുരിതമാക്കിയായിരിക്കുകയാണ് എന്ന് തുറന്നുകാട്ടിയാണ് ചിത്രം തുടങ്ങുന്നതുതന്നെ. ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും സ്വരം സമാന്തരവുമായും സര്‍ഗാത്മകമായും ഉയര്‍ത്തുന്ന ചിത്രം കൂടിയാണ് സിനിമാ ജെസീറെ. അതിലുപരിയായി അതിജീവനത്തിന്റെ കഥ കൂടിയാകുന്നു സിനിമാ ജെസീറ.
ലൈല എന്ന സ്‍ത്രീയുടെ മകൻ ഒമിദിനെ (ഹോപ്പ് എന്ന് അര്‍ഥം) കാണാതാകുന്നു. അവനെ തേടിയിറങ്ങിയിരിക്കുകയാണ് ലൈല. പക്ഷേ താലിബാന്റെ ചാരക്കണ്ണുകള്‍ അവളെ വിലക്കുന്നു. ബുര്‍ഖ ധരിച്ചിട്ടു പോലും താലിബാന്റെ പുരുഷ ലോകത്ത് തനിച്ച് നടക്കാൻ ലൈലയെന്ന സ്‍ത്രീയെ അവര്‍ അനുവദിക്കുന്നില്ല. താലിബാന്റെ പുരുഷക്കണ്ണുകളെ മറികടക്കാൻ ലൈല നടത്തുന്നത് സാഹസികമായ ശ്രമങ്ങളാണ്. ഭര്‍ത്താവിന്റെ ശവക്കല്ലറയിലെ മണല്‍ നീക്കം ചെയ്യുന്നു ലൈല. മൃതദേഹത്തില്‍ നിന്നും ഭര്‍ത്താവിന്റെ താടി രോമങ്ങള്‍ മുറിച്ചെടുക്കുന്നു. സ്വന്തം ഐഡന്റിറ്റി പുരുഷനാക്കി തീര്‍ത്ത് മകനെ തേടിയുള്ള യാത്ര തുടരുകയാണ് ലൈല. പിന്നീടൊരിക്കല്‍ മറ്റൊരു പുരുഷ മൃതദേഹത്തിന്റെയും മീശയും താടിയും മുറിച്ച് മാറ്റി സ്വന്തം ശരീരത്തില്‍ പതിപ്പിക്കേണ്ടി വരുന്ന ദുരിതാവസ്ഥയും നേരിടേണ്ടി വരുന്നുണ്ട് ലൈലയ്‍ക്ക്.
സമാന്തരമായി മറ്റൊരു കഥ കൂടി ചിത്രം പറയുന്നുണ്ട്. സിനിമാ ജസീറെ എന്ന ആണ്‍വേശ്യാ കേന്ദ്രത്തിന്റെ കഥയാണ് അത്. ബാല പീഡനത്തിന്റെ ഗ്യാങ്ങിന്റെ പിടിയില്‍ പെടുന്ന അനാഥ ബാലന്റെയും അവിടെ ഡാൻസ് കളിക്കുന്ന ഒരു ആണ്‍ വേശ്യയുടെയും വീക്ഷണകോണില്‍ നിന്നാണ് ഈ കഥ പറയുന്നത്. സ്വവര്‍ഗ ലൈംഗിക കേന്ദ്രത്തില്‍ പെടുന്ന കുട്ടികളുടെ ദുരിതം ഈ ഭാഗം വരച്ചുകാട്ടുന്നു.
തുര്‍ക്കി സംവിധായികയ ഗോട്സ് കുറാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. വളരെ റോ ആയിട്ടുള്ള ഒരു ചിത്രീകരണ രീതിയാണ് കുറാല്‍ അവലംബിച്ചിരിക്കുന്നത്. താലിബാന്റെ അടിച്ചമര്‍ച്ചത്തല്‍ ഭരണത്തിന്റെ പശ്ചാത്തലത്തിലുള്ള അഫ്‍ഗാനിസ്ഥാനെ കുറച്ച് രംഗങ്ങള്‍ കൊണ്ടുതന്നെ ഗോട്‍സ് കുറാല്‍ വരച്ചുകാട്ടുന്നു. മകനെ അന്വേഷിച്ചുപോകുന്ന അമ്മയുടെ ദയനീയ കഥയ്‍ക്കൊപ്പം തന്നെ ആണ്‍വേശ്യാ കേന്ദ്രത്തിലെ ദുരിതക്കാഴ്‍ചയും കുറാല്‍ സിനിമയില്‍ അതേ തീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു. വളരെ അസ്വസ്ഥജനകമാം കാഴ്‍ചകള്‍ക്കൊപ്പം പ്രതീക്ഷയുടെ കിരണങ്ങള്‍ അവസാനിക്കുന്നില്ല എന്ന തോന്നലും കുറാല്‍ സിനിമാ ജെസീറെയില്‍ അടിവരയിടുുന്നു.
അദീബ് ശോഭാനിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലൈലയ്‍ക്കൊപ്പം സഞ്ചരിക്കുന്ന ക്യാമറ മൂവ്‍മെന്റുകളാണ് സിനിമാ ജെസീറെയ്‍ക്കായി ആദ്യ ഭാഗത്ത് അദീബ് ശോഭാനി സ്വീകരിച്ചിരിക്കുന്നത്. പ്രമേയത്തിനൊത്ത ക്യാമറാക്കാഴ്‍ചകള്‍ ഒരുക്കുന്നതിനപ്പുറം ഗിമ്മിക്കുകള്‍ക്ക് ശ്രമിക്കുന്നതില്ല എന്നതും ശ്രദ്ധേയം. ബുന്യാമിൻ ബയാൻസാൽ, ഗോട്‍സ് കുറാലിന്റെയും കട്ടുകള്‍ സിനിമയുടെ മൊത്തം സ്വഭാവത്തെ പ്രതിനിധീകരിക്കുന്ന വിധത്തിലുള്ളതാണ്.
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലാണ് സിനിമാ ജെസീറെ പ്രദര്‍ശിപ്പിക്കുന്നത്.