Darlings Review: തേളാണോ തവളയാണോ നിങ്ങള്‍? ഉത്തരം പറയും 'ഡാര്‍ലിംഗ്സ്' ; ചിന്തിപ്പിക്കും ഈ ആലിയ ഭട്ട് ചിത്രം

By Veena ChandFirst Published Aug 7, 2022, 9:40 PM IST
Highlights

ആദ്യപകുതിയില്‍ ബദ്രു ഗാര്‍ഹിക പീഡനത്തിന്‍റെ ഇര മാത്രമാണ്. രണ്ടാം പകുതിയില്‍ അവള്‍ വേട്ടക്കാരി കൂടിയാവുന്നു. തവളയാവാന്‍ ഇല്ലെന്ന് ഉറപ്പിക്കുമ്പോഴും അവള്‍ക്ക് പൂര്‍ണമായും തേളാവാനും കഴിയുന്നില്ല.  ശരിയും തെറ്റും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്താണെന്ന് പിന്നീടങ്ങോട്ട് പല ഘട്ടത്തിലും   ഓര്‍മ്മിപ്പിക്കുന്നുണ്ട് ഡാര്‍ലിംഗ്സ്.  സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ, പകയുടെ ഒക്കെ അടരുകളിലൂടെ സഞ്ചരിക്കുന്നുണ്ട് ചിത്രം.

ണ്ടൊരിക്കല്‍ കാട്ടില്‍ പ്രളയം ഉണ്ടായി. "എന്നെയൊന്ന് അക്കരെ എത്തിക്കാമോ ? " നദിക്കരയിലിരുന്നൊരു തേള് തവളയോട് ചോദിച്ചു. 
"നിന്നെ ഞാനെങ്ങനെ വിശ്വസിക്കും, നീയെന്നെ ഇറുക്കിയാലോ?" തവളയ്ക്ക് സംശയം
"ഞാന്‍ അങ്ങനെ ചെയ്യുവോ, ഇറുക്കിയാല്‍ നിനക്കൊപ്പം ഞാനും മുങ്ങിത്താഴില്ലേ" തേള് മറുപടി പറഞ്ഞു. 
തവള ആലോചിച്ചു "അത് ശരിയാണല്ലോ!"
അങ്ങനെ ആ വാക്ക് വിശ്വസിച്ച് തവള തേളിനെയും പുറത്തുവച്ച് നദിയിലേക്കിറങ്ങി. പക്ഷേ, പകുതിവഴിയെത്തിയപ്പോള്‍ തേള് തവളയെ ഇറുക്കി. 
വേദന കൊണ്ട് പുളഞ്ഞ് തവള ചോദിച്ചു, "ചെയ്യില്ലെന്ന് പറഞ്ഞിട്ടും നീയെന്തിനാ എന്നെ ഇറുക്കിയത്?"
തേള് പറഞ്ഞു "ഇറുക്കാതിരിക്കാന്‍ എനിക്ക് പറ്റുമോ, അതെന്‍റെ സ്വഭാവമല്ലേ!!!"

നമ്മളിലോരോരുത്തരും ഈ കഥയിലെ  തേളാണോ തവളയാണോ? അതാണ് ആലിയ ഭട്ടിന്‍റെ പുതിയ ചിത്രം ഡാര്‍ലിംഗ്സ് ചോദിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍  നായിക ബദ്രുന്നിസ (ആലിയ ഭട്ട്) ആണ്. ബദ്രുന്നിസയുടെ ഭര്‍ത്താവ് ഹംസ (വിജയ് വര്‍മ്മ) റെയില്‍വേയിലെ ടിക്കറ്റ് കളക്ടറാണ്. ഇവര്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഇരുവരുടെയും ജീവിതത്തിന്‍റെ കഥാപരിസരങ്ങളിലൂടെയാണ് ചിത്രം മുമ്പോട്ട് പോകുന്നത്. മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്‍റെ ഉപദ്രവങ്ങളില്‍ സഹികെടുമ്പോഴും അയാള്‍ നന്നാവുമെന്നും നല്ല ജീവിതമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നവളാണ് ബദ്രു. അയല്‍വക്കത്തെ വീട്ടില്‍ തന്നെ അവളുടെ അമ്മ ഷംസുന്നീസ (ഷെഫാലി ഷാ)  ഉണ്ട്. ഹംസയെ ഉപേക്ഷിച്ച് പോരാന്‍ മകളോട് ആവുംവിധമൊക്കെ അവര്‍ പറയുന്നുണ്ട്. അതിനൊയൊക്കെ ബദ്രു പ്രതിരോധിക്കുന്നത് അയാള്‍ നന്നാവുമെന്ന് തന്‍റെ പ്രതീക്ഷ പങ്കുവച്ചാണ്.

മദ്യപാനമാണ് തന്നിലെ മൃഗത്തെ പുറത്തെടുക്കുന്നതെന്ന് ഓരോ രാവിലെകളിലും  കരഞ്ഞ് പറയുന്ന ഹംസയ്ക്കായി  അവള്‍ സ്വാദിഷ്ഠമായ ഓംലെറ്റുണ്ടാക്കുന്നു. അയാളുടെ ഡാര്‍ലിംഗ്സ് വിളിയില്‍ അവളിലെ പിണക്കവും വേദനയും മാഞ്ഞുപോകുന്നു. ഗാര്‍ഹിക പീഡനത്തിന്‍റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ വരെ എത്തുമ്പോഴും അവള്‍ അയാളുടെ വാക്ക് വിശ്വസിച്ച് അതേ ജീവിതത്തിലേക്ക് മടങ്ങിപ്പോകുകയാണ്. ഒടുവില്‍ ഒരു ഘട്ടത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം നേരിടുമ്പോഴാണ് അവളിലെ തവളയ്ക്ക് തിരിച്ചറിവുണ്ടാവുന്നത്. പിന്നീട് അവള്‍ക്ക് എന്താണ് സംഭവിക്കുന്നത്? എങ്ങനെയാണ് ഉപദ്രവകാരിയായ, ടോക്സിക്കായ ഭര്‍ത്താവിനെ അവള്‍ നേരിടുന്നത്? 

ആദ്യപകുതിയില്‍ ബദ്രു ഗാര്‍ഹിക പീഡനത്തിന്‍റെ ഇര മാത്രമാണ്. രണ്ടാം പകുതിയില്‍ അവള്‍ വേട്ടക്കാരി കൂടിയാവുന്നു. തവളയാവാന്‍ ഇല്ലെന്ന് ഉറപ്പിക്കുമ്പോഴും അവള്‍ക്ക് പൂര്‍ണമായും തേളാവാനും കഴിയുന്നില്ല. പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്നുറപ്പിച്ച് അവള്‍ ജീവിതത്തെ നേരിടുന്നു. ആ ശ്രമങ്ങളൊക്കെ ഫലം കാണുമോ എന്നതാണ് പിന്നീടുള്ള ഓരോ നിമിഷവും കാഴ്ച്ചക്കാരനെ ചിന്തിപ്പിക്കുന്നത്. ശരിയും തെറ്റും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്താണെന്ന് പിന്നീടങ്ങോട്ട് പല ഘട്ടത്തിലും   ഓര്‍മ്മിപ്പിക്കുന്നുണ്ട് ഡാര്‍ലിംഗ്സ്.  സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ, പകയുടെ ഒക്കെ അടരുകളിലൂടെ സഞ്ചരിക്കുന്നുണ്ട് ചിത്രം. ശരിതെറ്റുകളുടെ തുലാസില്‍ അളന്ന് ബദ്രു തന്‍റെ ജീവിതത്തില്‍ സമാധാനം കണ്ടെത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. എന്നാല്‍, ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവെക്കുന്നുമുണ്ട് ചിത്രം. 

ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനിലെത്തേണ്ടി വരുന്ന ബദ്രുവിനോടും അമ്മയോടും എസ്ഐ ചോദിക്കുന്നുണ്ട് ഡിവോഴ്സിന് ശ്രമിച്ചുകൂടേ എന്ന്. അതിന് ഷംസുന്നീസ പറയുന്ന മറുപടി അതൊന്നും നമ്മളെപ്പോലുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്നാണ്. മധ്യവര്‍ഗ ജിവിതത്തിന്‍റെ നേര്‍ക്കാഴ്ച്ചയാണ് ഷംസു പറഞ്ഞുവെക്കുന്നത്. ഹംസയില്‍ നിന്ന് രക്ഷപ്പെടാന്‍ അത്തരം മാര്‍ഗങ്ങളിലേക്കൊന്നുമല്ല നേരിട്ട് അമ്മ- മകള്‍ കൂട്ടുകെട്ട് ചെന്നുകയറുന്നത് എന്നതും ശ്രദ്ധേയമാണ്. ഹംസയെ തട്ടിക്കളയാം എന്ന് മകളോട് പറയുന്ന ഷംസു അതിനുള്ള വഴികളും വിശദമായി പറയുന്നുണ്ട്. അതിന് മറുപടിയായി മകള്‍ പറയുന്നത് അമ്മയ്ക്ക് നല്ലത് ആഹാരം പാകം ചെയ്യലാണ് എന്നാണ്. (ഷംസു ചെറിയൊരു കേറ്ററിംഗ് ബിസിനസുകാരിയാണ്). വളരെ ഗൗരവമായി നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളില്‍ ചിരിയുടെ സാന്നിധ്യം സൃഷ്ടിക്കുന്നതില്‍ ഈ അമ്മ മകള്‍ കൂട്ടുകെട്ട് വലിയ പങ്ക് വഹിക്കുന്നുണ്ട്. ചിത്രത്തിന് ജീവന്‍ പകരുന്നതില്‍ ആലിയ ഭട്ട്- ഷെഫാലി ഷാ ദ്വന്ദം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. സംഭാഷണങ്ങളില്‍ മാത്രമല്ല ആ മികവ് നമുക്ക് അനുഭവവേദ്യമാകുക. കണ്ണുകളുടെ ചലനങ്ങളില്‍ പോലും ഇരുവരും തീര്‍ക്കുന്നത് കഥാപാത്രങ്ങളായുള്ള താദാത്മ്യപ്പെടലിന്‍റെ  വിവരിക്കാനാവാത്ത മനോഹാരിതയാണ്. നെഗറ്റീവ് ഷെയ്ഡ് ഉള്ള നായകനായി വിജയ് വര്‍മ്മ മികവുറ്റ അഭിനയം കാഴ്ചവച്ചിട്ടുണ്ട്. ഡാര്‍ലിംഗ്സ് എന്ന് ഹംസ  ബദ്രുവിനെ  വിളിക്കുമ്പോള്‍ കാഴ്ചക്കാരന് തോന്നുന്ന അനിഷ്ടം തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണം. 

ഇവര്‍ മൂന്നുപേര്‍ക്കു പുറമേ ചിത്രത്തിലെ മുഴുനീളകഥാപാത്രം സുള്‍ഫി എന്ന ചെറുപ്പക്കാരനാണ്. റോഷന്‍ മാത്യുവാണ് സുള്‍ഫിയായി എത്തുന്നത്. ഷംസുവിന്‍റെ സഹായിയായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്ന സുള്‍ഫിയുടെ പ്രണയം   പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്. അഭിനയിച്ചു ഫലിപ്പിക്കാന്‍ ഒരുപാട് ഒന്നുമില്ലെങ്കിലും റോഷന്‍ എന്ന നടനെ ബോളിവുഡ് പ്രേക്ഷകര്‍ക്ക് പരിചിതനാക്കാന്‍ പോന്ന കഥാപാത്രമാണ് സുള്‍ഫി. (ചോക്ക്ഡ് എന്ന ചിത്രത്തിലൂടെ ആ ചരിചയത്തിന് അടിത്തറയായിട്ടുണ്ടല്ലോ).

എല്ലാം തികഞ്ഞൊരു ഡാര്‍ക്ക് കോമഡിയോ സസ്പെന്‍സ് ത്രില്ലറോ ഒന്നുമല്ല ഡാര്‍ലിംഗ്സ്. എന്നാല്‍,  ഇവയൊക്കെ പങ്കുവെക്കുന്ന ഒരു നല്ല ചിത്രമാണ്. ഗാര്‍ഹിക പീഡനം പ്രമേയമായ ചിത്രങ്ങള്‍ പുതുമയല്ല, ഥപ്പട് ഒക്കെ കയ്യുനീട്ടി സ്വീകരിച്ച ആസ്വാദകനെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലല്ല ഡാര്‍ലിംഗ്സ് മുന്നിലെത്തുന്നത്. എന്നാല്‍,  ബദ്രുവിനെപ്പോലെയൊരു പെണ്ണിനെ നമുക്ക് പരിചയമുണ്ടാവും. നമ്മുടെ വീടുകളിലോ ചുറ്റുവട്ടത്തോ കണ്ടുശീലിച്ച അതേ പെണ്ണ് തന്നെയാണ് അവള്‍.  അതുതന്നെയാണ് സ്ത്രീപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതിന് പ്രധാനകാരണവും എന്ന് പറയേണ്ടി വരും. 

നവാഗതയായ ജസ്മീത് കെ റീന്‍ ആണ് ഡാര്‍ലിംഗ്സ് സംവിധാനം ചെയ്തിരിക്കുന്നത്. ആലിയ ഭട്ടിന്‍റെ ആദ്യ നിര്‍മ്മാണസംരംഭമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. 

 

click me!