പെര്‍ഫോമര്‍ സുരാജ്, വേറിട്ട കോമഡി ട്രാക്കുമായി 'ഇ ഡി'; റിവ്യൂ

Published : Dec 20, 2024, 03:03 PM ISTUpdated : Dec 20, 2024, 04:11 PM IST
പെര്‍ഫോമര്‍ സുരാജ്, വേറിട്ട കോമഡി ട്രാക്കുമായി 'ഇ ഡി'; റിവ്യൂ

Synopsis

സുരാജ് വെഞ്ഞാറമൂടും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

കോമഡി കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് സീരിയസ് സ്വഭാവമുള്ള ക്യാരക്റ്റര്‍ റോളുകളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജിലെ അഭിനേതാവിനെ ആഘോഷിക്കുന്ന ചിത്രമാണ് ഇ ഡി അഥവാ എക്സ്ട്രാ ഡീസന്‍റ്. അസാധാരണ സ്വഭാവമുള്ള ബിനു എന്ന കഥാപാത്രത്തിലൂടെ കുടുംബ പശ്ചാത്തലത്തില്‍ ഒരു ഡാര്‍ക് ഹ്യൂമര്‍ ചിത്രം അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍.

സാധാരണമെന്ന് തോന്നുന്ന ഒരു കുടുംബ പശ്ചാത്തലത്തില്‍ ജീവിക്കുന്ന, എക്സ്ട്രാ ഡീസന്‍റ് എന്ന് മറ്റുള്ളവരാല്‍ വിലയിരുത്തപ്പെടുന്ന കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂടിന്‍റെ ബിനു. എന്നാല്‍ ഈ വിലയിരുത്തലിന് യാഥാര്‍ഥ്യവുമായി വലിയ ബന്ധമില്ലെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നിടത്താണ് ആമിര്‍ പള്ളിക്കല്‍ കോമഡി വര്‍ക്കൗട്ട് ചെയ്ത് തുടങ്ങുന്നത്. സുരാജ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ആളാണ് ഇ ഡിയിലെ ബിനു. ബാല്യകാലത്തില്‍ ഉണ്ടായ ഒരു അപ്രതീക്ഷിത അനുഭവത്തിന്‍റെ വേദന ഇപ്പോഴും പേറുന്നയാളാണ് ബിനു. ഒപ്പം മോശം പേരന്‍റിം​ഗിന്‍റെ ഇരയും. മുതിര്‍ന്നപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ വച്ച് അച്ഛനാല്‍ എപ്പോഴും പരസ്യമായി അപമാനിക്കപ്പെടാറുമുണ്ട് അയാള്‍. അങ്ങനെയുള്ള ബിനുവിന് അനുഭവിച്ചതിനെല്ലാം തിരിച്ചു ചോദിക്കാന്‍ ഒരിക്കല്‍ ഒരു പിടിവള്ളി കിട്ടുകയാണ്. അത് അയാള്‍ സമര്‍ഥമായി ഉപയോ​ഗിക്കുകയും ചെയ്യുന്നു.

ചില സൈക്കോ സ്വഭാവ സവിശേഷതകളുള്ള ബിനു പക്ഷേ അത്തരം മാനസികാവസ്ഥകളിലേക്ക് എങ്ങനെയെത്തി എന്നത് ബോധ്യപ്പെടുത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. സുരാജിന്‍റെ പ്രകടനം കൂടിയാണ് ബിനുവിനെ അത്രമേല്‍ രസനീയമാക്കുന്നത്. സുദീര്‍ കരമനയ്ക്ക് ഏറെക്കാലത്തിന് ശേഷം ലഭിച്ച മികച്ച വേഷമാണ് ബിനുവിന്‍റെ അച്ഛനായ റിട്ട. തഹസില്‍ദാര്‍. രണ്ട് ഭാവങ്ങള്‍ വേണ്ടിവരുന്ന ഈ കഥാപാത്രത്തെ സുധീര്‍ ​ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ബിനുവിന്‍റെ അമ്മയായി വിനയ പ്രസാദിന്‍റെയും അവരുടെ കുടുംബത്തിന് ഉപകാരിയായ ഒരു കഥാപാത്രമായി ശ്യാം മോഹന്റെയും കാസ്റ്റിം​ഗ് നന്നായിട്ടുണ്ട്. ബിനുവിന്‍റെ സഹോദരി നിഷിമയായി ​ഗ്രേസ് ആന്‍റണി പതിവുപോലെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. 

ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റുകളിലും മികവ് പുലര്‍ത്തിയിരിക്കുന്ന ചിത്രമാണ് ഇ ഡി. ഷാരോണ്‍ ശ്രീനിവാസ് ആണ് ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം. ഇന്‍റീരിയര്‍ രം​ഗങ്ങള്‍ അധികമുള്ള, കോമഡി ട്രാക്കിലൂടെയാണെങ്കിലും ​ഗൗരവമുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന് വേ​ഗതയുള്ളതും അതേസമയം ​ഗൗരവം ചോര്‍ന്നുപോകാത്തതുമായ ഒരു വിഷ്വല്‍ ലാം​ഗ്വേജ് ആണ് ഷാരോണ്‍ സൃഷ്ടിച്ചിരിക്കുന്നത്, ഉപയോ​ഗിച്ചിരിക്കുന്ന കളര്‍ പാലറ്റ് ചിത്രത്തിന് ഫ്രഷ്നെസ് ഉണ്ടാക്കിയിട്ടുണ്ട്. അങ്കിത് മേനോന്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റിം​ഗ്. എഡിറ്റിം​ഗ് ശ്രീജിത്ത് സാരം​ഗും. 

കോമഡി ട്രാക്കിലൂടെയാണ് പോകുന്നതെങ്കിലും മനുഷ്യന്‍റെ സ്നേഹബന്ധങ്ങളില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന ബൃഹത്തായ ഒരു ദാര്‍ശനിക പ്രശ്നമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അത്തരത്തില്‍ വലിയൊരു വിഷയം രസിച്ച് കണ്ടിരിക്കാന്‍ പാകത്തില്‍ ഒരു ചിത്രമാക്കി ഒരുക്കിയതില്‍ സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ കൈയടി അര്‍ഹിക്കുന്നു. 

ALSO READ : ജോജുവും സുരാജും ഒന്നിക്കുന്നു; 'നാരായണീന്‍റെ മൂന്നാണ്മക്കൾ' സെക്കന്‍റ് ലുക്ക് പോസ്റ്റര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ