Latest Videos

IFFK Review| പ്രത്യാശ ഒരു നുണ! 'ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ഡെത്ത്'

By Jomit JoseFirst Published Dec 12, 2023, 1:14 PM IST
Highlights

'ഐഎഫ്എഫ്‌കെ'യില്‍ പ്രദര്‍ശിപ്പിച്ച ബാബുസേനന്‍ ബ്രദേര്‍സ് (സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍) സംവിധാനം ചെയ്‌ത 'ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ഡെത്ത്' എന്ന സിനിമയുടെ റിവ്യു.

ജീവിതം, മരണം! ആഖ്യാനത്തില്‍ വളരെ സങ്കീര്‍ണമായ രണ്ട് പദങ്ങള്‍. നിര്‍വചിക്കാന്‍ ആയാസമെങ്കിലും വ്യാഖ്യാനിക്കാന്‍ ഏറെ സാധ്യതകളുള്ള ജീവന്‍റെ രണ്ട് ചേരുവകളാണിവ. വെറുമൊരു കണികയില്‍ നിന്ന് അര്‍ഥസമ്പുഷ്‌ടമായ അനേകം വ്യാഖ്യാനങ്ങളിലേക്ക് യുക്തി ചോരാതെ ജീവിതത്തെയും മരണത്തെയും ആലേഖനം ചെയ്യുക കലയില്‍ ചെറിയ വെല്ലുവിളിയല്ല. ജീവിതത്തെയും മരണത്തെയും അടയാളപ്പെടുത്താന്‍ കലയില്‍ കഥയുടെയും കവിതയുടെയും ചിത്രകലകളുടെയും സിനിമയുടേയുമെല്ലാം അച്ച് കാലങ്ങളായി ഉപയോഗിച്ചുവരുന്നു. എന്നാല്‍ മീറ്ററില്‍ ഒരുമാത്ര അങ്ങോട്ടോയിങ്ങോട്ടോ ഇടറിയാല്‍ അതിസങ്കീര്‍ണമോ യുക്തിരഹിതമോ ആവും ഈ ആലേഖനങ്ങളെല്ലാം. അവിടെയാണ് ഏറ്റവും ലളിതമായി ജീവിതത്തെയും മരണത്തെയും അതിന്‍റെ യുക്തിയെയും തത്വങ്ങളേയും അടയാളപ്പെടുത്തി മലയാളത്തിലെ സംവിധായക സഹോദരങ്ങളായ ബാബുസേനന്‍ ബ്രദേര്‍സ് (സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍) 'ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ഡെത്ത്'/ ആനന്ദ് മൊണാലിസ മരണവും കാത്ത് (Anand Monalisa Waits For Death / Anand Monalisa Maranavum Kaathu) എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. 

ചിത്രം- ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ഡെത്ത് സിനിമയിലെ ഒരു രംഗം

ജീവിതവും മരണവും ലോക സിനിമയിലോ ഐഎഫ്എഫ്‌കെയിലോ ഇതാദ്യമായല്ല വിഷയമാകുന്നത്. മരണം കാത്തുകഴിയുന്ന യുവാവ് പ്രധാനകഥാപാത്രമായി മുമ്പും സിനിമ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്വീഡിഷ് മാസ്റ്റര്‍ ഇഗ്മാർ ബെർഗ്മാന്‍റെ വിശ്രപ്രസിദ്ധമായ 'ദ സെവൻത് സീൽ' ജീവിതവും മരണവും തമ്മിലുള്ള ചതുരംഗക്കളിയെയും അതിലെ അന്തിമ വിജയിയായ മരണത്തെയും അവതരിപ്പിച്ച് ക്ലാസിക്കായി മാറിയ ചലച്ചിത്രമാണ്. വീണ്ടുമൊരു സിനിമ കൂടി, അതും മലയാളത്തില്‍ നിന്ന് ജീവിതവും ആസന്നമായ മരണവും ചര്‍ച്ച ചെയ്യുമ്പോള്‍ എന്തായിരിക്കും പ്രേക്ഷകന് മനസിലേക്ക് എത്തുക. ഇഗ്മാർ ബെർഗ്മാന്‍റെ 'ആന്‍റോണീയോസ് ബ്ലോക്ക്' പ്രതീക്ഷയുടെ മുഖവുമായി മരണത്തിന് മുന്നില്‍ ട്രപ്പീസുകളിക്ക് തയ്യാറെടുത്തുവെങ്കില്‍ 'ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ഡെത്ത്' എന്ന സിനിമയിലെ ആനന്ദ് മൊണാലിസ എന്ന കഥാപാത്രം നേര്‍വിവരീതമാണ്. 

ഐഎഫ്എഫ്‌കെ 2023ല്‍ കലാഭവന്‍ തിയറ്ററില്‍ ഏതാണ്ട് നിറഞ്ഞ കാണികള്‍ക്ക് മുന്നിലേക്കാണ് നീണ്ട ക്യൂ പൊള്ളിച്ച തീക്കനലിന് ആശ്വാസമേകുമെന്ന പ്രതീക്ഷയോടെ 'ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ഡെത്ത്' എത്തിയത്. പ്രത്യാശയ്‌ക്ക് യാതൊരു വകയുമില്ലാത്ത, ഉടനടി മരണത്തെ സ്വീകരിച്ചേ മതിയാകൂ എന്ന അവസ്ഥയില്‍ കഴിയുന്ന ആനന്ദ് മൊണാലിസ എന്ന ചെറുപ്പക്കാരന്‍റെ ഉള്‍ക്കാഴ്‌ചയാണ് 'ആനന്ദ് മൊണാലിസ മരണവും കാത്ത്' എന്ന 83 മിനുറ്റ് സിനിമ. അയാളുടെ പിതാവും മരിച്ചുപോയ അമ്മയും സഹോദരനും സൗഹൃദങ്ങളും കവിതയും ഫോട്ടോഗ്രഫിയും സിനിമയിലെ ചുരുക്കം കഥാപാത്രങ്ങളായി മാറുന്നു. സങ്കീര്‍ണമായ കുടുംബ പശ്ചാത്തലവും അതിനെ മറികടക്കുന്ന സ്നേഹവും സൗഹൃദവും ഇടയ്‌ക്കെത്തുന്ന സംഘര്‍ഷങ്ങളും ആസ്വദിച്ച് ആനന്ദ് മൊണാലിസ മരണത്തിലേക്ക് എത്തുമോ ദ സെവൻത് സീലിലെ ബ്ലോക്കിനെ പോലെ? 

ചിത്രം- സംവിധായകരായ സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍

ലളിതനിര്‍മ്മിതി എന്ന് വിളിക്കാവുന്ന ദൈര്‍ഘ്യം കുറഞ്ഞ സിനിമയെ അധികം പൊടിപ്പുംതൊങ്ങലുകളുമില്ലാതെയാണ് ബാബുസേനന്‍ ബ്രദേര്‍സ് കാഴ്ചക്കാരന് മുഖവുര ചെയ്‌തിരിക്കുന്നത്. ആനന്ദും അയാളുടെ അച്ഛനും അമ്മയും ജേഷ്‌ഠനും അടക്കം വളരെ കുറച്ച് കഥാപാത്രങ്ങളെ സിനിമയിലുള്ളൂ. അവരുടെ ഭൂതകാല സ്നേഹവും കലഹവും ആനന്ദ് മൊണാലിസ മരണമെന്ന ആസന്ന ഭാവിയിലേക്ക് നടത്തുന്ന കോലാഹലങ്ങളില്ലാതെ യാത്രയാണ് സിനിമ. ഒരര്‍ഥത്തില്‍ ആനന്ദും അയാളുടെ അച്ഛനും അമ്മയും സഹോദരനും വീട്ടിലെ അതിഥി താമസക്കാരനും ഇതേ ഏകാനന്തത മറ്റൊരു അളവുകോലില്‍ നേരിടുന്നുണ്ട്. ഇവരെല്ലാവരും തമ്മില്‍ സ്നേഹവും അകല്‍ച്ചയുമുണ്ട്. അതിന്‍റെ സംഘര്‍വും സമാധാനവും ഒരേസമയം ആനന്ദ് അറിയുന്നു. നിഷേധിക്കാനാവാത്ത മരണത്തെ കാത്തിരിക്കുന്ന ആനന്ദിന്‍റെ ഏകാന്തതയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. എന്നോ മണ്‍മറഞ്ഞുപോയ അമ്മയിലൂടെ അയാള്‍ മരണദിനത്തിനായി തയ്യാറെടുക്കുകയാണ്. 

കവിതകളാലും മൗനത്താലും ജീവിതത്തെ, ആനന്ദിന്‍റെ വൈകാരികത കാഴ്‌ചക്കാരന്‍റെ മനസിലൂടെ പടരുന്നു. അവിടെയാള്‍ക്ക് അധികം സംഭാഷണങ്ങളില്ല. അതിനാല്‍ തന്നെ സിനിമയില്‍ സംഭാഷണങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും ആധിക്യമോ കുറവോ പറയാനില്ല. എന്നാല്‍ ജീവിതത്തിന്‍റെ സൈദ്ധാന്തിക അടിത്തറയെ വളരെ സാധാരണമായ സംഭാഷണങ്ങളിലൂടെയും ഹാസ്യത്തിലൂടെയും പ്രേക്ഷകനിലേക്ക് അടുപ്പിക്കുന്നു. കൃത്യമായ മീറ്ററിലാണ് ചിത്രത്തിന്‍റെ എഴുത്തുകാരും ഛായാഗ്രാഹകരും കൂടിയായ ബാബുസേനന്‍ ബ്രദേര്‍സ് 'ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ഡെത്തി'നെ സ്ക്രീനില്‍ വരച്ചുവച്ചിരിക്കുന്നത്. പലപ്പോഴും ആനന്ദിന്‍റെ ഏകാന്തതയാണ് സംഭാഷണങ്ങളായി പരിണമിക്കുന്നത്. ജീവിതത്തിനും മരണത്തിനുമിടയില്‍ ആനന്ദ് മൊണാലിസയ്‌ക്ക് മാത്രം കണ്ടെത്താന്‍ കഴിയുന്ന നിര്‍വികാരതയും അതിവൈകാരികയും സ്ക്രീനില്‍ ആനന്ദിന്‍റെ നീണ്ട മൗനങ്ങളിലുണ്ട്. മരണം ആസന്നമെങ്കില്‍ പ്രത്യാശ എന്ന പദത്തിന് അവിടെ സ്ഥാനമില്ലെന്ന് പറഞ്ഞുവെക്കുന്നതാണ് ആനന്ദ് മൊണാലിസ മരണവും കാത്ത് എന്ന സിനിമയുടെ കാതല്‍. അവിടെ ആനന്ദിന് അത് മനസിലാക്കിക്കൊടുക്കുന്നത് മുറിവൈദ്യന്‍മാരല്ല, ആധുനിക മെഡിസിനും അയാളുടെ ബോധ്യവും എന്നോ മണ്‍മറഞ്ഞ അയാളുടെ അമ്മയുമാണ് എന്നത് ഹൃദ്യമാകുന്നു. 

ചിത്രം- ആനന്ദ് മൊണാലിസ വെയിറ്റ് ഫോര്‍ ഡെത്ത് സിനിമയില്‍ നിന്ന്

യാഥാര്‍ഥ്യബോധത്തോടെ, വളരെ സാധാരണമായ മനുഷ്യരുടെ ജീവിതത്തിലൂടെയും സംഭാഷണങ്ങളിലൂടെയാണ് ആനന്ദിന്‍റെ ജീവിതത്തെ മരണത്തിലേക്ക് വികസിപ്പിച്ചിരിക്കുന്നത്. ജീവിതത്തെ, മരണത്തെ സ്നേഹത്തിന്‍റെ കാമ്പുകളില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ എഴുത്തുകാരും ഛായാഗ്രാഹകരും കൂടിയായ ബാബുസേനന്‍ ബ്രദേര്‍സ്. കൃത്യമായ ദൈര്‍ഘ്യവും ദൃശ്യവിഷ്‌കാരവും പശ്ചാത്തലസംഗീതവും കാസ്റ്റിംഗും സിനിമാറ്റോഗ്രഫിയും എഡിറ്റിംഗുമെല്ലാം 'ആനന്ദ് മൊണാലിസ മരണവും കാത്ത്'  എന്ന സിനിമയ്‌ക്കുണ്ട്. ആനന്ദ് മൊണാലിസ ആയെത്തുന്ന ശ്രീരാം മോഹനും, അച്ഛന്‍റെ വേഷത്തില്‍ കലാധരനും, അമ്മയായി മീര നായരും സഹോദരന്‍റെ റോളില്‍ അരവിന്ദ് ഹരീന്ദ്രന്‍ നായരും സപ്പോര്‍ട്ടിംഗ് ആക്‌ടറായ ക‍ൃഷ്‌ണന്‍ നായരുമെല്ലാം അവരുടെ അഭിനയത്തില്‍ കൃത്യം അതിര്‍ത്തികള്‍ പാലിച്ചിരിക്കുന്നതായി കാണാം. ക്യാമറയ്ക്ക് മുന്നിലെ അമിതാവേശമോ അമിതാഭിനയമോ ആര്‍ക്കുമില്ല എന്നത് സംവിധായകരുടെ കൈയടക്കം കൂടിയായി. ആകെത്തുകയില്‍ സമകാലിക മലയാള സിനിമയില്‍ 'കറക്‌ട് മീറ്ററില്‍' പുറത്തുവന്ന സിനിമ എന്ന് 'ആനന്ദ് മൊണാലിസ മരണവും കാത്ത്'/' ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ഡെത്ത്' ഏറെ പ്രശംസ അര്‍ഹിക്കുന്നു. ജീവിതവും മരണവും ഒരുപോലെ സങ്കീര്‍ണവും അനായാസവുമാണെന്ന് ചിത്രം പഠിപ്പിക്കുന്നു.

ഇഗ്മാർ ബെർഗ്മാന്‍റെ വിശ്രപ്രസിദ്ധമായ ദ സെവൻത് സീലിലെ ആന്‍റോണീയോസ് ബ്ലോക്കും ബാബുസേനന്‍ ബ്രദേര്‍സിന്‍റെ ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ‍ഡെത്തിലെ ആനന്ദും മരണമെന്ന അനിവാര്യതയിലാണ് ഒടുവില്‍ എത്തി നില്‍ക്കുന്നത്. ബെര്‍ഗ്‌മാനും ബാബുസേനന്‍ ബ്രദേര്‍സും രണ്ട് വഴിയെ മരണത്തിലേക്ക് എത്തുന്നു എന്നുമാത്രം. 'പ്രത്യാശ' എന്ന വാക്ക് ഇരു സിനിമകളേയും സുന്ദരമായി വേര്‍തിരിച്ചിരിക്കുന്നു. 

 

click me!