
'മാസാന്' ശേഷം നീരജ് ഗെയ്വാൻ സംവിധാനം ചെയ്ത്, 2026 ഓസ്കർ പുരസ്കാരങ്ങളിലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് ചിത്രമാണ് ഹോംബൗണ്ട്. ചന്ദൻ കുമാർ, മുഹമ്മദ് ഷുഹൈബ് എന്നീ രണ്ട് സുഹൃത്തുക്കളുടെ ജീവിതം കൊണ്ട് ഇന്ത്യയുടെ യാഥാർഥ്യങ്ങളിലൂടെ കഥപറയുകയാണ് ചിത്രം. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. വിശാൽ അവതരിപ്പിക്കുന്ന ചന്ദൻ്റെ സുഹൃത്തും പ്രണയിനിയുമാണ് ജാൻവി കപൂർ അവതരിപ്പിക്കുന്ന സുധ ഭാരതി.
രണ്ടു യാഥാർഥ്യങ്ങളാണ് ചന്ദനും ഷുഹൈബിനും. ചന്ദൻ്റേത് ജാതിയെങ്കിൽ ഷുഹൈബിനത് മതമാണ്. അരപ്പട്ടിണിക്കാരായ ഇരുവരും പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് പോകുന്നത് കാണിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. അന്തസ്സോടെ ജീവിക്കാൻ ഇരുവരും നടത്തുന്ന ശ്രമങ്ങളെ പട്ടിണിയും അസമത്വവും പ്രതിസന്ധിയിലാക്കുകയാണ്.
സോഷ്യോ-പൊളിറ്റിക്കലായ അസമത്വങ്ങളും അഴിമതിയുമൊക്കെ കാണിച്ചാണ് ഇന്ത്യയുടെ യാഥാർഥ്യങ്ങളിലൂടെ ഹോംബൗണ്ട് കഥപറയുന്നത്. എന്നാൽ സിനിമാറ്റിക് ആയ ട്രീറ്റ്മെൻ്റ് അല്ല സിനിമയിലെ മനുഷ്യരുടെ സാഹചര്യങ്ങളോട് സംവിധായകനുള്ളത്. എംപതെറ്റിക് ആയി പ്രേക്ഷകനെ സിനിമകാണാൻ അനുവദിക്കുന്നത് സിനിമയ്ക്ക് നൽകിയിരിക്കുന്ന 'സൈലൻ്റ് ട്രീറ്റ്മെൻ്റ്' ആണ്. നെടുനീളൻ സംഭാഷണങ്ങളില്ലാതെ കഥപറയുന്നതുകൊണ്ടാണ് അഭിനാതാക്കളുടെ പ്രകടനങ്ങൾ വലിയ അഭിനന്ദനം അർഹിക്കുന്നതും.
ചന്ദനും ഷുഹൈബും സുധയും അവരുടെ സാഹചര്യങ്ങളെ നേരിടാനുള്ള നിരന്തര പോരാട്ടങ്ങളിലാണ്. ഒരു കുടുംബം മുഴുവനുമാണ് ഓരോരുത്തരെയും വിശ്വസിച്ച് നല്ല കാലത്തിനു കാത്തിരിക്കുന്നത്. വിദ്യാഭ്യാസവും സർക്കാർ ജോലിയും സ്വന്തമായ അടച്ചുറപ്പുള്ള ഒരു വീടും സമൂഹത്തിൽ നൽകിയേക്കാവുന്ന വില തലമുറകളായി നേരിടുന്ന അസമത്വത്തിനു പരിഹാരമാകുമെന്ന് വിശ്വസിക്കുകയാണവർ. ചന്ദൻ്റെയും ഷുഹൈബിൻ്റെയും കഴിഞ്ഞകാലം(ബാല്യം) എങ്ങനെയാണെന്ന് എവിടെയും സംവിധായകൻ പരാമർശിക്കുന്നില്ല. എന്നാൽ ചുറ്റുപാടുകൾ അവർക്കേൽപ്പിച്ച മുറിവകൾ എത്രയെന്നത് അതിനെ മറികടക്കാൻ ഇരുവരും നടത്തുന്ന പരിശ്രമങ്ങൾ പ്രേക്ഷകനു മനസിലാക്കിത്തരും. കൊവിഡ് കാലവും സിനിമയിൽ ഒരു പ്രധാന പ്ലോട്ട് ആകുന്നുണ്ട്. രാജ്യത്തെ ലോക്ഡൗൺ കാലം കംഫർട്ടബിൾ ആയി കഴിച്ചുതീർത്തവർക്ക് കൊവിഡ് ഇല്ലാതെയാക്കിയ ഒരുവിഭാഗം പേരുടെ ജീവിതങ്ങളെക്കൂടി സിനിമ ഓർമ്മിപ്പിക്കുന്നു.
ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ഒൻപത് മിനിറ്റ് സ്റ്റാൻഡിങ്ങ് ഒവേഷനാണ് ലഭിച്ചത്. 2025ലെ ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിൽ പീപ്പിൾസ് ചോയ്‌സ് ഇന്റർനാഷ്നൽ അവാർഡിൽ മത്സരിച്ച ചിത്രം രണ്ടാം സ്ഥാനവും നേടിയിരുന്നു. 2025 സെപ്റ്റംബറിൽ തിയേറ്റർ റിലീസായ ചിത്രം തുടർന്ന് ഒടിടിയിലും എത്തിയിട്ടുണ്ട്. സംവിധായകനായ നീരജ് ഗെയ്വാൻ തന്നെയാണ് ഹോംബൗണ്ടിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജും ശ്രീധർ ദുബെയും ചേർന്ന് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നു. ബെനെഡിക്റ്റ് ടെയ്‌ലറും നരേൻ ചന്ദാവർക്കറും ചേർന്നാണ് ‘ഹോംബൗണ്ടി’ന് സംഗീതമൊരുക്കിയിരിക്കുന്നത്. പ്രതീക് ഷായാണ് ഛായാഗ്രാഹകൻ. മാർട്ടിൻ സ്‌കോർസേസി, കരൺ ജോഹർ, അപൂർവ മേഹത്ത, അഡാർ പൂനാവാല, പ്രവീൺ കൈർനർ, സോമൻ മിശ്ര, എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. മുപ്പതാമത് ഐഎഫ്എഫ്കെയിൽ കാലിഡോസ്കോപ്പ് വിഭാഗത്തിലാണ് ഹോംബൗണ്ടിൻ്റെ പ്രദർശനം.