കൊമേഴ്‍സ്യല്‍ വഴിയില്‍ ഒരു ഫെസ്റ്റിവല്‍ സിനിമ- കിസ്സിംഗ് ബഗ് റിവ്യു

Published : Dec 16, 2025, 05:22 PM IST
Kissing Bug

Synopsis

മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കിസ്സിംഗ് ബഗിന്റെ റിവ്യു.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് കിസ്സിംഗ് ബഗ്. അര്‍ജന്റീന, ബ്രസീല്‍ സിനിമയായ കിസ്സിംഗ് ബഗ് ഒരു കൗമാരക്കാരനെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. നെല്‍സണ്‍ എന്ന കൗമാരക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡാൻസ് താരമാകണമെന്ന് കൊതിക്കുന്ന നെല്‍സണിന്റെ ജീവിത പശ്ചാത്തലങ്ങളുടെ കഥാന്തരീക്ഷത്തില്‍ മനോഹരമായ ഒരു കമിംഗ് ഓഫ് ഏജ് ഡ്രാമ അവതരിപ്പിച്ചിരിക്കുകയാണ് ലൂയിസ് സൊറാക്വിൻ.

സ്‍കൂള്‍ പഠനം ഉപേക്ഷിച്ചവനാണ് നെല്‍സണ്‍. അർജന്റീന- ബ്രസീൽ അതിർത്തിയിലൂടെ മൊബൈൽ ഫോണുകൾ കള്ളക്കടത്ത് നടത്തി പണമുണ്ടാക്കാൻ ശ്രമിക്കുകയാണ് നെല്‍സണ്‍. ഒരു ഘട്ടത്തില്‍ നെല്‍സണ്‍ പൊലീസ് പിടിയിലാകുന്നു. എന്നാല്‍ ചാരനായി പ്രവര്‍ത്തിച്ചാല്‍ ജയില്‍ മോചിതനാകാമെന്നും പണമടക്കമുള്ള പ്രതിഫലങ്ങള്‍ ലഭിക്കുമെന്നും പൊലീസ് ഓഫീസര്‍ നെല്‍സണിനെ ധരിപ്പിക്കുന്നു.

തുടര്‍ പൊലീസിന് വിവരം നല്‍കുന്നയാളായി പ്രവര്‍ത്തിക്കാൻ നെല്‍സണ്‍ നിര്‍ബന്ധിതനാകുന്നു. മാത്രവുമല്ല പുതിയ ഐഡന്റിറ്റി സ്വീകരിക്കുകയും ചെയ്യുന്നു. മറ്റൊരു നഗരത്തിലേക്ക് പറിച്ചുനടപ്പെടുകയാണ് നെല്‍സണ്‍. പൊലീസ് ഓഫീസര്‍ നിയന്ത്രിക്കുന്ന ഒരു കെയര്‍ ടേക്കറുടെ നിയന്ത്രണത്തിലാകുന്നു പിന്നീട് നെല്‍സണിന്റെ ജീവിതം.

ജാര എന്ന മയക്കുമരുന്ന് തലവന്റെ മക്കളുമായി അടുക്കാനായിരുന്നു നെല്‍സണിന് ലഭിച്ച നിര്‍ദ്ദേശം. തുടര്‍ന്ന് അവരുടെ മക്കള്‍ പഠിക്കുന്ന സ്‍കൂളില്‍ നെല്‍സണിനെ ചേര്‍ക്കുകയും ചെയ്യുന്നു. കരോള്‍ എന്ന് പേരുള്ള ഇളയ മകളുമായി നെല്‍സണ്‍ അടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവബഹുലമായ നെല്‍സണിന്റെ ജീവിതമാണ് കിസ്സിംഗ് ബഗ് പറയുന്നത്.

ഒരു വാണിജ്യ സിനിമയുടെ അതേ ലാഘവത്വത്തോടെ കണ്ടിരിക്കാവുന്നതാകുമ്പോഴും ആഖ്യാനത്തിലും തിരക്കഥയിലും പുതിയ ഭാവുകത്വം സ്വീകരിക്കുന്നുമുണ്ട് കിസ്സിംഗ് ബഗ്. കിസ്സിംഗ് ബഗ് എന്ന പേരു തന്നെ അതിനു ഉദാഹരണം. ആരാണ് കിസ്സിംഗ് ബഗ് എന്ന ചോദ്യമുയര്‍ത്തുന്നുണ്ട് പരസ്‍പരം ഒരു ഘട്ടത്തില്‍ കെയര്‍ ടേക്കറും നെല്‍സണും. (ചുംബന പ്രാണി (Kissing Bug) മനുഷ്യരിലേക്ക് ചഗാസ് എന്ന രോഗം പടര്‍ത്തുന്നവയാണ്). മയക്കുമരുന്ന് തലവനിലേക്ക് പൊലീസ് എത്തുന്നതിന് പ്രാധാന്യം നല്‍കുന്നുമില്ല സംവിധായകൻ. നുണകളും, പ്രണയവും, വഞ്ചനയുമെല്ലാം നിറഞ്ഞ ലോകത്തെ ദൃശ്യവത്കരിക്കുകയാണ് സംവിധായകൻ. ഒരു കമിംഗ് ഓഫ് ഏജ് ഡ്രാമയായിരിക്കുമ്പോള്‍ തന്നെ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍, റൊമാന്റിക് ഡ്രാമ എന്നീ ഴോണറുകളിലേക്കും ഇടകലരുന്നുണ്ട്.

കിസ്സിംഗ് ബഗ്ഗില്‍ എടുത്തുപറയേണ്ട ഒരു വിഭാഗം അതിന്റെ കൊറിയോഗ്രാഫിയാണ്. ഡാൻസര്‍ താരമാകാൻ കൊതിക്കുന്ന നെല്‍സണിന്റെ ശരീര ചലനങ്ങള്‍ അതീവ മനോഹാരിതയോടെയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. കരോളിനെ നെല്‍സണിലേക്ക് ആകര്‍ഷിക്കുന്നതും അതുതന്നെയാണ്. കരോള്‍ നെല്‍സണിന്റെ നൃത്തച്ചുവടുകള്‍ ചിത്രീകരിക്കുന്നതും ശ്രദ്ധേയമായ ഒരു രംഗമാണ്.

ലോറ അവിലയുമായി ചേര്‍ന്നെഴുതിയ തിരക്കഥ അര്‍ഹിക്കുന്ന തരത്തില്‍ ദൃശ്യാഖ്യാനം ചമയ്‍ക്കാൻ സംവിധായകൻ ലൂയിസ് സൊറാക്വിന് സാധിച്ചിട്ടുണ്ട്. പെഡ്രോ സാന്തിയാഗോയുടെ സംഗീതവും ചിത്രത്തിന്റെ ആത്മാവാണ്. ഫ്രാൻസിസ്കോ ഫ്രീക്സ, ബ്രൂണോ ഓട്രാൻ എന്നിവരുടെ എഡിറ്റിംഗും ചിത്രത്തെ ചടുലമാക്കുന്നു. ഒരു ഫെസ്റ്റിവല്‍ സിനിമാക്കാഴ്‍ച എന്നതിനൊപ്പം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒരു സ്വീകാര്യതയും ചിത്രത്തിന് ലഭിക്കുമെന്ന് തീര്‍ച്ച.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വര്‍ക്കിംഗ് ക്ലാസ് ജീവിതം, യാഥാര്‍ഥ്യബോധമുള്ള സൃഷ്‌ടി; ദി സെറ്റില്‍മെന്‍റ്- റിവ്യൂ
പ്രതിസന്ധികളുടെയും പ്രതീക്ഷകളുടെയും 'ഖിഡ്കി ഗാവ്'; റിവ്യു