
ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ രജനികാന്ത്- നെൽസൺ ചിത്രം ജയിലർ 2 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജയിലർ തെന്നിന്ത്യൻ ബോക്സ്ഓഫീസിൽ സൃഷ്ടിച്ച തരംഗത്തിന്റെ തുടർച്ച തന്നെയാണ് ജയിലർ 2 വിലൂടെ നെൽസണും രജനിയും ലക്ഷ്യമിടുന്നത് എന്നത് തന്നെയാണ് സിനിമ കണ്ടിറങ്ങുമ്പോൾ തോന്നുന്നത്. തന്റെ കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന മുത്തുവേൽ പാണ്ഡ്യൻ എന്ന തീഹാർ സെൻട്രൽ ജയിലിലെ മുൻ ജയിലർ പുതിയ പരീക്ഷണങ്ങളുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്.
സ്വന്തം മകനെ കൊല്ലേണ്ടി വന്നതിലെ പശ്ചാത്താപം അയാളുടെ ജീവിതത്തെ നിരന്തരം വേട്ടയാടുന്നുണ്ട്. തന്റെ കൈകോജ്ണ്ടാണ് മകൻ കൊല്ലപ്പെട്ടതെന്ന കാര്യം ഭാര്യയും മരുമകളും പേരക്കുട്ടിയും അറിയുമോ എന്ന ചിന്ത പലപ്പോഴും അയാളെ വേട്ടയാടുന്നുണ്ട്. അത്തരം വേട്ടയാടലിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ജയിലർ 2 വിന്റെ പ്രധാന ഘടകം.
രജനികാന്ത് എന്ന സൂപ്പർതാരത്തെ എങ്ങനെ സ്ക്രീനിൽ അവതരിപ്പക്കണമെന്ന് കൃത്യമായി ധാരണയുള്ള സംവിധായകരിൽ ഒരാളാണ് നെൽസൺ ദിലീപ്കുമാർ. പ്രേക്ഷകരെന്ന നിലയിൽ ജയിലറിലൂടെ നമ്മൾ അതിന് സാക്ഷ്യം വഹിച്ചതാണ്. ജയിലർ എവിടെ നിർത്തിയോ അതിന്റെ ബാക്കി കത്തിക്കയറുന്നത് രണ്ടാം ഭാഗത്തിലൂടെയാണ്. പൂർണമായും രജനി ആരാധകർക്ക് വേണ്ടി നിർമ്മിച്ച സിനിമ തന്നെയാണ് ജയിലർ 2. അതിനൊപ്പം ഇന്ത്യൻ സിനിമയിലെ പ്രധാന താരങ്ങളിൽ ചിലർ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുവന്നതും ശ്രദ്ധേയമായ കാര്യമാണ്.
ആദ്യ ഭാഗത്തിലുണ്ടായിരുന്ന മോഹൻലാൽ അവതരിപ്പിച്ച മാത്യു, ശിവരാജ് കുമാർ അവതരിപ്പിച്ച നരസിംഹ, ജാക്കി ഷെറോഫിന്റെ കാംദേവ് എന്നീ മൂന്ന് കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും വരുന്നുണ്ട്. മൂന്ന് പേരുടെയും കഥാപാത്രങ്ങളെ വളരെ സ്റ്റൈൽ ആയി തന്നെയാണ് റാടാം ഭാഗത്തിലും നെൽസൺ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തെ ജയിലറിൽ അവതരിപ്പിച്ച അത്രയും ഗംഭീരമായി രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നതിൽ നെൽസണ് പിഴച്ചോ എന്നും ആദ്യ ഷോ കണ്ടിറങ്ങുമ്പോൾ തോന്നുന്നുണ്ട്. രണ്ടാം ഭാഗത്തിൽ ഏറ്റവും സ്റ്റെലിഷ് ആയ എൻട്രി ലഭിച്ചത് ഹൃതിക് റോഷൻ അവതരിപ്പിച്ച റോഡി എന്ന കഥാപാത്രത്തിനാണ്.
ആദ്യഭാഗത്തെ അപേക്ഷിച്ച് പ്രതിനായക കഥാപാത്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെങ്കിലും വിനായകൻ അവതരിപ്പിച്ച വർമൻ എന്ന കഥാപാത്രം ജയിലർ ഫ്രാൻഞ്ചൈസിയിലെ എന്നല്ല തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച പ്രതിനായക കഥാപാത്രമായി അവശേഷിക്കുന്നുണ്ട്. പ്രകടനത്തിൽ എസ്ജെ സൂര്യയും സുരാജ് വെഞ്ഞാറമൂടും വിദ്യ ബാലനും മിഥുൻ ചക്രവർത്തിയും മികച്ചുനിന്നെങ്കിലും വിനായകന്റെ വർമൻ സൃഷ്ടിച്ച ബെഞ്ച്മാർക്ക് ഇന്നും അവിടെ തന്നെ നിലനിൽക്കുന്നു.
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്. ഓരോ രംഗത്തെയും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം വലിയ രീതിയിൽ മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്. സിനിമയുടെ മൂഡ് തന്നെ നിലനിർത്തുന്നത് അനിരുദ്ധ് ആണെന്ന് പറയാം. ആദ്യ പകുതിയിലെ കുറച്ച് ഇഴച്ചിൽ മാറ്റിനിർത്തിയാൽ സിനിമ മൊത്തത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. വൈകാരിക രംഗങ്ങളിൽ രജനി എന്ന നടന്റെ കയ്യടക്കം ഈ പ്രായത്തിലും അതിശയിപ്പിക്കുന്നതാണ്. വളരെ അനായാസമായാണ് രജനി മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി മാറിയിരിക്കുന്നത്.
കഥാപാത്രങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്. സ്ക്രീൻപ്രസൻസ് കൊണ്ട് നിറഞ്ഞുനിൽക്കുന്ന രജനിയും ബോധി കല്പക് എന്ന കഥാപാത്രമായി എസ് ജെ സൂര്യയും ഗംഭീരമാക്കി. വിദ്യ ബാലൻ അവതരിപ്പിച്ച കാന്ത കല്പക് അടുത്തകാലത്ത് കണ്ട ശക്തമായ സ്ത്രീ പ്രതിനായിക കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. മൂന്നാം ഭാഗത്തിനുള്ള സൂചനകളോടെയാണ് ചിത്രം അവസാനിക്കുന്നത്. മൂന്നാം ഭാഗത്തിൽ ഇനി എന്തൊക്കെയാണ് നെൽസൺ ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്നത് കണ്ടുതന്നെ അറിയണം.