മിസ്റ്ററി ത്രില്ലര്‍ എന്നതാണ് ജോണര്‍ എങ്കിലും ഭൗമയുടെ കഥപറച്ചിലില്‍ മറ്റ് ജോണറുകളും കടന്നുവരുന്നുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും ചലനാത്മകതയുള്ള ഇന്ഡസ്ട്രികളിലൊന്ന് മോളിവുഡ് ആണ്. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യത്തേക്കാള്‍ ഉള്ളടക്കത്തിന് പ്രാധാന്യം നല്കുന്ന പ്രേക്ഷകരാണ് പരീക്ഷണ സ്വാഭാവമുള്ള സിനിമകള്‍ ചെയ്യാന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ആത്മവിശ്വാസം പകരുന്നത്. അത്തരത്തില്‍ അസാധാരണ അനുഭവം വാഗ്ദാനം ചെയ്ത് എത്തിയ ചിത്രങ്ങളില്‍ ഏറ്റവും പുതിയ എന്‍ട്രിയാണ് ഭൗമ. പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ പകര്‍ന്ന പ്രതീക്ഷയ്ക്ക് ഒട്ടുമേ മങ്ങലേല്‍പ്പിക്കാത്ത കാഴ്ചാനുഭവമാണ് ഈ ചിത്രം പകരുന്നത്. മിസ്റ്ററി ത്രില്ലര്‍ ജോണറുകളില്‍ പല കാലങ്ങളായി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ വന്നിട്ടുണ്ടെങ്കിലും വേള്‍ഡ് ബില്‍ഡിംഗില്‍ യുണീക് ആയ ഒന്ന് സൃഷ്ടിച്ചെടുക്കുന്നുണ്ട് ഭൗമ. ജോണറിനോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്ന ചിത്രവുമാണ് ഇത്.
രണ്ട് കാലങ്ങളിലൂടെയും പല സ്ഥലങ്ങളിലൂടെയുമാണ് സംവിധായകനും രചയിതാവുമായ റെജിന്‍ എസ് ബാബു ഭൗമയുടെ കഥ പറഞ്ഞ് തുടങ്ങുന്നത്. ആദ്യ കാഴ്ചയില്‍ത്തന്നെ നിഗൂഢതയുടേതായ സെറ്റിംഗ് സൃഷ്ടിച്ചെടുക്കുന്നതില്‍ സംവിധായകനും ഛായാഗ്രാഹകനായ ശരണ്‍ വേലായുധനും വിജയിച്ചിട്ടുണ്ട്. കാസ്റ്റിംഗിലും ഡീറ്റെയ്ലിംഗിലും മറ്റ് സാങ്കേതിക ഘടകങ്ങളിലും പുലര്‍ത്തിയിട്ടുള്ള ശ്രദ്ധ പ്രേക്ഷകനെ വേഗത്തില്‍ തന്നെ ചിത്രത്തിന്റെ ഏറെ പ്രത്യേകതകളുള്ള ലോകത്തേക്ക് എത്തിക്കുന്നു. ഹൈറേഞ്ചിലെ ഒരു ഫ്ലാഷ് ബാക്ക്, അവിടെ ഒരു വലിയ ബംഗ്ലാവില്‍ രാത്രി വിരുന്നിനെത്തുന്ന ഒരു പറ്റം അതിഥികള്‍, സമാന്തരമായി ഇന്നത്തെ ഒരു നഗരത്തില്‍ രാത്രി റോന്ത് ചുറ്റുന്ന പൊലീസ് ഉദ്യോഗസ്ഥര്‍, നഗരത്തിലെ ഒരു ലിവിംഗ് ടുഗെതര്‍ കപ്പിള്‍... ഇത്തരത്തില്‍ പല പ്രതലങ്ങളിലായി കഥ പറഞ്ഞ് തുടങ്ങുന്ന ചിത്രം ആദ്യ മിനിറ്റുകളില്‍ തന്നെ കാണികളെ ഹുക്ക് ചെയ്യുന്നുണ്ട്. മിസ്റ്ററി ത്രില്ലര്‍ ചിത്രങ്ങളില്‍ നിരവധി ആവര്‍ത്തിച്ചിട്ടുള്ള കഥാപരിസരങ്ങള്‍ കടന്നു വരുന്നുണ്ടെങ്കിലും മുന്നോട്ടുപോക്കില്‍ അവയില്‍ നിന്ന് ഒട്ടുമേ പ്രതീക്ഷിക്കാത്ത തിരിവുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതാണ് ഭൗമയെ ആകര്‍ഷകമാക്കുന്നതും.

ദിലീഷ് പോത്തനാണ് ചിത്രത്തിലെ പ്രധാന പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രേവതി ശര്‍മ്മയും സാഗര്‍ സൂര്യയുമാണ് ചിത്രത്തിലെ യംഗ് കപ്പിള്‍ ആയി എത്തുന്നത്. ഫുഡ് ഡെലിവറി ജോലി ചെയ്ത് ജീവിക്കുന്ന സാഗര്‍ സൂര്യയുടെ കഥാപാത്രത്തിന്റെ പങ്കാളിയെത്തേടി ഒരിക്കല്‍ ഒരു അഭിഭാഷകന് എത്തുകയാണ്. അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിവരവുമായാണ് അയാള്‍ എത്തുന്നത്. വേരുകളെക്കുറിച്ചുള്ള അറിവുകളും സാധ്യതയുടെ പുതിയൊരു ലോകവും അവര്‍ക്ക് മുന്നില്‍ തുറക്കുകയാണ്. അതിനെ പിന്‍പറ്റി അവര്‍ നടത്തുന്ന യാത്രയെ ഫോളോ ചെയ്യുകയാണ് പിന്നീട് പ്രേക്ഷകര്‍. ഒരു കഥാപാത്രത്തിന്റെ പോയിന്റ് ഓഫ് വ്യൂവിലല്ല കഥ പറയുന്നത് എന്നതാണ് ഭൗമയുടെ മറ്റൊരു പ്രത്യേകത. സാഗര്‍ സൂര്യയുടെയും രേവതി ശര്‍മ്മയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ത്തന്നെ ദിലീഷ് പോത്തന്റെയും സഹ പൊലീസുകാരുടെയും അന്വേഷണത്തിനൊപ്പവും പ്രേക്ഷകര്‍ സഞ്ചരിക്കുന്നുണ്ട്. ഇതാണ് ചിത്രത്തെ അണ്പ്രഡിക്റ്റബിള് ആക്കുന്നതും. വിനീത്, മധുപാല്‍, മണിക്കുട്ടന്, ജാഫര്‍ ഇടുക്കി തുടങ്ങി നമുക്ക് സുപരിചിതരായ താരങ്ങളെ വേറിട്ട തരത്തില്‍ അവതരിപ്പിച്ചതടക്കം കാസ്റ്റിംഗില്‍ വലിയ മികവ് പുലര്‍ത്തിയിട്ടുണ്ട് ചിത്രം. പ്രകടനത്തില്‍ രേവതി ശര്‍മ്മ വലിയ കൈയടി അര്‍ഹിക്കുന്നുണ്ട്.
സിനിമാറ്റോഗ്രഫിയും സംഗീതവും എഡിറ്റിംഗും എന്ന് തുടങ്ങി കാസ്റ്റിംഗും പ്രൊഡക്ഷന്‍ ഡിസൈനുമടക്കം സാങ്കേതികവും കലാപരവുമായ എല്ലാ ഘടകങ്ങളിലും മികവ് പുലര്‍ത്തുന്നുണ്ട് ചിത്രം. മിസ്റ്ററി ത്രില്ലര്‍ ജോണറിലുള്ള ഒരു ചിത്രത്തിന്റെ അണിയറയില്‍ ആ മികവ് ആവശ്യവുമാണ്. ഭ്രമയുഗം അടക്കമുള്ള ചിത്രങ്ങളിലൂടെ വലിയ ആസ്വാദകപ്രീതി നേടിയ ക്രിസ്റ്റോ സേവ്യര്‍ ആണ് ഭൗമയുടെ സംഗീത സംവിധാനം. ചിത്രത്തിന്റെ ഏറെ യുണീക് ആയ വേള്‍ഡ് സെറ്റിംഗിനെ ഒന്നുകൂടി ഉയര്‍ത്തുന്നുണ്ട് ക്രിസ്റ്റോയുടെ സംഗീതം. എന്നാല്‍ അത് ഒരിക്കലും ആസ്വാദനത്തെ തടസപ്പെടുത്തുന്ന തരത്തിലേക്ക് ലൗഡ് ആവുന്നുമില്ല. സൂരജ് ഇ എസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. പല കാലങ്ങളിലും ഭൂമികകളിലും കഥ പറയുന്ന ചിത്രം കാണുന്ന പ്രേക്ഷകന് ഒട്ടുമേ കണ്ഫ്യൂഷന് ഉണ്ടാക്കാത്ത തരത്തില്‍ സ്മൂത്ത് ആയാണ് സൂരജ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ശരണ്‍ വേലായുധന്റെ മികച്ച വര്‍ക്ക് ആണ് ഭൗമ. വനമധ്യത്തിലെ ഒരു പഴയ ബംഗ്ലാവും നഗരമധ്യവും പോലെ തികച്ചും കോണ്‍ട്രാസ്റ്റിംഗ് ആയ ഇടങ്ങളെ ഒരു മജീഷ്യനെപ്പോലെ ചേര്‍ത്ത് കൊണ്ടുപോയിട്ടുണ്ട് ശരണിന്റെ ക്യാമറ.

മിസ്റ്ററി ത്രില്ലര്‍ എന്നതാണ് ജോണര്‍ എങ്കിലും മറ്റ് ജോണറുകളും ഭൗമയുടെ കഥപറച്ചിലില്‍ മറ്റ് ജോണറുകളും കടന്നുവരുന്നുണ്ട്. പൊലീസിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ഉടനീളം പാരലല്‍ ആയി പോകുന്നുണ്ട്. പേടിപ്പിക്കുമെന്ന് കൊട്ടിഘോഷിച്ചെത്തുന്ന ചില ഹൊറര്‍ ചിത്രങ്ങളേക്കാള്‍ മികച്ച രീതിയില്‍ ചില ഹൊറര്‍ നിമിഷങ്ങളും ചിത്രം സമ്മാനിക്കുന്നുണ്ട്. 2003 ല്‍ പുറത്തെത്തിയ പെന്‍ഡുലം എന്ന ചിത്രത്തിലൂടെ വേറിട്ട കഥപറച്ചില്‍ നടത്തിയ സംവിധായകനാണ് റെജിന്‍ എസ് ബാബു. ഭൗമയിലെത്തുമ്പോള് ക്രാഫ്റ്റ്സ്മാന്‍ എന്ന നിലയില്‍ തന്നിലെ സംവിധായകന്റെ വളര്‍ച്ച അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ട്. വേറിട്ട അനുഭവം സമ്മാനിക്കുന്ന സിനിമയാണ് ഭൗമ. തിയറ്റര്‍ വാച്ച് ആവശ്യപ്പെടുന്ന ഒന്നും.













