
പലതരം വിനോദങ്ങളെ, കായിക ഇനങ്ങളെ കേന്ദ്രമാക്കിയുള്ള നിരവധി സിനിമകൾ ഇതിനകം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പ്രത്യേകിച്ച് തമിഴ് ഇന്റസ്ട്രിയിൽ. അക്കൂട്ടത്തിലേക്കൊരു സിനിമ കൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്ന് തിയറ്ററുകളിൽ എത്തിയ'ജോക്കി' ആണ് ആ ചിത്രം. ആടുകൾ തമ്മിലുള്ള പോരാട്ടത്തിന്റെ(കെഡാ സണ്ടൈ) കഥ പറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ് ജോക്കി എന്ന് ഒറ്റ വാക്കിൽ പറയാം. 'മഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡോ. പ്രഗഭാൽ സംവിധാനം ചെയ്ത ജോക്കി, മധുരയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിരിയിരിക്കുന്നത്.
ജെല്ലിക്കെട്ടും കോഴിപ്പോരും പോലെ മധുര മേഖലയിൽ ആട് പോരും പണ്ടേയുള്ള പാരമ്പര്യ കായിക ഇനമാണ്. പൂർണമായും ഈ കായിക വിനോദത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ സിനിമ എന്നതാണ് ജോക്കിയുടെ ഏറ്റവും വലിയ പ്രത്യേകത. നാട്ടിൻ പുറത്തെ മനോഹാരിത ഒപ്പിയെടുത്ത ചിത്രത്തിൽ രണ്ട് കെഡാ സണ്ടൈ ടീമുകളാണ് ഉള്ളത്. അവരുടെ വീറും വാശിയുമെല്ലാം അതി ഗംഭീരമായി ചിത്രത്തിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്. നാട്ടിൻപുറത്തെ മനുഷ്യരേയും അവരുടെ ജീവിത രീതികളേയും ഒപ്പിയെടുക്കുന്നതിലും ചിത്രം നൂറ് ശതമാനം നീതി പുലർത്തിയിട്ടുണ്ട്.
യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവരാണ് ജോക്കിയിലെ പ്രധാന താരങ്ങൾ. ഓട്ടോ ഡ്രൈവറായ രാമർ എന്ന കഥാപാത്രത്തെയാണ് യുവൻ അവതരിപ്പിക്കുന്നത്. 'കാളി' എന്ന ആടാണ് അവന്റെ ലോകം. എല്ലാ വർഷവും മത്സരത്തിൽ മെഡലുകൾ വാരിക്കൂട്ടുന്ന, ചാമ്പ്യനാണ് കാർത്തിക്. ഇവർ രണ്ടുപേരും തമ്മിൽ ഏറ്റുമുട്ടുന്നിടത്ത് കഥ വലിയൊരു വഴിത്തിരിവിലേക്ക് കടക്കുന്നു. അപ്രതീക്ഷിതമായി, കാളി മത്സരത്തിൽ ജയിക്കുകയും ചെയ്തു. എന്നാൽ തോൽവി അംഗീകരിക്കാൻ കഴിയാതെ കാർത്തിക് പ്രതികാരം വീട്ടാൻ ശ്രമിക്കുന്നതാണ് പ്രമേയം. സംഘട്ടനങ്ങളും പ്രതികാര ശ്രമങ്ങളുമൊക്കെയായി ഒരു പക്കാ ആക്ഷൻ എന്റർടെയ്നറാണ് ജോക്കി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സംഘർഷങ്ങൾക്കൊപ്പം പ്രണയവും ഒഴുക്കിനനുസരിച്ച് ചിത്രത്തിൽ വന്നു പോകുന്നുണ്ട്.
മൂന്നുവർഷത്തെ നിരീക്ഷണത്തിന് ഒടുവിലാണ് പ്രഗഭാൽ, ജോക്കിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മധുരയുടെ യാഥാർത്ഥ്യവും അംശവും ഓരോ സീനിലും മിന്നിത്തിളങ്ങുന്നുണ്ട്. സിനിമയിൽ ഒരു സീനിൽ വന്നു പോകുന്നവർ വരെ അതി മനോഹരമായ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. യുവൻ കൃഷ്ണയും റിദാൻ കൃഷ്ണാസും തങ്ങളുടെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലർത്തിയിട്ടുണ്ട്. നായികയായ അമ്മു അഭിരാമിയും കഥാപാത്രത്തോട് നീതി പുലർത്തിയിരിക്കുന്നു.
പി.കെ. സെവൻ സ്റ്റുഡിയോസാണ് ജോക്കിയുടെ നിർമാണം. ശക്തി ബാലാജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസറായി ആർ. പി. ബാലയും, പ്രൊഡക്ഷൻ കൺട്രോളറായി എസ്. ശിവകുമാറും പ്രവർത്തിക്കുന്നു. കലാസംവിധാനം : സി. ഉദയകുമാർ, ഓഡിയോഗ്രാഫി : എം. ആർ. രാജകൃഷ്ണൻ, സ്റ്റണ്ട് കൊറിയോഗ്രഫി : ജാക്കി പ്രഭു, വസ്ത്രാലങ്കാരം: ജോഷ്വ മാക്സ്വെൽ ജെ, മേക്കപ്പ് :പാണ്ട്യരാജൻ , കളറിസ്റ്റ് : രംഗ, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.