മനസില്‍ കുടിയേറും ഈ 'കള്ളനും ഭ​ഗവതിയും'; റിവ്യൂ

By Web TeamFirst Published Mar 31, 2023, 4:44 PM IST
Highlights

കള്ളന്‍ മാത്തപ്പനായി വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍റെ മികച്ച പ്രകടനം

സ്വന്തം പേരിനൊപ്പം നാട്ടുകാര്‍ ചാര്‍ത്തി തന്ന കള്ളന്‍ എന്ന വിശേഷണത്തില്‍ സ്വയം പരിചയപ്പെടുത്താന്‍ മടിയില്ലാത്ത മാത്തപ്പന്‍ എന്ന കള്ളന്‍ മാത്തപ്പന്‍. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് ജീവിക്കേണ്ടിവന്ന അയാള്‍ ശരിക്കും കാര്യമായ ഒരു മോഷണം പോലും വിജയകരമായി ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. നേടാനായത് കള്ളന്‍ എന്ന പേര് മാത്രം. ജീവിതം ആകെ മടുത്ത് ആത്മഹത്യ അഭയമെന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് അയാള്‍. ഒരു സന്ദി​ഗ്ധ ഘട്ടത്തില്‍ അവിചാരിതമായി പരിചയപ്പെടുന്ന ഒരാളുടെ നിര്‍ദേശപ്രകാരം ജീവിതത്തില്‍ ഒരു അവസാന ചാന്‍സ് കൂടി എടുക്കാന്‍ അയാള്‍ തീരുമാനിക്കുകയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജയ്ക്കായി നട തുറക്കാറുള്ള വനമധ്യത്തിലുള്ള ഒരു ക്ഷേത്രത്തിലെ വി​ഗ്രഹ മോഷണമാണ് മാത്തപ്പന്‍റെ ലക്ഷ്യം. എന്നാല്‍ അവിടുന്നങ്ങോട്ട് അയാളെ കാത്തിരിക്കുന്നത് അപ്രതീക്ഷിതവും അവിശ്വസനീയവുമായ ചില സംഭവങ്ങളാണ്. കൗതുകമുണര്‍ത്തുന്ന ആ കഥയിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് കള്ളനും ഭ​ഗവതിയും എന്ന ചിത്രത്തിലൂടെ ഈസ്റ്റ് കോസ്റ്റ് വിജയന്‍.

ചിത്രത്തിന്‍റെ സംവിധാനത്തിനൊപ്പം സഹരചനയും നിര്‍മ്മാണവും വിതരണവുമൊക്കെ ഈസ്റ്റ് കോസ്റ്റ് വിജയനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രവുമാണ് കള്ളനും ഭ​ഗവതിയും. കള്ളന്‍ മാത്തപ്പനായി വിഷ്ണു ഉണ്ണികൃഷ്ണന്‍ എത്തുമ്പോള്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന ദേവിയായി എത്തിയിരിക്കുന്നത് ബം​ഗാളി താരം മോക്ഷയാണ്. അനുശ്രീയാണ് നായിക. ലളിതമായി പറഞ്ഞുപോകുന്ന അസാധാരണമായ കഥയാണ് കള്ളനും ഭ​ഗവതിയും എന്ന ചിത്രത്തിന്‍റേത്. അതേസമയം അത് ഏറെ രസകരമായും നര്‍മ്മത്തിന്‍റെ അകമ്പടിയോടെയുമാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ അവതരിപ്പിച്ചിരിക്കുന്നത്. കെ വി അനില്‍ ആണ് ഈസ്റ്റ് കോസ്റ്റ് വിജയനൊപ്പം ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഭക്തിയുടെ ഘടകം കടന്നുവരുന്ന ചിത്രങ്ങളില്‍ ഹ്യൂമര്‍ കടന്നുവരുന്നത് അപൂര്‍വ്വമാണ്. അത്തരത്തില്‍ അപൂര്‍വ്വമായ കോമ്പിനേഷന്‍ ആണ് ഈ ചിത്രത്തിലുള്ളത്. 

 

കള്ളന്‍ മാത്തപ്പനെ അയാളുടെ ചുറ്റുപാടിനും പ്രദേശത്തിനുമൊപ്പം പരിചയപ്പെടുത്തി കഥയിലേക്ക് നേരിട്ടു കടക്കുകയാണ് സംവിധായകന്‍. സിനിമയുടെ മെയില്‍ പ്ലോട്ട് ആയ ദേവി എപ്പിസോഡിലേക്ക് വരുന്നതോടെ സിനിമ കൂടുതല്‍ എന്‍​ഗേജിം​ഗ് ആവുന്നു. ദേവിയായി മികച്ച കാസ്റ്റിം​ഗ് ആണ് മോക്ഷയുടേത്. ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നുമാണ് കള്ളന്‍ മാത്തപ്പന്‍റേത്. ജീവിതത്തില്‍ ഒന്നുമാകാതെ പോയ ഒരു പരാജിതന്‍റെ, അതേസമയം നൊടിയില്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കുന്ന ഒരു മോഷ്ഠാവിന്‍റെ ശരീരഭാഷയൊക്കെ വിഷ്ണു സ്ക്രീനില്‍ എത്തിക്കുന്നുണ്ട്. പാലക്കാടന്‍ ​ഗ്രാമഭം​ഗിയിലാണ് സിനിമ പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്. ആ ദൃശ്യഭം​ഗി പൂര്‍ണ്ണമായും ഒപ്പിയെടുക്കുന്നുണ്ട് ചിത്രത്തിന്‍റെ ഫ്രെയ്‍മുകള്‍. രതീഷ് റാം ആണ് സിനിമയുടെ ഛായാ​ഗ്രാഹകന്‍. മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിന്‍റെ മറ്റൊരു പ്ലസ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. 

 

സിനിമ സാങ്കേതികമായും വിഷയ സ്വീകരണത്തിലും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ആഖ്യാനത്തിലെ ലാളിത്യം പലപ്പോഴും കൈമോശം വരുന്നുണ്ട്. എന്നാല്‍ പോയകാലം മലയാളി ഏറെ ആഘോഷിച്ച ചിത്രങ്ങളില്‍ പലതും ലളിതാഖ്യാനത്തിന്‍റെ മനോഹാരിത ഉള്ളവയായിരുന്നു. കള്ളനും ഭഗവതിയും അക്കൂട്ടത്തില്‍ പെടുത്താവുന്ന ചിത്രമാണ്. നടനായും നായകനായും ഇനിയും ഏറെ ഉപയോഗപ്പെടുത്താവുന്ന ആളാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നത് അടിവരയിടുന്നുമുണ്ട് കള്ളനും ഭഗവതിയും.

ALSO READ : 'കാബൂളിവാലയില്‍ കാസ്റ്റ് ചെയ്തതിനുശേഷം ഒഴിവാക്കി'; ബിഗ് ബോസില്‍ ജീവിതം പറഞ്ഞ് ഷിജു

click me!