
വിഷ്ണു മഞ്ചുവിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘കണ്ണപ്പ’ എന്ന പാൻ-ഇന്ത്യൻ പുരാണ ചലച്ചിത്രം ഒടുവില്‍ തീയറ്ററില്‍ എത്തി. ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യം ആസ്പദമാക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ റിലീസ് ചെയ്തിട്ടുണ്ട്. ഭക്തിയുടെ ആത്മീയ ആഴവും വൈകാരിക ശക്തിയും എടുത്തുകാട്ടുന്ന ഒരു ആക്ഷന്‍ ഇമോഷണല്‍ യാത്രയാണ് ചിത്രം എന്ന് തന്നെ പറയാം. .
മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ‘കണ്ണപ്പ’യില്‍ തിന്ന എന്ന വേട്ടക്കാരന്‍ നിരീശ്വരവാദിയില്‍ നിന്നും ഒരു ശിവഭക്തനായി മാറുന്ന ആത്മീയ യാത്രയാണ് ആവിഷ്കരിക്കുന്നത്. വിഷ്ണു മഞ്ചു തന്നെയാണ് കേന്ദ്ര കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതി, പ്രത്യേകിച്ച് ക്ലൈമാക്സ്, പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കുന്നതാണ്. ഭക്തി ഇല്ലാത്തവര്‍ക്കും വിഷ്ണു മഞ്ചുവിന്‍റെ ഈ ഭാഗത്തെ പ്രകടനം ശരിക്കും ഒരു അനുഭവം ആകും.
കണ്ണപ്പയുടെ അവസാന 40 മിനിറ്റുകൾ അതിമനോഹരമായി തന്നെ രചിതാവായ നായകനും സംവിധായകനും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഒരു ആത്മീയ അനുഭവം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കാഴ്ചകളാണ് പ്രേക്ഷകര്‍ക്ക് ഇവിടെ വാഗ്ദാനം ചെയ്യുന്നത്. പ്രഭാസിന്റെ ‘രുദ്ര’ എന്ന കഥാപാത്രത്തിന് 25 മിനിറ്റ് ദൈർഘ്യമുള്ള ക്യാമിയോയാണ് ചിത്രത്തില്‍ ലഭിക്കുന്നത്. ഇതില്‍ പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന എല്ലാ ഘടകങ്ങളും ഉണ്ട്.
മോഹൻലാലിന്റെ ‘കിരാത’ എന്ന കഥാപാത്രവും അക്ഷയ് കുമാറിന്റെ ശിവന്‍റെ വേഷവും പ്രേക്ഷകർക്ക് സർപ്രൈസ് പാക്കേജാണ്. മോഹൻലാലിന്റെ കഥാപാത്രം ഒരു വലിയ ആകർഷണം തന്നെയാണ് കഥയില്‍ ഉണ്ടാക്കുന്നത്. ഇന്‍റര്‍വെല്‍ പഞ്ച് പോലും മോഹന്‍ലാലിന്‍റെ പത്ത് മിനുട്ടിനോട് അടുത്തുള്ള ക്യാമിയോയിലാണ് പറയുന്നത്. വിഷ്ണു മഞ്ചുവിന്റെ ക്ലൈമാക്സിലെ പ്രകടനം ചിലപ്പോള്‍ ഭക്തനായ ഒരു പ്രേക്ഷകന് കണ്ണീര്‍ സമ്മാനിക്കുന്ന നിമിഷമായി മാറുന്ന തീവ്രതയിലാണ് എടുത്തിരിക്കുന്നത്.
പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പല കഥാപാത്രങ്ങളെയും കുത്തിനിറയ്ക്കാതെ കൃത്യമായ സ്പേസ് നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ സംഗീതവും ബാക്ക്ഗ്രൗണ്ട് സ്കോറും അതിമനോഹരമായാണ് സ്റ്റീഫന്‍ ദേവസ്യ ഒരുക്കിയിരിക്കുന്നത്. ബിജിഎം ഓരോ രംഗത്തിന്‍റെയും ആഴം വ്യക്തമാക്കുന്ന രീതിയിലാണ് എന്ന് പറയാം. വിഎഫ്എക്സ് രണ്ടാം പകുതിയില്‍ മികച്ച രീതിയില്‍ തന്നെ ചിത്രത്തെ പിന്തുണയ്ക്കുന്നുണ്ട്.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ഗംഭീരമായ ജോലി ചിത്രത്തില്‍ എടുത്തിട്ടുണ്ട്. പ്രധാന ലൊക്കേഷനായ ന്യൂസിലാന്‍റിന്‍റെ മനോഹാരികത പൗരാണികത ഇന്ത്യയിലേക്ക് പറിച്ചുനടുന്ന പോലെയാണ് ഛായഗ്രാഹകന്‍ തന്‍റെ ജോലി ചെയ്തിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ചിന്ന
‘കണ്ണപ്പ’ വിഷ്ണു മഞ്ചുവിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരുടെ ശക്തമായ ക്യാമിയോകളും മോഹൻ ബാബുവിന്റെ നിർമാണ മികവും ചിത്രത്തെ ഒരു പാൻ-ഇന്ത്യൻ വിരുന്നായി തന്നെ മാറ്റുന്നു എന്ന് പറയാം. ‘കണ്ണപ്പ’ ശിവഭക്തർക്ക് മാത്രമല്ല, പൗരാണിക കഥകളോടും ആത്മീയതയോടും താത്പര്യമുള്ളവർക്കും ഒരു വിരുന്നാണ്. കാന്താരയുടെ വൈകാരിക തീവ്രതയോട് ഉപമിക്കാവുന്ന ഒരു ക്ലൈമാസാണ് ചിത്രത്തിന് എന്നത് ഹൈലൈറ്റാണ്.