
ചില സിനിമകൾ അങ്ങനെയാണ്, തിയറ്റർ വിട്ടിറങ്ങിയാലും അവയുടെ അലയൊലികൾ മനസിലങ്ങനെ കിടക്കും. ഇതൊക്കെ അല്ലേ നമ്മുടെ സമൂഹത്തിൽ ഇപ്പോൾ നടക്കുന്നത് എന്ന് നമ്മോട് തന്നെ ചോദിപ്പിപ്പിക്കും. അത്രയും ഗൗരവമുള്ളൊരു വിഷയമാകും സിനിമ സംസാരിക്കുന്നതും. അത്തരമൊരു ചിത്രമാണ് അരുൺ വൈഗയുടെ സംവിധാനത്തിൽ ഇന്ന് തിയറ്ററുകളിൽ എത്തിയ 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'. ഫാമിലി- ഫീൽഗുഡ് എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം കേരളത്തിൽ ഇപ്പോൾ നടക്കുന്ന ചില സംഭവങ്ങളുടെ നേർസാക്ഷ്യം കൂടിയാണ്. അത് കറക്ടായി എക്സിക്യൂട്ട് ചെയ്യാൻ രചയിതാവ് കൂടിയായ അരുൺ വൈഗയ്ക്ക് സാധിച്ചു എന്നത് അഭിനന്ദനാർഹമാണ്.
കേരളത്തിന്റെ മുഖ്യന്ത്രിയും പ്രതിപക്ഷവും മൂന്നാം മുന്നണിയും ചേർന്നൊരു വാർത്താ സമ്മേളനം വിളിക്കുന്നു. അതെന്തിനാണെന്ന ചോദ്യം നിലനിർത്തിക്കൊണ്ടാണ് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' മുന്നോട്ട് പോകുന്നത്. ടോണി, ഇയാളുടെ പിതാവ് റോയി എന്ന റോയിച്ചൻ, ഏക, വിനയൻ, ഫാദർ മൈക്കിൾ എന്നിവരാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയിലെ പ്രധാന കഥാപാത്രങ്ങൾ. രഞ്ജിത് സജീവ് അവതരിപ്പിക്കുന്ന ടോണിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. അച്ഛന്റെ ഇഷ്ടത്തിന് ലണ്ടനിലേക്ക് പോകാൻ നിൽക്കുന്ന ആളാണ് ടോണി. എന്നാൽ അയാൾക്കിഷ്ടം തന്റെ സ്വന്തം നാട്ടിൽ നിൽക്കണമെന്നാണ്. അതിന് വേണ്ടി പല അടവുകളും പയറ്റുന്ന ടോണി, അവസാനം താൻ ആഗ്രഹിച്ചത് പോലൊരു ജീവിതത്തിലേക്ക് എത്തിപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ അതിന് കടമ്പകൾ ഏറെയാണ്. അവയെല്ലാം മറികടന്ന് ഓരോ യുവതയ്ക്കും മാതൃകയായി മാറുന്ന, സക്സസിലേക്ക് എത്തുന്നുണ്ട് ടോണി. ഇതാണ് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യുടെ രത്നചുരുക്കം എന്ന് പറയാം.
ഇന്ന് കേരളത്തിൽ നടക്കുന്ന, ഇനിയും ഒട്ടനവധി പേർക്ക് സംഭവിക്കാൻ പോകുന്ന അവസ്ഥയാണ് ചിത്രം പറയുന്നത്. വിദേശത്ത് പറഞ്ഞ് വിട്ട് കാശുണ്ടാക്കാൻ മക്കളെ തയ്യാറാക്കുന്ന മാതാപിതാക്കളുടെ നേർ സാക്ഷ്യം കൂടിയാണ് ചിത്രം. സ്വന്തം ലക്ഷ്യം എത്തിപ്പിടിക്കാൻ നാടുവിടേണ്ട, ചുറ്റുമൊന്ന് ശ്രദ്ധിച്ചാൽ അതിനുള്ള വഴി ഉണ്ടാകുമെന്ന് കാണിച്ചു തരുന്നുമുണ്ട് സിനിമ. എന്നാൽ ഇത്തരത്തിൽ വളർന്നുവരുന്നവരെ സ്വന്തം നാട്ടിലെ തന്നെ ആളുകൾ നിലംപരിശാക്കാൻ, അവനെ ഉയർന്ന് വരാൻ അനുവദിക്കാതെ വിലങ്ങിടാൻ, പകവച്ച് പോറ്റുന്ന നിരവധി പേരെയും യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയിൽ കാണാം. പലപ്പോഴും നമ്മൾ അഭിമുഖീകരിച്ച പ്രശ്നങ്ങളല്ലേ ഇതെല്ലാം എന്ന് തോന്നിപ്പിക്കുന്ന കഥാസന്ദർഭങ്ങളും ധാരാളം. സ്വന്തം നാട്ടിൽ ജോലി ചെയ്യുന്നവരാണോ വിദേശത്തേക്ക് പോകുന്നവരാണോ കേരളത്തിൽ കൂടുതൽ എന്നൊരു ചോദ്യവും സിനിമ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇവയെല്ലാം തന്നെ അരുൺ വൈഗ വളരെ കൃത്യമായി തന്നെ എക്സിക്യൂട്ട് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ചിത്രത്തിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ വളരെ കൃത്യതയോടെ ചെയ്തിട്ടുണ്ട്. ഭൂരിഭാഗവും പുതുമുഖങ്ങളാണെങ്കിലും അതിന്റെ യാതൊരുവിധ പോരായ്മകളും അവരിൽ ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് സെക്കൻഡ് ഹാഫിൽ നിനച്ചിരിക്കാതെ പ്രേക്ഷകരുടെ ഹൃദയത്തെ തൊട്ട, കണ്ണിനെ ഈറനണിയിപ്പിച്ച ജ്യോതി എന്ന കഥാപാത്രം.
ജോണി ആന്റണി, മഞ്ജു പിള്ള, ഇന്ദ്രൻസ്, മനോജ് കെ ജയൻ എന്നിവരാണ് സീനിയർ താരങ്ങൾ. അവരെല്ലാം പതിവ് പോലെ അവരവരുടെ വേഷങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ജോണി ആന്റണി. നിസ്സഹാതയും വാശിയും അച്ഛനോടുള്ള സ്നേഹവും പേറി നടക്കുന്ന കഥാപാത്രമാണ് ടോണി. ഈ വേഷം രഞ്ജിത്ത് മികവുറ്റതാക്കിയിട്ടുണ്ട്. എവിടെയൊക്കെയോ കണ്ടൊരു മുഖമല്ലേ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു മഞ്ജു പിള്ളയുടെ വേഷം. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
സാധാരണ ഫീൽഗുഡ് പടങ്ങളിൽ നിന്നും വിഭിന്നമായി, വളരെ ഗൗരവകരമായൊരു വിഷയത്തെ രാഷ്ട്രീയവും ഉൾപ്പെടുത്തി കല്ലുകടികളൊന്നും ഇല്ലാതെ ബിഗ് സ്ക്രീനിൽ എത്തിച്ചു എന്നത് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യുടെ വലിയൊരു വിജയമാണ്. മികവുറ്റ പശ്ചാത്തല സംഗീതവും അടിപൊളി ഗാനങ്ങളും സമ്മാനിച്ച രാജേഷ് മുരുകേശനും കയ്യടി അർഹിക്കുന്നുണ്ട്. ഇടയ്ക്ക് വീണ് പോകുമെന്ന് കരുതിയിടത്തെല്ലാം പടത്തെ താങ്ങിനിർത്തിയതും അദ്ദേഹത്തിന്റെ സംഗീതം തന്നെയാണ്. ആകെ മൊത്തത്തിൽ ഇന്നത്തെ തലമുറയും മാതാപിതാക്കളും കണ്ടിരിക്കേണ്ട പടമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള.