കര്‍ണൻ: ദളിത് അവകാശ സമരങ്ങളുടെ ആഘോഷം

By Web TeamFirst Published Apr 12, 2021, 8:22 PM IST
Highlights

മുഖമില്ലാത്ത രൂപങ്ങൾ ആരാധിക്കപെടുകയും വരയപ്പെടുകയും ചെയ്യുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന് പ്രതിഷേധത്തിന്റെതായ ഒരു മുഖം കൈവരുന്ന കാഴ്‍ചയാണ്  മാരി സെൽവരാജിന്റെ ഈ ചിത്രം- കുഞ്ഞുണ്ണി സജീവ് എഴുതുന്നു.

" When we revolt it’s not for a particular culture. We revolt simply because for many reasons, we can no longer breathe" - Frantz Fanon.

"ഇത് സ്ഫോടനാത്മകമായ കാലമാണ്. ദളിതർ പൊട്ടിത്തെറിക്കുന്നു. ആ പൊട്ടിത്തെറികൾ നിങ്ങൾ കാണുക" - പാ രഞ്ജിത്ത്


ഇക്കാലമത്രയും മുഖ്യധാരയായി നിലനിന്നിരുന്ന സാംസ്‌കാരിക ശക്തികളുടെ കുത്തകാവകാശം  തകർക്കപെടുന്ന കാഴ്‍ചയാണ് തമിഴ് സിനിമ ലോകം ഇന്ന്  കണ്ടുകൊണ്ടിരിക്കുന്നത്. സംവിധായകൻ മാരി സെൽവരാജിന്റെ രണ്ടാമത്തെ ചിത്രമായ 'കർണൻ' എന്ന സിനിമ നേടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത അത് തെളിയിക്കുന്നു.  തമിഴ് സാംസ്‌കാരികലോകത്തും തുടർന്ന് ഇന്ത്യയിലും  നടക്കുവാൻ സാധ്യതയുള്ള മാറ്റങ്ങളെ  ചൂണ്ടികാണിക്കുന്നുമുണ്ട് ഈ സ്വീകാര്യത . വാണിജ്യ സിനിമ എന്ന് ഒറ്റ നോട്ടത്തിൽ കണ്ട് വിലയിരുത്തി തള്ളിക്കളയാവുന്ന ഒന്നല്ല 'കർണൻ'. അതിന് പിന്നിൽ വളരെ ശക്തമായ രാഷ്ട്രീയബോധ്യങ്ങളും അനുഭവത്തിന്റെ തീവ്രതകളുമുണ്ട്. എങ്ങനെയാണോ  സാമൂഹികവും സാമ്പത്തികവുമായ ശക്തി സമൂഹത്തിലെ പാർശ്യവൽക്കരിക്കപ്പെട്ട വിഭാഗത്തിന് ഒരു കാലത്ത് (ഇപ്പോഴും) ലഭ്യമാകാതെ പോയത് അതുപോലെ തന്നെ പ്രധാനമാണ്  സാംസ്‍കാരികമായ ശക്തി. ഈ ശക്തി പ്രധാനമായി കാണുന്നതിലൂടെ  മുന്നോട്ടുവെക്കുന്നത് ദളിത് സ്വത്വത്തിന്റെ വീണ്ടെടുപ്പും, അതിന്റെ ആഘോഷവുമാണ്. പ്രതിഷേധത്തിന്റെ,  അവകാശങ്ങൾ നേടി എടുക്കുവാൻ നടത്തിയ സമരങ്ങളുടെ ആഘോഷം. ഈ ആഘോഷത്തിലൂടെ ഒരു സാംസ്‌കാരിക ശക്തിയായി വളർന്നു മുഖ്യധാരയെ പിടിച്ചെടുക്കുക എന്നതാണ് മാരി സെൽവരാജ് , പാ രഞ്ജിത്ത് എന്നിവർ നയിക്കുന്ന സിനിമ വിപ്ലവത്തിലൂടെ തമിഴ്‍നാട്ടിൽ  ഇതൾ വിരിയുന്നത്. ഒരു വശത്ത് സാംസ്‍കാരികമായ മാറ്റവും മറുവശത്ത് ചരിത്രപരമായ ചില ഓർമപെടുത്തലുകളും നടത്തുന്നുണ്ട് മാരി സെൽവരാജ്.  ദളിത് മുന്നേറ്റങ്ങൾക്ക് പിന്നിലെ ചരിത്രം. അത്  എത്രത്തോളം തന്നെ സമാധാനപരമാണ് എന്ന് നാം ആശ്വസിച്ചാലും അതിൽ ഒളിഞ്ഞിരിക്കുന്ന രക്തത്തിന്റെ കഥ. അത്തരമൊരു രക്തച്ചൊരിച്ചിലിന്റെ കഥ പ്രധാനമാണ് എന്നത് കൊണ്ടുതന്നെയാണ് അക്രമം സിനിമയുടെ ഭാഗമാകുന്നത്‌.
 
മുഖമില്ലാത്ത രൂപങ്ങൾ ആരാധിക്കപെടുകയും വരയപ്പെടുകയും ചെയ്യുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന് പ്രതിഷേധത്തിന്റെതായ ഒരു മുഖം കൈവരുന്ന കാഴ്‍ചയാണ്  മാരി സെൽവരാജിന്റെ ഈ ചിത്രം. കഥയുടെ കാലം നോക്കി വിശകലനം ചെയ്‍താൽ സംവിധായകന്റെ ആദ്യ സിനിമയായ പരിയേറും പെരുമാളിന്റെ കാലഘട്ടത്തിൽ നിന്നും എട്ട്  വർഷത്തോളം പിന്നോട്ട് പോയാൽ 'കർണൻ' എന്ന സിനിമയുടെ കാലഘട്ടമായി. പൊടിയൻകുളം എന്ന ഊരിന്‌  സ്വന്തമായി ഒരു ബസ് സ്റ്റോപ്പ് ഇല്ലാത്തത് മുതൽ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുവാൻ വരെ അടുത്ത ഗ്രാമത്തിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയെ കഥയിൽ വരച്ചിടുമ്പോൾ ഉയരുന്നത് വിഭവങ്ങളുടെ പ്രശ്‍നമല്ല മറിച്ച് ജാതിയുടെ പ്രശ്‍നമാണ്. 'ബസ് നിന്ന് കിട്ടിയാൽ, നാം യാത്ര ചെയ്‍താൽ,  പുറത്തെ ലോകം കണ്ട് വളർന്നാൽ നാം അവർക്ക് മുൻപിൽ തലകുനിക്കാതെ ചോദ്യങ്ങൾ ഉയർത്തും' എന്ന് കഥാനായകൻ പറയുമ്പോൾ വ്യക്തമാകുന്നുത് ഇന്ത്യൻ ഗ്രാമങ്ങളിൽ  എത്രത്തോളം വിഭവങ്ങളുടെ വിതരണവും, സൗകര്യങ്ങളുടെ ലഭ്യതയും ജാതി വിവേചനത്തോടൊപ്പം ഇടകലർന്നു നിൽക്കുന്നു എന്നതാണ്. റോഡിന്റെ കിടപ്പിന് അനുസരിച്ച് 'മേലൂർ' , 'കിഴൂർ' എന്ന് പേരിടുന്നതിൽ തുടങ്ങുന്ന വിവേചനം ഊരിലെ ആളുകളുടെ പേരിൽ വരെ ജാതി പ്രധാനമാണ്. കഥയിലെ പ്രതിനായക കഥാപാത്രം ചൊടിക്കുന്നത്, ഊരിലെ ജനങ്ങളുടെ പേരുകൾ കേൾക്കുമ്പോഴും , തലയിലെ കെട്ട് അഴിക്കാത്തതിലുമാണ്.'ഇത്രയും കാലം നിങ്ങൾ കൈകെട്ടി നിന്നതല്ലേ, ഇനിയും അങ്ങനെ തന്നെ തുടർന്നാൽ ജീവിച്ചുപോകാം' എന്ന് പറയുന്ന പ്രതിനായകനോട് നായകൻ അപേഷിക്കുകയല്ല മറിച്ച് മാന്യതയോടെയുള്ള പെരുമാറ്റം ആവശ്യപ്പെടുകയാണ്. 1990-കളിൽ തമിഴ് നാട്ടിൽ നടന്ന ധാരാളം സമരങ്ങളിൽ നിന്നും, കലാപങ്ങളിൽ  നിന്നുമെല്ലാം ധാരാളം വസ്‍തുതകൾ 'കർണൻ'  എന്ന ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിന്റ ആരംഭത്തിൽ ഒരു യഥാർത്ഥ സംഭവത്തോടും കഥയ്ക്ക് സാമ്യമില്ല എന്ന് പറയുമ്പോഴും സംവിധായകൻ തന്റെ പ്രേക്ഷകർക്കായി ധാരാളം ആശയങ്ങൾ സിംബലുകളായി സിനിമയിൽ കൊണ്ട് വരുന്നു.  അതുകൊണ്ട് തന്നെ കർണൻ ഒരേ സമയം ഒരു മികച്ച കലാസൃഷ്‍ടിയും, രാഷ്ട്രീയ ആയുധവുമാണ്.  

സിംബലുകൾ വെളിവാക്കുന്ന രാഷ്ട്രീയം
 
തലകളിലാത്ത ദൈവങ്ങൾ , ചുമർചിത്രങ്ങൾ, മരണത്തിന് ശേഷം ദൈവമായി മാറിയ നായകന്റെ സഹോദരി (കാട്ടുപെച്ചി) എന്നിവരെല്ലാം ഊരിന്റെ ദൈവങ്ങളാണ്. അവർ ആരും തന്നെ ഹിന്ദുമതത്തിന്റെ ഭാഗമല്ല. തലയില്ലാത്ത ബുദ്ധശിലകൂടി സിനിമയിൽ ഭാഗമാകുമ്പോൾ സംവിധായകൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും വ്യക്തമാണ്. തെരുക്കൂത്ത് ബൊമ്മയുടെ തല സ്വന്തം മുഖമായി  മാറിയ പെൺകുട്ടി കഥയിൽ ഉടനീളം താൻ ഭാഗമായ ജനതയെ വിമോചനത്തിനായി ഉത്സാഹപ്പെടുത്തുന്നു. ഒറ്റ നോട്ടത്തിൽ റീയാലിറ്റിയെ മറികടക്കുന്ന വളരെ വൈകാരികമായ ഒരു ബോധ്യം. വിമോചനം ലഭിക്കാത്ത ജനതയുടെ വേദന ആ ചെറിയ പെൺകുട്ടിയെ ഓരോ മുന്നേറ്റത്തെയും പ്രോത്സാഹിപ്പിക്കുന്നതിലേക്കും നയിക്കുന്നു . ഓടി ദൂരങ്ങൾ കീഴടക്കാതിരിക്കാൻ മുൻകാലുകൾ കെട്ടപ്പെട്ട നിലയിൽ മുൻപിലേക്ക് മെല്ലെ ചാടുന്ന കഴുതയും, തന്റെ കാലിലെ കെട്ടുകൾ അഴിക്കപ്പെടുമ്പോൾ ശരവേഗത്തിൽ ദൂരങ്ങൾ കീഴടക്കുന്ന കഴുതയും ഒരേ സമയം കഥയിലെ ജനത വിമോചനത്തിലേക്ക് അടുക്കുമ്പോൾ കാണുന്ന ദൃശ്യങ്ങളാണ്. എന്നാൽ അത്തരം വിമോചനങ്ങൾ  സമാധാനത്തിലൂടെ നേടാവുന്ന ഒന്നാണോ ?. അങ്ങനെ അല്ല എന്നാണ് കഥയുടെ ഗതി പ്രേക്ഷകർക്ക് കാട്ടി തരുന്നത്. അവകാശങ്ങൾ പോരടിച്ച് നേടിയെടുക്കപെട്ടതാണ് എന്ന ചരിത്രബോധം, അത്തരം അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ജനങ്ങൾ സഹിച്ച വേദനയും ത്യാഗവും. അത്തരം ത്യാഗങ്ങളും വേദനകളും ഇന്നും തുടർന്ന് പോകുന്ന ഒന്നാണ് എന്ന തിരിച്ചറിവ് എല്ലാം കലർന്ന അനുഭവമാണ് കർണൻ. മഹാഭാരത കഥയിലെ കഥാപാത്രങ്ങൾ എപ്പോഴും വരേണ്യവർഗ്ഗത്തിന്റെ പേരുകളാകുമ്പോൾ, ദളിതന് അപ്പോഴും ആ പേരുകൾ ഒരു തരത്തിലും യോജിച്ചതല്ല എന്നതിനെ ചോദ്യം ചെയ്യുന്നതിനാണ് 'കർണൻ' എന്ന പേര്. മാട്‌സാമിയുടെ മകൻ എന്തുകൊണ്ട് കർണൻ ആയിക്കൂടാ എന്ന ചോദ്യം ഇന്നും തുടർന്ന് പോകുന്ന പേരിന്റെ പേരിലുള്ള ജാതികളെ മനസ്സിലാക്കുന്നതിൽ പ്രധാനമാണ്. പണ്ട് ശിവാജി ഗണേശൻ അവതരിപ്പിച്ച പുരാണത്തിലെ 'കർണൻ' ആയിരുന്നെങ്കിൽ ഇന്നത്തെ കർണൻ ഒരു ദളിതനാണ്. അവന്റെ കാമുകി ദ്രൗപതിയും. ജാതി വിവേചനത്തിന്റെ പേരിൽ പുരാണങ്ങളിൽ നടക്കാതെ ചില പ്രണയങ്ങൾ ഇന്ന് വെള്ളിത്തിരയിൽ യാഥാർഥ്യമാകുമ്പോൾ ശ്രദ്ധിക്കേണ്ടത് അതിലൂടെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെയാണ്. മിശ്രവിവാഹമാണ് ജാതി ഉന്മുലനത്തിനുള്ള ഒരു വഴി എന്ന അംബേദ്‌കർ മൂല്യത്തെയാണ്. ധാരാളം ജന്തുജാലങ്ങളാൽ സമ്പന്നമാണ് കർണൻ. കർണൻ കയറി യാത്ര ചെയുന്ന കുതിര മുതൽ കൃഷിയിടങ്ങളിലെ തുമ്പി വരെ സിനിമയിൽ അഭിനയിക്കുമ്പോൾ. എന്ത് കൊണ്ട് ഇവർക്കൊന്നും ജാതി വേർതിരിവുകൾ ഇല്ലലോ എന്നാലോചിക്കും. അതുകൊണ്ട് തന്നെ പ്രണയഗാനത്തിലെ വരികളിൽ  വരെ കുരുവിയും, വണ്ടും, തുമ്പിയുമൊക്കയാണ് ബിംബങ്ങൾ. പ്രണയത്തിലെങ്കിലും  ജാതി വെറി ഏറി നിൽക്കുന്ന മനുഷ്യനെ ഒഴിവാക്കാം എന്ന് തീരുമാനിച്ചപോലെ. ജീവിതം വളരെ ദുസ്സഹമാകുമ്പോൾ മനുഷ്യജീവിതങ്ങൾ എങ്ങനെ മദ്യത്തിനും മറ്റും അടിമപ്പെടുന്നു എന്ന് കൂടി  കാട്ടുമ്പോൾ സംവിധായകൻ ആരായുന്നത് പ്രേക്ഷകരോട് ജാഗരൂകരാകാനാണ്. തങ്ങൾ നേരിടുന്ന വിവേചനത്തെ പറ്റി. സഹജീവികൾ നേരിടുന്ന ക്രൂരതകളെ പറ്റി. പ്രതികരിക്കുക എന്ന മൗലീകബോധം ഉണർത്തുക എന്നതിൽ മാരി സെൽവരാജ് വിജയിച്ചിട്ടുണ്ട്. രക്തം ഒഴുകുന്ന സമരചരിത്രം ഓർമിപ്പിക്കുന്നത് ഇനി ഒരു കലാപത്തിന് അല്ല മറിച്ച് അവകാശങ്ങൾ ലഭിക്കുക എന്നത് ഇന്ത്യൻ ജനതയുടെ ചില വിഭാഗങ്ങൾക്ക്‌ എത്ര ക്ലേശകരമായ ഒന്നായിരുന്നു എന്ന് വ്യക്തമാക്കുന്നതിനാണ്. മനുഷ്യർ എന്ന നിലയിൽ പരസ്‍പരം ബഹുമാനിക്കുവാനും കൂടിയാണിത്. അതുകൊണ്ട് തന്നെ പലപ്പോഴും മുഖ്യധാരയുടെ ചരിത്രബോധത്തിന് സിനിമയിലൂടെ ഒരു 'കള്‍ചറൽ ഷോക്ക്' കൊടുക്കുവാനാണ് സംവിധായകൻ ശ്രമിക്കുന്നത്. വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അസുരൻ' എന്ന സിനിമയും ഇത്തരത്തിൽ 'ഷോക്ക്' ഉണ്ടാക്കുവാൻ ശ്രമിച്ച് വിജയിച്ച ചിത്രമാണ്.  

പ്രതിഷേധാത്മക ആണത്തം

പലപ്പോഴും ആൺ ബോധം സ്വംശീകരിക്കപ്പെട്ടിട്ടുള്ളത് സവർണ ആൺ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ വളരെ പാട്രിയാർക്കൽ ആയിട്ടുള്ള സാമൂഹിക ഘടനയിൽ അതിനെതിരെ സമരം ചെയ്യുവാൻ കെൽപ്പുള്ള അടിച്ചമർത്തപ്പെട്ട ആൺ -പെൺ വിഭാഗങ്ങളുടെ ഒത്തൊരുമയും സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള മുന്നേറ്റങ്ങളുമാണ്. 'കർണൻ' എന്ന സിനിമയിലൂടെ മാരി സെൽവരാജ് മുന്നോട്ടുവെക്കുന്ന ആണത്തം എന്ന ബോധം പൂർണമായും പ്രതിഷേധാത്മക ആണത്തമാണ്. അധികാരത്തിന് എതിരെ ചോദ്യം ചെയ്യുവാനും, അവകാശങ്ങൾ നേടിയെടുക്കുവാനും ശ്രമിക്കുന്ന മർദിത വർഗ ജനതയുടെ പ്രതിനിധി. എന്നാൽ പ്രതിഷേധം വളരുമ്പോൾ ഈ ആണത്തം പരിണമിച്ച് ആ പ്രതിഷേധ സ്വരത്തിന്റെ മുഖമായിട്ടാണ് മാറുന്നത്. വളരെ പോസിറ്റീവായ രീതിയിൽ യുവാക്കളെ സ്വാധിനീക്കുക, അവരെ മുൻകാല ചരിത്രത്തിലെ ത്യാഗങ്ങൾ ഓർമ്മിപ്പിക്കുക. അങ്ങനെ നേടിയ അവകാശങ്ങളെ പ്രധാനമായി കാണുക, അവ ലഭ്യമാകുന്നില്ല എന്ന് കണ്ടാൽ ചോദ്യം ചെയ്യുക എന്ന ആശയമാണ് പ്രതിഷേധാത്മക ആണത്തം എന്ന ആശയത്തിലൂടെ മുന്നോട്ട് കൊണ്ടുവരുന്നത്  

ചില ചരിത്ര വസ്‍തുതകൾ

'കർണൻ' എന്ന ചലച്ചിത്രം പറയുന്ന കഥയുടെ കാലഘട്ടം 1990-കളാണ്. 1990-നും 1998-നും ഇടയിൽ തമിഴ് നാട്ടിൽ ധാരാളം ജാതി കലാപങ്ങൾ നടക്കുന്ന സമയമാണ്. 1995-യിൽ നടന്ന കൊടിയൻകുളത്തെ (തിരുനെൽവേലി ജില്ല)  പൊലീസിന്റെ നരനായാട്ട് (സിനിമയിൽ കാണുന്നത് പോലെ പോലീസുകാർ നടത്തിയ അതിക്രൂരമായ അക്രമം, ഊരിലേക്കു കയറിയ പൊലീസുകാർ ചെയ്‍തു ആദ്യപ്രവർത്തി എന്നത് വിദ്യാഭ്യാസം നേടിയ ദളിത് യുവാക്കളുടെ ഡിഗ്രീ സർട്ടിഫിക്കറ്റുകൾ കത്തിക്കുക എന്നതായിരുന്നു)   , 1997-യിൽ നടന്ന മേൽവളവ് കൂട്ടകൊലപാതകവും (ദളിത് പഞ്ചായത്ത് പ്രസിഡന്ററായിരുന്ന മുരുകേശനെയും കൂട്ടരെയും കൊലപ്പെടുത്തിയത്) എല്ലാം  സിനിമയുടെ കഥയ്ക്ക് ആധാരമാണ്. സിനിമയിലെ ഗാനങ്ങൾ ( പ്രധാനമായും 'കണ്ടാ വര ചൊല്ലുങ്കെ' എന്നാരംഭിക്കുന്ന ഗാനം ഒരേ സമയം തമിഴ് നാട്ടുപൂരൈ പാട്ടിനെയും, ഒരു ദളിത് നേതാവിനെ പാടിപുകഴ്ത്തുന്ന പാട്ടായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്). സ്വന്തം ജനതയ്ക്ക് വേണ്ടി ആയുധം കയ്യിലേന്തിയ ധാരാളം കർണന്മാരെ ആ കാലഘട്ടത്തിലെ തമിഴ് നാട് ചരിത്രം തിരഞ്ഞാൽ കാണാവുന്നതാണ്. സ്വാതന്ത്ര്യ സമര സേനാനിയായ ഇമ്മാനുവേൽ ശേഖരൻ മുതൽ 'കിൽവെണ്മണി കൂട്ടകൊലപാതകത്തിന് മറുപടി എന്നോണം കൊലപാതകികളെ തിരിച്ച് ആക്രമിച്ച അമൽരാജ് വരെ ആധുനിക തമിഴ് നാട് ചരിത്രം കണ്ട കർണന്മാരിൽ പെടും.

ഒരു ചലച്ചിത്രത്തിലൂടെ അത്തരമൊരു കാലത്തെ ഓർമിപ്പിക്കുകയും, ദളിത് രാഷ്ട്രീയത്തെ മുഖ്യധാരയിൽ പ്രതിഷ്‍ഠിക്കുകയുമാണ് മാരി സെൽവരാജ്, സംഗീതവുമായി സന്തോഷ് നാരായണൻ കൂടി ചേരുമ്പോൾ ഉണ്ടാകുന്നത് ദളിത് രാഷ്ട്രീയവും, അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളുടെ ആഘോഷവുമാണ്. അടുത്തിടെ തൃശൂരിൽ സംഘടിപ്പിക്കപ്പെട്ട 'Redefining Kerala Model' (Bhimayana Collective  സംഘടിപ്പിച്ച) എന്ന പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പാ രഞ്ജിത്ത് പറഞ്ഞത് ഓർക്കുന്നു 'ഇത് സ്ഫോടനാത്മകമായ കാലമാണ്, ദളിതർ പൊട്ടിത്തെറിക്കുന്നു' . തുടർന്നും അത്തരം ധാരാളം പൊട്ടിത്തെറികൾ ഉണ്ടാകുമ്പോൾ സമൂഹം കൂടുതൽ സുഖകരമായി ശ്വസിക്കുവാൻ തുടങ്ങും, ജീവിക്കുവാൻ തുടങ്ങും.

click me!