Anomie movie review starring Bhavana and Rahman പതിവ് ത്രില്ലർ ശൈലികളിൽ നിന്ന് മാറി, ആകാംഷ നിറഞ്ഞ കഥപറച്ചിലിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും അനോമി വേറിട്ടുനിൽക്കുന്നു.

നവാഗതനായ റിയാസ് മാരത്ത് സംവിധാനം ചെയ്ത്, ഭാവനയും റഹ്‌മാനും പ്രധാന വേഷങ്ങളിലെത്തിയ 'അനോമി' വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് നൽകുന്നത്. മലയാള സിനിമ കണ്ടു ശീലിച്ച പരമ്പരാഗത ത്രില്ലർ സിനിമകളിൽ നിന്നെല്ലാം മാറി, സയൻസ് ഫിക്ഷന്റെ സാധ്യതകൾ ഒരു കുറ്റാന്വേഷണ സിനിമയിൽ അതിഗംഭീരമായി സംവിധായകൻ ഉൾച്ചേർത്തിട്ടുണ്ട്. പ്രധാന താരങ്ങളായി എത്തിയ ഭാവനയുടെയും, റഹ്മാന്റെയും മികവുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്.

ഫോറൻസിക് ഉദ്യോഗസ്ഥയായ സേറ എന്ന കഥാപാത്രമായി ഭാവന എത്തിയപ്പോൾ, ജിബ്രാൻ എന്ന പോലീസ് കഥാപാത്രമായാണ് റഹ്മാൻ ചിത്രത്തിലെത്തിയത്. നഗരത്തിൽ അരങ്ങേറുന്ന മൂന്ന് ആത്മഹത്യകൾ എങ്ങനെയാണ് മറ്റ് പലതിലേക്കും കൊണ്ടുചെന്നെത്തിക്കുന്നത് എന്നതാണ് സിനിമയുടെ തുടക്കം. എന്തിനായിരിക്കും മൂന്ന് പേർ ആത്മഹത്യ തിരഞ്ഞെടുത്തത്? ആ ചോദ്യം പ്രേക്ഷകരും ചോദിച്ചുത്തുടങ്ങുമ്പോൾ അനോമി അതിന്റെ ഓരോ ഉത്തരങ്ങൾ നൽകിത്തുടങ്ങുന്നു. പൊതുവെ കണ്ടുശീലിച്ചിട്ടുള്ള, കുറ്റാന്വേഷണ സിനിമകളിൽ എല്ലാത്തിലും ഉള്ളപോലെ കുറ്റവാളിയുടെ മോട്ടീവ് അനോമിയിലും അവസാനം തന്നെയാണ് വെളിപ്പെടുത്തുന്നത്. എന്നാൽ അതിന് തൊട്ടുമുൻപ് പോലും പ്രേക്ഷകർ ചിന്തിക്കുന്ന എല്ലാ സാധ്യതകളും ഈ സിനിമ തള്ളിക്കളയുന്നു എന്നത് തന്നെയാണ് അനോമിയെ ഗംഭീര സിനിമയാക്കി മാറ്റുന്നത്.

ഒരോ കഥാപാത്രത്തിനും കൃത്യമായ ബാക്ക്സ്റ്റോറികൾ നൽകികൊണ്ട് അവരുടെ ഓരോ ചെയ്തികളെയും, അതിന്റെ പരിണിതഫലങ്ങളെയും സിനിമ മികച്ച രീതിയിൽ അടയാളപ്പെടുത്തുന്നുണ്ട്. സേറയും അനിയനും തമ്മിലുള്ള ബന്ധം, ജിബ്രാനും അയാളുടെ തൊഴിലിനോടുള്ള ആത്മാർത്ഥതയും കുറ്റവാളിക്ക് അയാളുടെ ലക്ഷ്യത്തോടുള്ള ബോധ്യവും സിനിമ നല്ല പോലെ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

കുറ്റാന്വേഷണം എന്ന് പറയുമ്പോഴും മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്ത, സയൻസ് ഫിക്ഷന്റെ സാധ്യതകളും ഒരു ത്രില്ലർ സിനിമയുടെ ഫ്രെയിംവർക്കിനകത്ത് സംവിധായകൻ വളരെ ഭംഗിയായി പ്ലേസ് ചെയ്തിട്ടുണ്ട്. അതുതന്നെയാണ് അനോമി എന്ന സിനിമയെ ആദ്യം മുതൽ അവസാനം വരെ ആകാംക്ഷയുണർത്തുന്ന ഒന്നാക്കി മാറ്റുന്നത്. കേവലം അവസാന ഷോട്ടിൽ അവസാനിക്കാത്ത നിരവധി ചോദ്യങ്ങളാണ് സിനിമ പ്രേക്ഷകന് മുന്നിലേക്ക് വയ്ക്കുന്നത്. എങ്ങനെയാണ് പലതും ഉത്തരമില്ലാത്ത കാര്യങ്ങളായി ഇവിടെ അവശേഷിക്കുന്നത് എന്നതിന് ചുരുളഴിയാത്ത പല കാര്യങ്ങളും ഉണ്ടെന്ന് തോന്നിക്കും വിധമാണ് സിനിമയുടെ ആകെയുള്ള ട്രീറ്റ്മെന്റ്. മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ ത്രില്ലർ സിനിമകളിൽ അനോമി ഏറ്റവും മികച്ചുനിൽക്കുന്നതും അതുകൊണ്ട് തന്നെയാണ്.

ഒരു നവാഗത സംവിധായകന്റെ പതർച്ചകൾ ഒന്നും തന്നെയില്ലാതെയാണ് നിയാസ് മാരത്ത് തന്റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. കരിയറിലെ തൊണ്ണൂറാം സിനിമ അതിഗംഭീരമാക്കി എന്ന് ഭാവനയ്ക്കും ഉറപ്പിക്കാം. അഭിനയത്തിന് പുറമേ പ്രൊഡക്ഷനിലും ഭാവന അനോമിയുടെ ഭാഗമായയുണ്ട്. ജിബ്രാൻ എന്ന പോലീസ് കഥാപാത്രം റഹ്‌മാനിൽ ഭദ്രമായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം റഹ്മാന്റെ മികച്ച പ്രകടനം കൂടിയായിരുന്നു അനോമിയിലേത്. ഈ പ്രായത്തിലും താൻ ഒരു സ്റ്റാർ മെറ്റീരിയൽ ആണെന്ന് അയാൾ അനോമിയിലെ പ്രകടനം കൊണ്ട് അടിവരയിടുന്നു. മികച്ച സിനിമാട്ടോഗ്രഫിയും പശ്ചാത്തല സംഗീതവും എഡിറ്റിങ്ങും എടുത്ത് പറയേണ്ടതാണ്. അനോമി ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കുന്നു, സിനിമയെ കുറിച്ചുള്ളതല്ല, നമ്മുടെ നിലനില്പിനെയും മനുഷ്യന്റെ ചിന്തകളെയും കുറിച്ചുള്ളത്. അത് ഇനിയും ഉത്തരമില്ലാത്തെ ഒരു അന്വേഷണം പോലെ തുടർന്നുകൊണ്ടേയിരിക്കുന്നു.