ഇത് മലയാളത്തിന്റെ മാർവൽ ! 'ലോക- ചാപ്റ്റർ1 ചന്ദ്ര' റിവ്യൂ

Published : Aug 28, 2025, 05:28 PM IST
lokah

Synopsis

മാർവൽ സീരീസുകളുടെ ആരാധകരായ മലയാളി പ്രേക്ഷകന് ഒട്ടും ആസ്വാദന സൗന്ദര്യം ചോരാതെ കണ്ടു മറന്ന ഹോളിവുഡ് സ്റ്റൈൽ അനുകരിക്കാതെ, സ്വന്തം ഫോക്ക്‌ലോർ ഉൾപ്പെടുത്തിയാണ് 'ലോക'യുടെ കഥ വികസിക്കുന്നത്.

 

മലയാള സിനിമകളെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ 'ലോക- ചാപ്റ്റർ1 ചന്ദ്ര'യിലൂടെ ഡൊമിനിക് അരുൺ നടത്തിയ ശ്രമം പൂർണമായി വിജയിച്ചെന്ന് അഭിമാനത്തോടെ പറയാം. അനാവശ്യമായ ഒരു കുത്തി തിരുകലുമില്ലാതെ ഡീസന്റ് ആക്ഷൻ ഫാന്റസി ചിത്രമായി മോളിവുഡിൽ പുതിയ യൂണിവേഴ്‌സിന് തുടക്കമിട്ടിരിക്കുകയാണ് ഡൊമിനിക് അരുൺ. മാർവൽ സീരീസുകളുടെ ആരാധകരായ മലയാളി പ്രേക്ഷകന് ഒട്ടും ആസ്വാദന സൗന്ദര്യം ചോരാതെ കണ്ടു മറന്ന ഹോളിവുഡ് സ്റ്റൈൽ അനുകരിക്കാതെ, സ്വന്തം ഫോക്ക്‌ലോർ ഉൾപ്പെടുത്തിയാണ് 'ലോക'യുടെ കഥ വികസിക്കുന്നത്. മലയാള സിനിമയുടെ കണ്ടന്റുകളെ കുറിച്ച് സംസാരിക്കുന്നത് പോലെ, 'ലോക' കണ്ടിറങ്ങുന്നവർ മലയാള സിനിമയുടെ സാങ്കേതിക മികവ് കൂടെ വാഴ്ത്തും എന്ന് ഉറപ്പിക്കാം.

 

മോളിവുഡിൽ നിന്ന് ആദ്യമായി ഒരു ഫീമെയിൽ സൂപ്പർ ഹീറോ ചിത്രം എത്തുമ്പോൾ, കല്യാണി പ്രിയദർശൻ ചന്ദ്രയായി (നീലി ) എത്തുന്നു എന്ന വാർത്തയിൽ, കല്യാണിയുടെ ഷോൾഡറിൽ ഇങ്ങനെയൊരു ഫാന്റസി ആക്ഷൻ ചിത്രം വരുമ്പോൾ എങ്ങനെയായിരിക്കുമെന്ന ആകാംഷ പ്രേക്ഷകരിൽ ഉണ്ടായിരുന്നു. എന്നാൽ കല്യാണി എന്ന അഭിനേത്രിയുടെ കരിയറിലെ വലിയൊരു ബ്രേക്ക് ആയി മാറിയിരിക്കുകയാണ് ലോക. ചന്ദ്ര ക്രിയേറ്റ് ചെയ്യുന്ന ലോകമാണ് ലോക. സ്ത്രീ സൂപ്പർ ഹീറോയായി വരുമ്പോൾ ഫിസിക്കലി എടുക്കുന്ന വെല്ലുവിളികളെ ധൈര്യമായി ഏറ്റെടുത്ത് ചന്ദ്രയെ മനോഹരമാക്കി. ലോകയുടെ ആത്മാവ് തന്നെയാണ് ചന്ദ്രയായി വേഷമിട്ട കല്യാണി പ്രിയദർശൻ.

ചെറുപ്പം മുതൽ മലയാളികൾ കേട്ട് ശീലിച്ച ഒരു മുത്തശ്ശി കഥയെ ഇന്നത്തെ കാലത്തിന്റെ സാങ്കേതികത ഉപയോഗിച്ചുകൊണ്ട് വളരെ കൺവീൻസിങ്ങായ രീതിയിൽ സംവിധായകന് ഒരുക്കാൻ കഴിഞ്ഞു. ബാംഗ്ലൂരിൽ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന സണ്ണിയും വേണുവും നൈജിനും. സണ്ണി ജോലിക്കൊന്നും പോവാത്ത ഒരുപാട്പേർക്ക് കണക്ട് ചെയ്യാൻ സാധിക്കുന്ന ഒരു ചെറുപ്പക്കാരൻ. വേണു മെഡിസിന് പഠിക്കുന്നു. വീക്കൻഡുകളിൽ സുഹൃത്തുക്കളുമായി പാർട്ടി നടത്തുന്ന, ജീവിതം വളരെ എൻജോയ് മൂഡിൽ കൊണ്ടുപോകുന്ന മൂവർ സംഘം. എന്നാൽ, ഇവരുടെ ഫ്ലാറ്റിന് നേരയായി സുന്ദരിയായ ചന്ദ്ര താമസിക്കാൻ വരുന്നതിലൂടെ കഥാഗതി മാറുകയാണ്. ചന്ദ്രയോട് സാൻഡിയ്ക്ക് തോന്നുന്ന ഒരു ആകർഷണം അവരെ കണക്ട് ചെയ്യിപ്പിക്കുകയും, പിന്നീട് ഉണ്ടാവുന്ന സംഭവ ബഹുലമായ കാര്യങ്ങളിലൂടെ ലോക മുന്നോട്ട് പോകുന്നത്. ചന്ദ്രയ്‌ക്കൊപ്പം ഈ മൂവർ സംഘം കൂടുമ്പോൾ അത് മറ്റൊരു തലത്തേക്ക് എത്തിക്കുന്നു. മലയാള സിനിമയിൽ ഈയടുത്ത് കണ്ടതിൽ ഏറ്റവും മികച്ച ഇന്റർവെൽ ബ്ലോക്ക് ലോകയുടെ തന്നെയെന്ന് നിസംശയം പറയാം.

 

മലയാളികൾക്ക് പരിചിതമായ തരംഗം സിനിമയിലൂടെ ശ്രദ്ധേയമായ ശാന്തി ബാലചന്ദ്രനാണ് ഡൊമിനിക്കിനൊപ്പം ലോകയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒപ്പം കല്യാണിയ്‌ക്കൊപ്പം തത്തുല്യ പ്രാധാന്യത്തിൽ സ്‌ക്രീനിൽ നസ്ലൻ, ചന്തു, അരുൺ കുര്യൻ,നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം പ്രേക്ഷകനെ ഗൂസ്ബൂംസിൽ എത്തിക്കുന്ന സർപ്രൈസ്‌ കഥാപാത്രങ്ങളും ലോകയുടെ മറ്റൊരു പ്രത്യേകത കൂടിയാണ്. മുൻനിര യുവതാരങ്ങളുടെ സർപ്രൈസ്‌ എൻട്രി തിയേറ്ററുകളിൽ വലിയ കൈയടി ഉണ്ടാക്കി. ഒപ്പം ആവേശവും.

സിനിമയുടെ മേക്കിങ്ങും ഒപ്പം സാങ്കേതിക മികവ് തന്നെയാണ് കഥയേക്കാൾ മുന്നിൽ നിൽക്കുന്നത്. വലിയൊരു ബഡ്ജറ്റ് ഇല്ലെങ്കിലും ഒട്ടും കോംപ്രമൈസ് ചെയ്യാത്ത രീതിയിലാണ് ലോക ടീം പ്രേക്ഷകന് ഓണ സമ്മാനമായി തിയേറ്ററിൽ എത്തിച്ചിരിക്കുന്നത്. സാങ്കേതികത കൊണ്ട് തന്നെയാണ് ലമറ്റൊരു യൂണിവേഴ്‌സിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നത്. ഒരു തരത്തിലുള്ള കല്ലുകടിയോ ബോറടിയോ വെറുപ്പിക്കലോയില്ലാതെയാണ് ലോക ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയുടെ ഓരോ ഫ്രെയിമും എപ്പോഴത്തെയും പോലെ മികച്ചതാക്കി. കല്യാണിയുടെ ആക്ഷൻ രംഗങ്ങളെ നിമിഷ് അതിമനോഹരമായി പകർത്തി.ചമൻ ചാക്കോയുടെ എഡിറ്റിംഗ് വൈഭവവും ലോകയെ മറ്റൊരു യൂണിവേഴ്‌സക്കാൻ സഹായിച്ചിട്ടുണ്ട്. മലയാളത്തിൽ ഇതുവരെയും കാണാത്ത രീതിയിലുള്ള ട്രാൻസിഷൻ ലോകയിൽ വളരെ വൃത്തിയിൽ ചെയ്തു വച്ചിട്ടുണ്ട്. കാലം സാങ്കേതികത വിദ്യയിൽ സൃഷ്ടിച്ച സാധ്യതകളെ കൃത്യമായി ഉപയോഗിച്ച ഒരു സിനിമയാണ് ലോക. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഈ ഓണം മലയാളത്തിന്റെ സ്വന്തം ഫിമെയിൽ സൂപ്പർ ഹീറോയ്‌ക്കൊപ്പം ആഘോഷിക്കാം.

PREV
Read more Articles on
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ