ജീത്തു ജോസഫിന്‍റെ സംവിധാനത്തിൽ ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തുന്ന ക്രൈം ഡ്രാമയാണ് 'വലതുവശത്തെ കള്ളൻ'.

ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ബിജു മേനോനും ജോജു ജോര്‍ജും തുല്യ പ്രാധാന്യമുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം. വലതുവശത്തെ കള്ളന്‍ എന്ന പേരിനൊപ്പം ജീത്തുവിന്‍റെ ഏറ്റവും പുതിയ ചിത്രത്തിന് റിലീസിന് മുന്‍പ് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത പ്രധാന ഘടകം അതായിരുന്നു. വൈകാരികതയുടെ ഘടകങ്ങള്‍ ഉള്ള ക്രൈം ഡ്രാമയാണ് ചിത്രമെന്നാണ് റിലീസിന് മുന്‍പ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. സിനിമയുടെ കാഴ്ചാനുഭവം എങ്ങനെയുണ്ടെന്ന് നോക്കാം. 

ബിജു മേനോന്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇത്. സിഐ ആന്‍റണി സേവ്യര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. നേരായ മാര്‍ഗത്തില്‍ ഈ തൊഴിലിനെ കാണുന്നയാളല്ല ആന്‍റണിയെന്ന് ആദ്യ സീനില്‍ത്തന്നെ സംവിധായകന്‍ എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്. പിന്നീട് ആന്‍റണിയുടെ പശ്ചാത്തലം കുറേക്കൂടി വിശദമാക്കുന്നു ജീത്തു ജോസഫ്. അതിലേക്ക് അയാളുടെ മകനും കടന്നുവരുന്നു. ഭൂമിശാസ്ത്രപരമായും തൊഴില്‍പരമായും കാഴ്ചപ്പാടിന്‍റെ കാര്യത്തിലുമൊക്കെ ആന്‍റണി സേവ്യറില്‍ നിന്ന് തികച്ചും വേറിട്ട ഒരാള്‍ കൂടി കഥയിലേക്ക് കടന്നുവരുന്നതോടെയാണ് വലതുവശത്തെ കള്ളന്‍റെ ഫ്രെയ്മുകള്‍ക്ക് ഉദ്വേഗവും ചടുലതയും വര്‍ധിക്കുന്നത്. ജോജു ജോര്‍ജിന്‍റെ സാമുവല്‍ ജോസഫ് ആണ് ആ കഥാപാത്രം. 

പതിവുപോലെ കഥാപശ്ചാത്തലം എസ്റ്റാബ്ലിഷ് ചെയ്യാന്‍ അല്‍പം സമയമെടുക്കുന്നുണ്ട് ജീത്തു ജോസഫ്. ധൃതി കൂട്ടാതെയാണ് സംവിധായകന്‍ ഇരുകഥാപാത്രങ്ങളെയും തുടക്കത്തില്‍ പ്രേക്ഷകര്‍ അറിയേണ്ടുന്ന അവരുടെ മറ്റ് കാര്യങ്ങളും അവതരിപ്പിക്കുന്നത്. എന്നാല്‍ ഒരു പ്രത്യേക ഘട്ടമെത്തുമ്പോള്‍ ചിത്രം ചടുലതയിലേക്ക് ഗിയര്‍ മാറ്റുന്നുമുണ്ട്. ആദ്യം പറഞ്ഞതുപോലെ മികച്ച രണ്ട് നടന്മാര്‍ നേര്‍ക്ക് നേര്‍ വരുന്നത് തന്നെയായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. അത് കാണുമ്പോഴുള്ള ഫ്രെഷ്നസ് ചിത്രം തരുന്നുണ്ട്. പൊലീസ് വേഷങ്ങള്‍ ബിജു മേനോന്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വേറിട്ട ഒരാളാണ് സിഐ ആന്‍റണി സേവ്യര്‍. അടുത്ത് നില്‍ക്കുന്നവര്‍ക്ക് പോലും പെട്ടെന്നൊന്നും പിടി കൊടുക്കാത്ത ഒരാള്‍. ജോജു ജോര്‍ജിന് വേണ്ടി ഡിസൈന്‍ ചെയ്തതുപോലെയുള്ള, എന്നാല്‍ അദ്ദേഹം ഇതുവരെ ചെയ്തിട്ടുള്ളതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് സാമുവല്‍ ജോസഫ്. അനാഥത്വത്തില്‍ വളര്‍ന്ന, മികവ് കൊണ്ട് പഠിച്ച് മുന്നേറിയ ഒരാള്‍. ഇപ്പോള്‍ കുടുംബം മാത്രമാണ് അയാളുടെ സമ്പാദ്യമെങ്കിലും സാങ്കേതിക മേഖലയില്‍ അയാള്‍ക്കുള്ള പ്രാഗത്ഭ്യം എങ്ങും പോയിട്ടില്ല. ഒരു നോട്ടം കൊണ്ട് പോലും കഥാപാത്രത്തെ ഇത്രയും എസ്റ്റാബ്ലിഷ് ചെയ്യുന്ന, ഡെപ്ത് ഉണ്ടാക്കുന്ന അദ്ദേഹത്തിന്‍റെ അഭിനയ പ്രതിഭ ഒരിക്കല്‍ക്കൂടി വെളിപ്പെടുന്നു. കെ ആര്‍ ഗോകുല്‍, ലെന, വൈഷ്ണവി രാജ്, ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഡിനു തോമസ് ഈലൻ ആണ് ഈ ജീത്തു ജോസഫ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജീത്തുവിന്‍റെ സ്ഥിരം ഛായാഗ്രാഹകനായ സതീഷ് കുറുപ്പ് ആണ് വലതുവശത്തെ കള്ളന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംവിധായകന്‍റെ മനസറിയുന്ന ഛായാഗ്രാഹകന്‍ അദ്ദേഹത്തിന് ആവശ്യമുള്ളത് എന്താണോ അത് നല്‍കിയിട്ടുണ്ട്. വി എസ് വിനായക് ആണ് എഡിറ്റര്‍. വിഷ്ണു ശ്യാമിന്‍റേതാണ് സംഗീതം. സ്റ്റൈല്‍ ഓവര്‍ സബ്സ്റ്റന്‍സ് എന്ന പേരുദോഷം ഒരിക്കലും കേള്‍പ്പിച്ചിട്ടില്ലാത്ത ജീത്തു ജോസഫിന്‍റെ പുതിയ ചിത്രത്തിലും കഥ പറച്ചിലിന് തന്നെയാണ് പ്രാധാന്യം. തനിക്ക് പറയാനുള്ള കഥ, പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള വികാരങ്ങള്‍ ഒക്കെ ലളിതമായി എത്തിച്ചിട്ടുണ്ട് ഇത്തവണയും അദ്ദേഹം. ഒപ്പം പുതിയ കാലത്ത് കുടുംബ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നിനെക്കൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട് ചിത്രം. ചിത്രത്തില്‍ നിന്നുള്ള ടേക്ക് എവേയും അത് തന്നെയാണ്. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming