പ്രേക്ഷക മനംതൊടും ഈ 'ആയിഷ' -റിവ്യു

By Web TeamFirst Published Jan 20, 2023, 4:36 PM IST
Highlights

തിരശീലയ്ക്കപ്പുറം ഒരു കലാകാരി തൻ്റെ ചുറ്റുമുള്ള ജീവിതങ്ങളെ ഹൃദയം കൊണ്ട് സ്നേഹിച്ച കഥയാണ് ആയിഷ.

രു പക്കാ ഫീൽ​ ​ഗുഡ്- ഇമോഷണൽ എന്റർടെയ്നർ. ഒറ്റവാക്കിൽ 'ആയിഷ'യെ ഇങ്ങനെ വിശേഷിപ്പിക്കാം. പേര് സൂചിപ്പിക്കുമ്പോലെ തന്നെ ആയിഷ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചിരിക്കുന്നത്. ലൈഫ് സ്റ്റോറി അല്ലെങ്കിലും കലയെ സ്നേഹിച്ച, നാടകത്തെ സ്നേഹിച്ച കേരളത്തിലെ ഒരു നടിയുടെ ജീവിതം പ്രചോദനമായെടുത്ത്, അത് മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കാൻ സംവിധായകൻ ആമിർ പള്ളിക്കലിനും സാധിച്ചിട്ടുണ്ട്. 

തിരശീലയ്ക്കപ്പുറം ഒരു കലാകാരി തൻ്റെ ചുറ്റുമുള്ള ജീവിതങ്ങളെ ഹൃദയം കൊണ്ട് സ്നേഹിച്ച കഥയാണ് ആയിഷ പറയുന്നത്. മഴയോടെയാണ് ആയിഷയുടെ തുടക്കം. വിദേശത്ത് പോകാൻ തയ്യാറെടുക്കുന്ന ആയിഷയെ(മഞ്ജു വാര്യർ) അവിടെ കാണാൻ സാധിക്കും. സൗദിയിലെ റിയാദിലാണ് പിന്നെ കഥ നടക്കുന്നത്. അവിടുത്തെ ഒരു പാലസിൽ(റോയൽ ഫാമിലി അല്ല) ​ഗദ്ദാമ ആയി ജോലിയ്ക്ക് എത്തുകയാണ് ആയിഷ. പരിചിതമല്ലാത്ത ഒരു സ്ഥലത്ത് എത്തിപ്പെടുന്ന മലയാളിയായ ഒരു സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങൾ വരച്ചുകാട്ടുന്നുണ്ട് ചിത്രം. 

അംബര ചുംബിയായി നിൽക്കുന്ന പാലസിൽ വേറെയും കുറേ ​ഗദ്ദാമമാർ ഉണ്ട്. ഇതിൽ ഒരാളാണ് നിഷ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാധിക. വർഷങ്ങൾക്ക് ശേഷം ബി​ഗ് സ്ക്രീനിൽ ലഭിച്ച നിഷ എന്ന വേഷത്തെ മനോഹരമായി തന്നെ രാധിക അവതരിപ്പിച്ചിട്ടുണ്ട്. 'മാമ്മ' എന്ന് എല്ലാവരും വിളിക്കുന്ന 'ഉംറൈൻ' എന്ന മധ്യവയസ്കയാണ് പാലസിലെ പ്രധാന വ്യക്തി. സ്ത്രീകൾക്ക് മുൻ​ഗണന കൊടുക്കുന്ന പാലസിലെ അവസാന വാക്ക് മാമ്മയുടേതാണ്.  

രോ​ഗിണിയായ മാമ്മയെ പരിചരിക്കാൻ ആയിഷ നിയോ​ഗിക്കപ്പെടുന്നതോടെ സിനിമ വേറൊരു ​തലത്തിലേക്ക് പോകുന്നു. ആദ്യം ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും പിന്നീട് തന്റെ മക്കളെക്കാൾ ഏറെ മാമ്മയ്ക്ക് ആയിഷ പ്രിയങ്കരി ആകുന്നുണ്ട്. ആരാണ്  ആയിഷ എന്ന് വെളുപ്പെടുത്തി കൊണ്ടാണ് ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്നത്. രണ്ടാം പകുതി ഇമോഷണൽ ടച്ചിലുള്ളതാണ്. പ്രേക്ഷകന്റെ കണ്ണിനെ ഈറനണിയിക്കാൻ രണ്ടാം പകുതിക്ക് സാധിച്ചിട്ടുണ്ട്. ആയിഷയുടെ വൈകാരികതയെ തന്മയത്വത്തോടെ തന്നെ മഞ്ജു വാര്യർ സ്ക്രീനിൽ എത്തിച്ചു. 

'ആയിഷ'യുടെ നട്ടെല്ല് തീർച്ചയായും തിരക്കഥ തന്നെയാണ്. യഥാർത്ഥ ജീവിതത്തെ സിനിമാറ്റിക്കായി രേഖപ്പെടുത്തുമ്പോഴും ആ ജീവിതത്തോട് ഇഴചേർന്ന് തന്നെ കഥ പറയാൻ തിരക്കഥാകൃത്ത് ആഷിഫ് കക്കോടിനും സംവിധായകനും കഴിഞ്ഞിട്ടുള്ളത് പ്രശംസ അർഹിക്കുന്നു. മനോഹരമായ‌ ഷോട്ടുകളും പാലസിന്റെ യഥാർത്ഥ സൗന്ദര്യവും സ്ക്രീനിൽ എത്തിച്ച ഛായാഗ്രാഹകൻ വിഷ്ണു ശര്‍മയും കയ്യടി അർഹിക്കുന്നുണ്ട്.  

ആയിഷയിൽ എടുത്ത് പറയേണ്ടുന്ന കാര്യം പാട്ടുകളാണ്. ആകെ അഞ്ചു പാട്ടുകളാണ് ചിത്രത്തിലുള്ളത്. എം. ജയചന്ദ്രന്റെ മാജിക്കൽ സോങ്സ് ആണ് എല്ലാം. ബി.കെ. ഹരിനാരായണനും സുഹൈൽകോയയും ആണ് രചന. അറബിയിലുള്ള ഒരു പാട്ടുമുണ്ട്. പ്രഭുദേവയുടെ കൊറിയോ​ഗ്രഫിയിൽ ഒരുങ്ങിയ 'കണ്ണില് കണ്ണില്' എന്ന ​ഗാനം തിയറ്ററുകളിൽ കയ്യടി നേടി. 

മ‍ഞ്ജു വാര്യർക്കും രാധികയ്ക്കും ഒപ്പം വിദേശ നാടുകളിലും കേരളത്തിലും ഉൾപ്പടെയുള്ള അഭിനേതാക്കൾ തങ്ങളുടെ ഭാ​ഗങ്ങൾ വളരെ സൂക്ഷ്മതയോടും കയ്യടക്കത്തോടും അവതരിപ്പിച്ച് ഫലിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 'മാമ്മ'യെ അവതരിപ്പിച്ച നടി. സാറയായി എത്തിയ ലത്തീഫ, പാലസ് ഡ്രൈവർ ആയ ഹംസ, കൃഷണ ശങ്കർ ആവതരിപ്പിച്ച ആബിദ്, സലാമാ അൽ മസ്റൂ, സറഫീന തുടങ്ങിവരും കയ്യടി അർഹിക്കുന്നു. രണ്ട് സ്ത്രീകളുടെ അതിജീവന കഥയാണ് ആയിഷ. അവരുടെ ഒറ്റപ്പെടലിന്റെയും സ്വപ്നങ്ങളുടെയും കഥയാണത്. അത് പ്രേക്ഷകരുടെ ഉള്ളുലയ്ക്കുമെന്ന് തീർച്ച. 

16 കോടി ആർക്ക് ? ഭാ​ഗ്യശാലി രം​ഗത്തെത്തുമോ ? അനൂപിന്റെ അവസ്ഥ പാഠമോ ?

click me!