പ്രേക്ഷക മനം കീഴടക്കും ഈ 'നെയ്മർ'- റിവ്യു

By Web TeamFirst Published May 12, 2023, 4:05 PM IST
Highlights

സുധി മാഡിസൻ സംവിധാനം ചെയ്ത ചിത്രം. 

'നെയ്മർ' എന്ന പേര് കേട്ടാൽ ആദ്യം ലോക ജനതയുടെ മനസ്സിൽ ഓടിയെത്തുന്ന ഒരേയൊരു മുഖമേ ഉള്ളു, ഫുട്ബോൾ സൂപ്പർ താരം നെയ്മറിന്റേത്. എന്നാൽ മലയാളികൾക്കിനി ഓർക്കാൻ ഒന്നല്ല, രണ്ട് മുഖങ്ങളുണ്ട്. ഒന്ന് സാക്ഷാൻ നെയ്റും മറ്റൊന്ന് സുധി മാഡിസൻ സംവിധാനം ചെയ്ത ചിത്രത്തിലെ 'നായ'കനും.

നായയെ കഥാപാത്രമാക്കി നിരവധി സിനിമകൾ മുൻപും വന്നിട്ടുണ്ടെങ്കിലും ഒരു നാടൻ നായ മുഴുനീളെ കഥാപാത്രം അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. ട്രെയിനിം​ഗ് ലഭിക്കാത്ത നാടൻ നായയെ സിനിമയിൽ അഭിനയിപ്പിക്കുക എന്നത് അൽപം ശ്രമകരമായ ദൗത്യം ആണ്. എന്നാൽ നാളുകൾ നീണ്ട അണിയറ പ്രവർത്തകരുടെ പ്രയത്നം നിഷ്ഫലമായില്ലെന്ന് നെയ്മറിലൂടെ സംവിധായകൻ വരച്ചിടുന്നു. 

ഒരു പക്കാ ഇമോഷണൽ കോമഡി എന്റർടെയ്നർ ആണ് നെയ്മർ. നെയ്മർ എന്ന് വിളിക്കുന്ന നായയും സുഹൃത്തുക്കളായ സിന്റോ ആകാംഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സിന്റോ ആയി നസ്‍ലെൻ തകർത്താടിയപ്പോൾ ആകാംഷ് ആയി മാത്യു തോമസും കസറി. ബ്രസീൽ ഫാൻസ് ആണ് ഇരുവും. തന്റെ സുഹൃത്തിന് വേണ്ടി ഏതറ്റവും പോകുന്ന കഥാപാത്രമാണ് സിന്റോയുടേത്. ആകാംഷ് ആകട്ടെ ചെറിയൊരു ഇൻട്രോവെർട്ട് ആയ ആളും. എന്തിനും ഏതിനും സിന്റോ ആകാംഷിനൊപ്പം ഉണ്ടാകും. ഇരുവരുടെയും കോമ്പോയാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റും. ഇവരുടെ അച്ഛന്മാരാണ് ഷമ്മി തിലകനും വിജയ രാഘവനും. ഒരുകാലത്ത് സുഹൃത്തുക്കളായിരുന്ന ഇവർ പിന്നീട് ശത്രുക്കളായവരാണ്. 

കുട്ടിക്കാലെ മുതൽ ആകാംഷും സിന്റോയും അടുത്ത സുഹൃത്തുക്കളാണ്. വളർത്തുനായയുള്ള ഒരു പെൺകുട്ടിയുമായി ആകാംഷ് പ്രണയത്തിലാകുന്നു. അവളെ ആകർഷിക്കാൻ, പരസ്പര താൽപ്പര്യം സൃഷ്ടിക്കാൻ ഒരു വളർത്തുനായയെ വാങ്ങിക്കുക എന്ന ആശയം സിന്റോ അവനു നൽകുന്നു. എന്നാൽ ആ പദ്ധതി ഒടുവിൽ ആകാംഷിന്റെ വളർത്തുനായ നെയ്മറുമായുള്ള വൈകാരിക അടുപ്പത്തിൽ കലാശിക്കുകയാണ്. അപ്രതീക്ഷിതമായ സംഭവ വികാസങ്ങളുമായി കടന്നു പോകവെ നെയ്മറെ കാണാതാകുന്നു. ഇതോടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് എത്തുകയാണ്. ശേഷം നെയ്മറെ തേടി സുഹൃത്തുക്കൾ പോകുന്നതും കണ്ടെത്തുന്നതും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 

നെയ്മറിലെ അഭിനേതാക്കളുടെ പ്രകടനം എടുത്തു പറയേണ്ടുന്ന ഒന്നാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ കട്ടയ്ക്ക് പിടിച്ച് നിൽക്കുന്നുണ്ട് മറ്റ് അഭിനേതാക്കളും. എല്ലാവരും അവരവരുടെ ഭാ​ഗങ്ങൾ കൃത്യമായി ചെയ്തിട്ടുണ്ട്. പൊന്നിയിൻ സെൽവൻ 1, ബില്ല, സൂതും കവ്വും തുടങ്ങിയ സിനിമകളിൽ ശക്തമായ വേഷങ്ങളിൽ തിളങ്ങിയ യോഗ് ജാപ്പിയും തന്റെ ഭാ​ഗം അതി മനോഹരമാക്കി. 

നെയ്മറിന്റെ നട്ടെല്ല് തിരക്കഥയാണ്. വികാരനിർഭരമായ നിമിഷങ്ങളിൽ ഉൾപ്പടെ തമാശയുടെ സാമ്പിളുകളും ഉൾപ്പെടുത്തിയാണ് ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്നത്. താമാശയുടെ മേമ്പൊടി ആദ്യം മുതൽ അവസാനം വരെയും നിലനിർത്താൻ അവർക്ക് സാധിച്ചിട്ടുമുണ്ട്. ഒരു നാടൻ നായയെ ഉൾപ്പെടുത്തി ഇമോഷണൽ- കോമഡി എന്റർടെയ്നർ ഒരുക്കിയ സുധിയും കയ്യടി അർഹിക്കുന്നു. 

നെയ്മറിൽ പ്രശംസ അർഹിക്കുന്നൊരു കാര്യം പാട്ടുകളാണ്. സിനിമയുടെ അഭിവാജ്യഘടകം ആണ് ഈ പാട്ടുകൾ. ഒരുനിമിഷം പ്രേക്ഷകരെ തിയറ്ററിൽ ചുവടുവയ്പ്പിക്കാൻ പാട്ടുകൾക്ക് സാധിച്ചിട്ടുണ്ട്. മനോഹരമായ ദൃശ്യങ്ങളും ഷോട്ടുകളും സീനുകളും സമ്മാനിച്ച ഛായാഗ്രഹകൻ ആല്‍ബിയും കയ്യടി അർഹിക്കുന്നുണ്ട്. വാക്കുകൾക്ക് പകരം പോണ്ടിച്ചേരിയിലെ ഒരു പ്രദേശത്തെ ചുറ്റുപാടുകൾ എന്താണെന്ന് പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കാനും ആൽബിക്ക് സാധിച്ചു എന്നതും പ്രശംസനീയം ആണ്. 

ബോക്സ് ഓഫീസ് പ്രളയം തീർത്ത് '2018'; ഒരാഴ്ചയിൽ കോടി ക്ലബ്ബുകൾ കീഴടക്കി കുതിപ്പ്

കോമഡിയും ഇമോഷണലും കലർന്ന ആദ്യ പകുതിയും മാസും ആക്ഷനും നിറഞ്ഞ രണ്ടാം പകുതിയും പ്രേക്ഷകർക്ക് അനുഭവേദ്യമാക്കി നെയ്മർ. രണ്ടാം പകുതിയിലെ നായപ്പോര് കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചു. കോമഡി ഇമോഷണൽ ​ഡ്രാമ എന്നതിനുമപ്പുറം, ആപത്ത് ഘട്ടത്തിൽ മനുഷന് പോലും തോന്നാത്ത സഹാനുഭൂതി മൃ​ഗങ്ങൾക്ക് തോന്നും എന്ന് അടിവരയിട്ട് പറയുന്നു. അത് ശത്രുക്കൾ ആയാൽ പോലും. എന്തായാലും സൗഹൃദത്തിന്, ആത്മ ബന്ധങ്ങൾക്ക് വില കൊടുക്കുന്നവർക്ക് ഈ നെയ്മർ ഇഷ്ടമാകുമെന്ന് തീർച്ച.  

tags
click me!