ഇടിക്കൂട്ടിൽ മിന്നിച്ച് നസ്‌ലെൻ, മനം കവർന്ന് ഗണപതിയും അനഘ രവിയും; ആലപ്പുഴ ജിംഖാന റിവ്യൂ

Published : Apr 10, 2025, 03:41 PM ISTUpdated : Apr 11, 2025, 11:38 AM IST
ഇടിക്കൂട്ടിൽ മിന്നിച്ച് നസ്‌ലെൻ, മനം കവർന്ന് ഗണപതിയും അനഘ രവിയും; ആലപ്പുഴ ജിംഖാന റിവ്യൂ

Synopsis

ചെറിയ ചില ക്ലീഷേകളെ ബ്രേക്ക് ചെയ്യുന്നുണ്ട് സിനിമ.

സംവിധായകൻ ഖാലിദ് റഹ്മാൻ പ്രൊമോഷൻ അഭിമുഖത്തിൽ തന്നെ ആലപ്പുഴ ജിംഖാനയുടെ കഥ പറഞ്ഞിരുന്നതാണ്. ആ കഥയെ റഹ്മാൻ സ്റ്റൈലിൽ സിനിമാറ്റിക്കായി എക്സ്പീരിയൻസ് ചെയ്യാനാണ് പ്രേക്ഷകർ ടിക്കറ്റെടുത്തത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആലപ്പുഴയിലെ ഒരു ജിംഖാനയെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. തല്ലുമാലയുടെ അതേ ടാർഗറ്റ് ഓഡിയൻസാണ് ആലപ്പുഴ ജിംഖാനയ്ക്കും. പ്ലസ്ടു തോറ്റ ജോജോയും കൂട്ടരും ഗ്രേസ് മാർക്കിന് വേണ്ടി ബോക്സിങ് പഠിക്കാൻ ആലപ്പുഴ ജിംഖാന എന്ന ക്ലബിൽ ചേരുന്നതും പിന്നീട് നടക്കുന്ന ബോക്സിങ് ചാമ്പ്യൻഷിപ്പും ആണ് സിനിമയുടെ കഥ. ഔട്ട് ആൻഡ് ഔട്ട് കോമഡി ട്രാക്കിലാണ് സിനിമയുടെ പോക്ക്. 

നസ്‌ലെൻ അവതരിപ്പിക്കുന്ന ജോജോ ജോൺസൺ, ബേബി ജീനിൻ്റെ ഡേവിഡ് ജോൺ, ഫ്രാങ്കോ ഫ്രാൻസിനിൻ്റെ ഷിഫാസ് അലി, സന്ദീപ് പ്രദീപിൻ്റെ ഷിഫാസ് അഹമ്മദ്, ശിവ ഹരിഹരൻ അവതരിപ്പിക്കുന്ന ഷാനവാസ് എന്നിവരുടെ സുഹൃദത്തെ എസ്റ്റാബ്ലിഷ് ചെയ്ത് പോകുന്നതാണ് സിനിമയുടെ ഫസ്റ്റ് ഹാഫ്. ആ ഏജ് ഗ്രൂപ്പിലുള്ള കുട്ടികൾ നേരിടുന്ന തരം സാഹചര്യങ്ങളിലൂടെ സൗഹൃദവും പ്രണയവും പറഞ്ഞ് ഒഴുക്കിൽ ആദ്യ പകുതി പൂർത്തിയാക്കും ചിത്രം. നസ്‌ലെനും കൂട്ടർക്കും പുറമേ ഗണപതിയുടെ ദീപക് പണിക്കരും ഷോൺ ജോയിയുടെ കിരണും കൂടി അപ്പോഴേക്കും ഇവർക്കൊപ്പം പ്രേക്ഷകരുടെ മനസിൽ എത്തിക്കാണും.

രണ്ടാം പകുതിയിൽ ഗാലറിയിലുരുന്ന് ഗെയിം കാണുന്ന കാണികളാകും പ്രേക്ഷകരും. സംസ്ഥാന തല ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദിയിൽ കഥ നടക്കുമ്പോഴും ഒരു പക്കാ സ്പോർട്ഡ് ഡ്രാമ എന്ന് വിളിക്കാനാകില്ല ജിംഖാനയെ. സൗഹൃദവും തമാശയും നിറഞ്ഞതാണ് കഥാ സന്ദർഭങ്ങളൊക്കെയും. ലുക്മാൻ്റെ ആൻ്റണി ജോഷ്വാ നയിക്കുന്ന ആലപ്പുഴ ജിംഖാനയുടെ മെൻസ് ടീമും അബു സലിം നേതൃത്വം കൊടുക്കുന്ന ആലപ്പുഴയുടെ വിമൺസ് ടീമും ഉണ്ട്. ആലപ്പുഴയോട് മറ്റു ജില്ലകളുടെ മത്സരവും തമ്മിലെ പോരുവിളിയും അതിനോട് കുട്ടികളുടെയും കോച്ചിൻ്റെയും പ്രതികരണവുമൊക്കെയായാണ് സിനിമ പോകുന്നത്.

പതിവ് പോലെ നസ്‌ലെൻ ജോജോയെന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്. ലുക്മാൻ്റെ ജോഷ്വായും ഗണപതിയുടെ ദീപക് പണിക്കരും അനഘ രവിയുടെ നടാഷയും പ്രേക്ഷകരുടെ സ്നേഹം നേടും. സ്പോർട്സിന് പ്രാധാന്യമുള്ള ഏതൊരു സിനിമയിലേതും പോലെ പ്രേക്ഷകർക്ക് മിനിമം ഹൈ തരുന്ന മൊമെൻ്റുകൾ റഹ്മാൻ ഫൈറ്റുകളുടെ ചിത്രീകരണത്തിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. അതേസമയം അമെച്വറായ ഈ കുട്ടികൾ അങ്ങനെയങ്ങ് വിജയിക്കില്ലെന്ന് പ്രേക്ഷകനേപ്പോലെ സംവിധായകനും കൃത്യമായി അറിയാം. 

കോട്ടയം നസീർ, സലീം ഹാസൻ, നന്ദ നിഷാന്ത്, അസ്സിം ജമാൽ തുടങ്ങിയവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, സ്വാതി ദാസ്, ആദ്രി ജോ തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. സംഗീത സംവിധായകൻ അലക്സ് പോൾ ഒരു സർപ്രൈസ് കാസ്റ്റ് ആയി അനുഭവപ്പെട്ടു. ചെറിയ ചില ക്ലീഷേകളെ ബ്രേക്ക് ചെയ്യുന്നുണ്ട് സിനിമ. നസ്‌ലെൻ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രത്തിൻ്റെ കുടുംബ പശ്ചാത്തലത്തെയും പ്രണയത്തെയും സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നു. ഖാലിദിൻ്റെ മേക്കിങ്ങിനും പക്കാ കാസ്റ്റിങ്ങിനും കൈയ്യടിയുണ്ട്. കഥാ പരിസരവും സിനിമയുടെ ട്രാക്കും തമ്മിലിണങ്ങി പോകുന്നുണ്ട്. ഔട്ട് ആൻഡ് ഔട്ട് എൻ്റർടെയ്നറാണ് ആലപ്പുഴ ജിംഖാന.

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
ത്രസിപ്പിക്കുന്ന ത്രില്ലര്‍, ഇമോഷണല്‍, ഈ ധീരം- റിവ്യു