
ക്യാമ്പസ് പ്രണയവും സൗഹൃദവുമൊക്കെ നിറഞ്ഞ കഥകളെ എന്നും മലയാളം സിനിമാ പ്രേക്ഷകർ നെഞ്ചോടുചേർത്തിട്ടുണ്ട്. അത്തരത്തിൽ പുതുതലമുറയുടെ പ്രണയവും സൗഹൃദവും ആഘോഷങ്ങളുമെല്ലാം മനോഹരമായി കോർത്തിണക്കി എത്തിയിരിക്കുന്ന ചിത്രമാണ് ലിജീഷ് കുമാറിന്റെ രചനയിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത 'പ്രേംപാറ്റ'. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രം കോളേജ് എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ഒരു വയനാടൻ ഗ്രാമത്തിലേക്ക് ക്യാമ്പിന്റെ ഭാഗമായി എത്തുന്ന അമ്പതോളം വിദ്യാർഥികളുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ക്യാമ്പിലെ രസകരമായ അനുഭവങ്ങളും കൂട്ടുകാരുടെ തമാശകളും സൗഹൃദങ്ങളും പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
പുതുതലമുറയുടെ ജീവിതവും അവരുടെ കാഴ്ചപ്പാടുകളും സോഷ്യൽ മീഡിയ കാലത്തെ ബന്ധങ്ങളുമെല്ലാം സിനിമയുടെ പശ്ചാത്തലത്തിൽ കടന്നുവരുന്നുണ്ട്. പതിവ് പ്രണയകഥകളിൽ നിന്ന് വ്യത്യസ്തമായി എൻഎസ്എസ് ക്യാമ്പിന്റെ അന്തരീക്ഷത്തെ കഥയുടെ പ്രധാന ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത് ചിത്രത്തിന് വേറിട്ടൊരു അനുഭവം നൽകുന്നു. ക്യാമ്പസ് ജീവിതം പിന്നിട്ടവർക്കും ഇപ്പോൾ കോളേജ് ജീവിതം ആസ്വദിക്കുന്നവർക്കും ഒരുപോലെ കണക്ട് ചെയ്യാൻ കഴിയുന്ന മുഹൂർത്തങ്ങൾ സിനിമയിലുണ്ട്.
ജോമോൻ ജ്യോതിർ ഷഹബാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം തുടങ്ങിയവരുടെ സാന്നിധ്യവും ചിത്രത്തിന് കരുത്താകുന്നു. സാഫ് ബോയ്, ജുനൈസ് വി പി, നയന എൽസ, ടിസ് തോമസ് തുടങ്ങിയ യുവതാരങ്ങളും ചിത്രത്തിന്റെ ക്യാമ്പസ് അന്തരീക്ഷത്തിന് കൂടുതൽ ഊർജം പകരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ 'പ്രേംപാറ്റ' എന്ന കഥയുടെ പേരിനെയും പ്രണയസങ്കൽപ്പത്തെയും ഓർമിപ്പിക്കുന്ന തരത്തിൽ സിനിമയുടെ പേരുതന്നെ കൗതുകമുണർത്തുന്നുണ്ട്. ബഷീറിന്റെ എഴുത്തുകളിൽ പ്രണയം കേവലം രണ്ടുപേർ തമ്മിലുള്ള ആകർഷണമല്ല, മറിച്ച് ജീവിതത്തിന്റെ നിഷ്കളങ്കതയും നർമ്മവും വിരഹവും സ്വപ്നങ്ങളുമെല്ലാം ചേർന്ന മനോഹരമായ അനുഭവമാണ്. ആ പേരിനോടുള്ള സാഹിത്യപരമായ ഓർമകൾ ഉണർത്തുമ്പോഴും പുതിയ തലമുറയുടെ ക്യാമ്പസ് പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷങ്ങളിലേക്കാണ് സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ബഷീറിന്റെ പ്രണയലോകത്തെ അതേപടി പുനരാവിഷ്കരിക്കാനല്ല, ആ പേരിലൂടെ മലയാളിയുടെ മനസിലുള്ള പ്രണയത്തിന്റെ നനുത്ത ഓർമകളെ തൊട്ടുണർത്താനാണ് 'പ്രേംപാറ്റ' ശ്രമിക്കുന്നത്.
ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം സംഗീതമാണ്. അങ്കിത് മേനോൻ ഒരുക്കിയ ഗാനങ്ങൾ 'പ്രേംപാറ്റ'യുടെ ക്യാമ്പസ് പ്രണയാന്തരീക്ഷത്തിന് കൂടുതൽ നിറം പകരുന്നു. നിഹാൽ സാദിഖിന്റെ ശബ്ദത്തിൽ എത്തിയ 'നെഞ്ചാടിയേ' പ്രണയത്തിന്റെ മനോഹരമായ അനുഭവം പകരുമ്പോൾ, ഡബ്സിയുടെ വേറിട്ട ആലാപനത്തിലെ 'ബിരിയാണിപ്പാട്ട്' ആഘോഷത്തിന്റെ താളത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. സുഹൈൽ എം കോയയും മുത്തുവും ഒരുക്കിയ വരികളും ഗാനങ്ങളുടെ പ്രത്യേകതയാണ്. സൂരജ് സന്തോഷ് ആലപിച്ച ഗാനം കെനിയയിലെ നെയ്റോബിയിൽ റെക്കോർഡ് ചെയ്തതും ചിത്രത്തിന്റെ സംഗീതവിഭാഗത്തിന് ലഭിച്ച ശ്രദ്ധേയമായ പ്രത്യേകതയാണ്. പ്രണയത്തിനും സൗഹൃദത്തിനും ആഘോഷങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയുടെ സ്വഭാവത്തോട് ചേർന്നുനിൽക്കുന്ന സംഗീതമാണ് 'പ്രേംപാറ്റ'യുടേത്. രണദിവെയുടെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസിന്റെ എഡിറ്റിംഗും അണിയറയിലെ ശ്രദ്ധേയമായ സാന്നിധ്യങ്ങളാണ്.
'ആയിഷ', 'ഇഡി' എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്തിരിക്കുന്ന 'പ്രേംപാറ്റ', ക്യാമ്പസ് പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷത്തിനൊപ്പം അപ്രതീക്ഷിതമായ ക്ലൈമാക്സിലൂടെയും പ്രേക്ഷകരെ കയ്യിലെടുക്കുന്ന ചിത്രമാണ്. അമിതമായ ഗൗരവങ്ങളില്ലാതെ പ്രണയവും സൗഹൃദവും ചിരിയും ആസ്വദിക്കാനാഗ്രഹിക്കുന്നവർക്ക് മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും ഈ ചിത്രം. പ്രത്യേകിച്ച് യുവപ്രേക്ഷകർക്കും ക്യാമ്പസ് ജീവിതത്തിന്റെ പഴയ ഓർമകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു കിടിലൻ യൂത്ത് എന്റർടെയിനാറാണ് 'പ്രേംപാറ്റ'.