പവർഫുൾ ആക്ഷൻ, പവർഫുൾ പെർഫോമൻസ്; ഹീസ്റ്റ് ത്രില്ലറിൽ ഒതുങ്ങാത്ത 'ഐ നോബഡി'; റിവ്യൂ

Published : Jul 09, 2026, 03:56 PM IST
I Nobody

Synopsis

സമൂഹമാധ്യമങ്ങളുടെ തെറ്റായ സ്വാധീനവും ആൾക്കൂട്ടത്തിൻ്റെ മനശാസ്ത്രവും ഒരു പടികൂടി കടന്ന് അതിശയോക്തിപരമായി കൈകാര്യം ചെയ്യാനുള്ള സിനിമാറ്റിക് ലിബേർട്ടി ഐ നോബഡി എടുക്കുന്നുണ്ട്.

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ഐ നോബഡി. റോബിൻഹുഡിനും സപ്തമശ്രീ തസ്കരയ്ക്കും ശേഷം മറ്റൊരു പൃഥ്വി ഹീസ്റ്റ് ത്രില്ലർ പ്രതീക്ഷിച്ചു ചെന്നാൽ അതിലും വലുത് കരുതി വച്ചിട്ടുണ്ട് സിനിമ. തിരുവനന്തപുരമാണ് കഥാപശ്ചാത്തലം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന രാജീവൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. പാർവതി അവതരിപ്പിക്കുന്ന മീരയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. ഒരു ബാങ്ക് കവർച്ചയിൽ രാജീവൻ അബദ്ധത്തിൽ സാക്ഷിയാകുന്നതും തുടർന്ന് അയാളുടെ വ്യക്തിജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം.

ബാങ്ക് കവർച്ചയ്ക്ക് സാക്ഷിയായ രാജീവനെ പണവുമായി കടന്നുകളയുന്നതിനിടയിൽ കവർച്ചക്കാർ ബന്ധിയാക്കി കൊണ്ടുപോവുകയാണ്. എന്നാൽ ആ സംഭവത്തോടെ അയാളുടെ ജീവിതം കീഴ്മേൽ മറിയുന്നു. കൊള്ളയ്ക്ക് പിന്നിൽ രാജീവനുമുണ്ടോ എന്ന സംശയങ്ങൾക്ക് പിന്നാലെ അയാൾ സമൂഹത്തിനു മുന്നിൽ ക്രൂശിക്കപ്പെടുകയാണ്. ഒരു സാധാരണക്കാരനെ സിസ്റ്റം 'നോബഡി' എന്ന പരിഗണന മാത്രം നൽകി അവഗണിക്കുമ്പോൾ അയാൾ നടത്തുന്ന പ്രതിരോധമായി ഒറ്റവാചകത്തിൽ ചിത്രത്തെ കാണാം.

ആദ്യ രംഗം മുതൽ ആദ്യ പകുതി അവസാനിക്കും വരെ കണ്ണിമ ചിമ്മാതെ പിടിച്ചിരുത്തുകയാണ് പ്രേക്ഷകരെ ചിത്രം. അത്രമാത്രം ഡീറ്റെയിലിങ്ങോടെ ചടുലമായ ദൃശ്യഭാഷയിൽ രാജീവൻ്റെയും മീരയുടെയും കഥ പറയും. സമൂഹമാധ്യമങ്ങളുടെ തെറ്റായ സ്വാധീനവും ആൾക്കൂട്ടത്തിൻ്റെ മനശാസ്ത്രവും ഒരു പടികൂടി കടന്ന് അതിശയോക്തിപരമായി കൈകാര്യം ചെയ്യാനുള്ള സിനിമാറ്റിക് ലിബേർട്ടി ഐ നോബഡി എടുക്കുന്നുണ്ട്. സസ്പെൻസ് നിറഞ്ഞ മുഹൂർത്തങ്ങൾക്കൊപ്പം ഇവരുടെ വ്യക്തി ജീവിതത്തിലെ വൈകാരിക നിമിഷങ്ങളെ കുടി ചേർത്താണ് ഐ നോബഡിയെ എഴുത്തുകാരൻ ഹൃദയസ്പർശിയാക്കുന്നത്. പ്രധാന താരങ്ങളായ പൃഥ്വിരാജിൻ്റെയും പാർവതി തിരുവോത്തിൻ്റെയും ഓൺസ്ക്രീൻ കെമിസ്ട്രിയും അഭിനയമുഹൂർത്തങ്ങളുമാണ് ആദ്യം എടുത്തു പറയേണ്ടത്. മക്കളായി അഭിനയിച്ച നക്ഷത്രയും ആര്യ ഇസയും അവരുടെ റോളുകളെ ഭംഗിയാക്കി. എഡിറ്റർ റമീസ് എംബി തീരുമാനിച്ച വേഗത്തിനൊപ്പം ജേക്സ് ബിജോയുടെ സംഗീതവും.

രണ്ടാം പകുതിയിലേയ്ക്ക് കടക്കുമ്പോൾ കൂടുതൽ ലെയറുകൾ കൈവരിക്കുകയാണ് ചിത്രം. ഹൈസ്റ്റ് സ്റ്റോറിയായി തുടങ്ങി സോഷ്യോ പൊളിറ്റിക്കൽ ഴോണറിലേയ്ക്ക് മനോഹരമായി സിനിമ നീങ്ങുന്നത് ഇവിടെവച്ചാണ്. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് കഥയുടനീളം സഞ്ചരിക്കുന്നത്. കേവലമൊരു ഹൈസ്റ്റ് ചിത്രത്തിനപ്പുറം രാജീവനു ചുറ്റുമുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളിലെ വ്യത്യാസത്തെയും എല്ലാത്തിനെയും നിയന്ത്രിക്കാൻ കെല്പുള്ള അജണ്ടകളെയും കുറിച്ചൊക്കെ പരന്നു ചിന്തിക്കുകയാണ് ചിത്രം.

സാങ്കേതിക വശങ്ങളിൽ ഏറെ മുന്നിട്ടുനിൽക്കുകയാണ് ചിത്രം. യാനിക് ബെൻ, കലൈ കിങ്‌സൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കിയ ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് സീനുകളുമായി ത്രില്ലിങ് മൊമെൻ്റുകൾ ഉടനീളം ഐ നോബഡി സമ്മാനിക്കും. സ്റ്റൈലിഷായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കുമ്പോൾ തന്നെ ഒന്നിനൊന്ന് വ്യത്യസ്തമാണ് കൊറിയോഗ്രഫി. ദിനേശ് പുരുഷോത്തമന്റെ ഛായാഗ്രഹണം ഒരു ഹീസ്റ്റ്-ആക്ഷൻ ചിത്രത്തിന് വേണ്ട ദൃശ്യഭാഷ പകർത്തിയിട്ടുണ്ട്. 

പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെയും ഇ4 എസ്ക്പീരിമെൻ്ഋസിൻ്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് നിർമ്മാണം. എന്നു നിൻ്റെ മൊയ്ദീൻ, കൂടെ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടുമൊന്നിക്കുകയാണ് ഐ നോബഡിയിൽ. അശോകൻ, ബീന ആർ ചന്ദ്രൻ, ഹക്കീം ഷാ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ തുടങ്ങിയ താരങ്ങൾ തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ 'റോഷാക്ക്’, ആസിഫ് അലിയുടെ ‘കെട്ട്യോളാണെന്റെ മാലാള’ എന്നീ സിനിമകൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം, അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്, റോഷാക്ക് എന്നിവയ്ക്ക് ശേഷം സമീർ അബ്ദുളിൻ്റെ എഴുത്ത്, ഹിറ്റ് മേക്കർ ജേക്സ് ബിജോയുടെ സംഗീതം ഇതൊക്കെ പ്രതീക്ഷിച്ചു തന്നെ ഐ നോബഡിക്ക് ടിക്കറ്റെടുക്കാം.

 

PREV
Read more Articles on
click me!

Recommended Stories

ഗംഭീര ദൃശ്യാനുഭവം, വന്യമായ മനുഷ്യാനുഭവങ്ങളുടെ 'അനന്തൻ കാട്'; റിവ്യൂ
മനോഹരിയായ വാരണാസി, പ്രകടനങ്ങളിൽ മുന്നേറുന്ന 'ചിന്ന ചിന്ന ആസൈ'; റിവ്യൂ