ഏത് നാട്ടിലും വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും ഒരേ മുഖമാണെന്ന് പറയും പോലെയാണ് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള കഥാപാത്രങ്ങളെ അനന്തൻ കാട് അവതരിപ്പിക്കുന്നത്. ഭരണകൂടങ്ങൾ ഉപകരണങ്ങളാക്കുന്ന മനുഷ്യരുടെ കഥയാവുകയാണ് അനന്തൻ കാട്.
ടിയാന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന ചിത്രം, പ്രേക്ഷകരെ സംബന്ധിച്ച് അതായിരുന്നു 'അനന്തൻ കാടി'ൻ്റെ യുഎസ്പി. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കഥ സെറ്റ് ചെയ്യുമ്പോൾ തന്നെ തമിഴ് പശ്ചാത്തലവും കഥയ്ക്ക് നൽകിയിട്ടുണ്ട്. അനന്തപുരി പണ്ടൊരു വലിയ കാടായിരുന്നു. മാനും കടുവയും വിഷപാമ്പും കീരിയും വേട്ടാക്കാരനുമെല്ലാം വാണകാട്. കാലം കടന്നുപോയി കാട് നാടായപ്പോഴും ആ വന്യത പലതരത്തിൽ അവശേഷിക്കുന്നുണ്ട്.
എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും നീണ്ടുനിൽക്കുന്ന പീരിയഡ് സെറ്റപ്പ് ആണ് ചിത്രത്തിന്. അധികാരത്തിലുള്ളവരുടെ ഉപകരണമായി കൂലിത്തല്ലും കൊലയും ചെയ്തിരുന്നവരാണ് ഇന്ദ്രൻസ്, മുരളി ഗോപി, അപ്പാനി ശരത്, ദേവ് മോഹൻ എന്നിവരുടെ സംഘം. ഇവർ പിന്നീട് ഗാനമേള ട്രൂപ്പ് തുടങ്ങി സ്വൈര്യ ജീവിതം നയിക്കുകയാണ്. എന്നാൽ മറ്റുള്ളവർക്കു വേണ്ടി ഇതൊക്കെ ചെയ്തുനടന്നിട്ട് ദാരിദ്ര്യം മാത്രമാണ് ബാക്കി. ഒരു ഘട്ടത്തിൽ, സംഘം മണി എന്ന ആര്യയുടെ തമിഴ് കഥാപാത്രത്തിന് അഭയം നൽകുകയാണ്. മണിയുടെ വരവിനുശേഷം ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പ്രധാനമായും ഉള്ളത്.
ഭരണകൂടങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മനുഷ്യരുടെ ജീവിതങ്ങൾ, അവരുടെ നിലനില്പ്, അതിജീവനം. സകലതിനെയും വളമാക്കുന്ന അധികാരവർഗമെന്ന കാട്! ശക്തമായ പ്രമേയത്തിനൊപ്പം എടുത്ത് പറയേണ്ടത് അഭിനേതാക്കളുടെ പ്രകടനങ്ങൾ ആണ്. ആര്യയെ മുഴുനീള കഥാപാത്രമായി അവതരിപ്പിക്കുമ്പോൾ തന്നെ സ്ക്രീൻ സ്പേസ് ഇന്ദ്രൻസ് നയിക്കുന്ന മുരളി ഗോപിക്കും സംഘത്തിനുമാണ്. പ്രതിനായകനായി എത്തുന്ന വിജയരാഘവൻ്റെ കഥാപാത്രവും ശാന്തി ബാലചന്ദ്രൻ, സുനിൽ, നിഖില വിമൽ, അച്യുത് കുമാർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരുടെ വേഷങ്ങളും അവർ ഭംഗിയാക്കി. അജനീഷ് ലോകനാഥിന്റെ സംഗീതവും എസ്. യുവയുടെ ഛായാഗ്രഹണവും ആർ. ശക്തി ശരവണന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തിന് മുതൽക്കൂട്ടായി.
ഏത് നാട്ടിലും വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും ഒരേ മുഖമാണെന്ന് പറയും പോലെയാണ് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള കഥാപാത്രങ്ങളെ അനന്തൻ കാട് അവതരിപ്പിക്കുന്നത്. അധികാരത്തിനൊപ്പം നിൽക്കുന്ന പൊലീസ് ഭീകരതയുടെ ചിത്രീകരണങ്ങൾ സിനിമയിൽ രണ്ടിടത്തു വരുന്നുണ്ട്. കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സെറ്റുകളും ആക്ഷൻ രംഗങ്ങളുമെല്ലാം മികവുറ്റതാണ്. മുരളി ഗോപിയുടെ മുൻ തിരക്കഥകൾക്ക് സമാനമായി യഥാർഥ സംഭവങ്ങൾ ചിത്രത്തിന് പ്രചോദനമായിട്ടുണ്ട്.
സിസ്റ്റത്തിൻ്റെ നിർദേശാനുസരണം സാധാരണക്കാരനുമേൽ നടത്തുന്ന പൊലീസ് അതിക്രമങ്ങൾ വിമർശനത്തിനു വിധേയമാക്കുകയാണ് സംവിധായകനും എഴുത്തുകാരനുമിവിടെ. തിരുവനന്തപുരത്തിൻ്റെ പശ്ചാത്തലത്തിൽ ഗുണ്ടാ സംഘങ്ങളുടെ കഥ മുമ്പും മലയാള സിനിമ പറഞ്ഞിട്ടുണ്ട്. എന്നാൽ ഭരണകൂടങ്ങൾ ഉപകരണങ്ങളാക്കുന്ന മനുഷ്യരുടെ കഥയാവുകയാണ് അനന്തൻ കാട്. ലീനിയർ സ്റ്റോറി ടെല്ലിങ് ആണ് ചിത്രത്തിന്. ബിഗ് ക്യാൻവാസിൽ ആക്ഷൻ രംഗങ്ങളും മാസും ഇമോഷനും ചേർന്ന് കണ്ടാസ്വദിക്കാൻ അനന്തൻ കാടിന് ടിക്കറ്റെടുക്കാം. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ കഥയും കഥാപാത്രങ്ങളും പ്രേക്ഷകർക്കൊപ്പം വരുമെന്നുറപ്പ്.


