
ഷറഫുദ്ദീൻ നായകനായി എത്തിയ ചിത്രമാണ് ' പ്രിയൻ ഓട്ടത്തിലാണ്'. 'കെയര്‍ ഓഫ് സൈറാ ബാനു'വിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്‍തിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ 'പ്രിയനെ' കേന്ദ്രീകരിച്ചുള്ള ഒരു സിനിമയാണ് ഇത്. ലാളിത്യമുള്ള ഒരു കുഞ്ഞ് സിനിമ എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം (
Priyan Ottathilanu review).
'പ്രിയന്റെ' കുട്ടിക്കാലം കാട്ടിയാണ് സിനിമ തുടങ്ങുന്നത്. നായകനെ കൃത്യമായി പരിചയപ്പെടുത്താനുള്ള ഒരു അവസരമായിട്ടാണ് സംവിധായകൻ ഈ രംഗങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. കലാവാസനകളുള്ള 'പ്രിയദര്‍ശൻ' എന്ന കുട്ടിയിലൂടെ നായകനെ തുടക്കത്തിലേ സംവിധായകൻ എസ്റ്റാബ്ലിഷ് ചെയ്യുന്നു. ആദ്യ രംഗങ്ങളില്‍ തന്നെ നായകന്റെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സംവിധായകൻ.
ഫ്ലാറ്റ് അസോസിയേഷൻ സെക്രട്ടറിയും ഹോമിയോ ഡോക്ടറുമായിട്ടാണ് മുതിര്‍ന്ന 'പ്രിയനെ' സംവിധായകൻ അവതരിപ്പിക്കുന്നത്. നാട്ടുകാരുടെയും വീട്ടുകാരുടെയും എല്ലാം കാര്യങ്ങള്‍ക്ക് 'പ്രിയൻ' വേണം. 'പ്രിയനാ'ണെങ്കില്‍ തന്റെ കുടുംബകാര്യം മാറ്റിവെച്ചിട്ട് പോലും മറ്റുള്ളവരുടെ കാര്യങ്ങള്‍ ചെയ്യാൻ ഓടിനടക്കുന്ന ആളുമാണ്. ഒരു ദിവസം പല കാര്യങ്ങള്‍ ചെയ്യേണ്ട സാഹചര്യം ഒരിക്കല്‍ പ്രിയന് വരുന്നു. എല്ലാം ഒന്നിനൊന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍. അത് എങ്ങനെ 'പ്രിയൻ' കൈകാര്യം ചെയ്യുന്നുവെന്നാണ് സിനിമ പറയുന്നത്. പ്രിയന്റെ തത്രപ്പാടുകളാണ് സിനിമയിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നത്. 'പ്രിയൻ' വിചാരിച്ചതുപോലെ കാര്യങ്ങള്‍ എല്ലാം ഭംഗിയായി നടക്കുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകനും ചിത്രത്തിന് ഒപ്പം ചേരുന്നത്.
മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഓടുന്ന 'പ്രിയൻ' എന്ന ചെറുപ്പക്കാരന്റെ കഥാപാത്രം ഷറഫുദ്ദീനില്‍ ഭദ്രമാണ്. അയത്‍ന ലളിതമായിട്ടുള്ള ശൈലിയിലാണ് ഷറഫുദ്ദീൻ പ്രിയദര്‍ശനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മറ്റൊരു കഥാപാത്രം ബിജു സോപാനത്തിന്റേതാണ്. 'കുട്ടേട്ടൻ' എന്ന കഥാപാത്രമായി ബിജു സോപാനം ആടിത്തകര്‍ത്തിരിക്കുന്നു. ബിജു സോപാനത്തിന്റെ മാനറിസങ്ങളില്‍ ചിരി പടര്‍ത്തുന്നു. സുധി കോപ്പ, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ഹരിശ്രീ അശോകൻ, നൈല ഉഷ, അശോകൻ തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു. ഒരു സസ്‍പെൻസ് എൻട്രിയും ചിത്രത്തിന്റെ അവസാനമുണ്ട്.
ഓരോ രംഗത്തോടും അടുത്ത രംഗം ഒരു ചരടില്‍ കോര്‍ത്തതെന്ന പോലെ ലാളിത്യത്തോടെ അവതരിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തുക്കളുടെ ശ്രമവും ഫലം കണ്ടിട്ടുണ്ട്. അഭയ് കുമാര്‍, കെ അനില്‍ കുര്യൻ എന്നിവരുടെ തിരക്കഥയില്‍ 'പ്രിയൻ' കൃത്യമായി അടയാളപ്പെട്ടിരിക്കുന്നുണ്ട്. ഗാനങ്ങളും 'പ്രിയൻ ഓട്ടത്തിലാണ്' എന്ന സിനിമയുടെ മൊത്തം സ്വഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ശബരീഷ് വര്‍മ, പ്രജീഷ് പ്രേം, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. പ്രിയന്റെ ഓട്ടത്തിന്റെ തുടര്‍ച്ചകളില്‍ ആകാംക്ഷ തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് ജോയലിന്റെ കട്ടുകള്‍. തുടക്കത്തില്‍ പറഞ്ഞതുപോലെ കുടുംബപ്രേക്ഷകരെ ഇഷ്‍ടപ്പെടുത്തും വിധം സ്‍നേഹം തോന്നുന്ന ഒരു ഫീല്‍ ഗുഡ് സിനിമയാണ് 'പ്രിയൻ ഓട്ടത്തിലാണ്'.
Read More : രാജ്‍കുമാര്‍ റാവുവിന്റെ 'ഹിറ്റ്: ദ ഫസ്റ്റ് കേസ്', ട്രെയിലര്‍