പട്ടടയിലെ മനുഷ്യരും മൃഗങ്ങളും; 'പെണ്ണും പൊറാട്ടും' റിവ്യു

Published : Dec 18, 2025, 08:41 AM ISTUpdated : Dec 18, 2025, 12:36 PM IST
IFFK 2025

Synopsis

പുരുഷാധിപത്യം, കാമനകൾ, പൊതുബോധം എന്നിവയെ ആക്ഷേപഹാസ്യത്തിലൂടെ വിമർശനാത്മകമായി സമീപിക്കുന്ന ചിത്രമാണ് രാജേഷ് മാധവന്റെ പെണ്ണും പൊറാട്ടും. ഐഎഫ്എഫ്കെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമയുടെ റിവ്യു വായിക്കാം. Pennum Porattum Review

പട്ടട എന്ന സാങ്കല്പിക ഗ്രാമത്തിൽ ഒരുകാലത്ത് പരസ്‍പരം സംഘർഷത്തിലേർപ്പെട്ട മനുഷ്യരെ ഒന്നിപ്പിച്ച്, ആയുധങ്ങൾ ഉപേക്ഷിക്കാൻ പഠിപ്പിച്ച ഗോപാലൻ മാഷിൽ നിന്നാണ് രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' എന്ന സിനിമ തുടങ്ങുന്നത്. വളരെ അബ്സ്വേഡ് ആയ ഒരു ലാൻഡ്സ്കേപ്പിലാണ് രാജേഷ് മാധവൻ തന്റെ കഥാപാത്രങ്ങളെയും ചിന്തകളെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗോപാലൻ മാഷ് ഗ്രാമത്തിലെ മനുഷ്യരെയെല്ലാം അഹിംസയുടെ പാതയിൽ എത്തിച്ചെങ്കിലും, ആരും ശ്രദ്ധിക്കാതെ പുതുതലമുറയിലെ ഒരു കുട്ടി പട്ടടയിൽ വളരുന്നുണ്ടായിരുന്നു. പട്ടടയിൽ പിന്നീടുണ്ടാവുന്ന പല കാര്യങ്ങളിലും പ്രധാന തീരുമാനങ്ങളെടുക്കുന്നത് ഈ കുട്ടിയാണെന്ന്  കാണാൻ കഴിയും. അത്തരത്തിൽ ഒരു സമൂഹത്തിന്റെ കഥയാണ് പെണ്ണും പൊറാട്ടും. എന്നാൽ പെണ്ണും പൊറാട്ടും സുട്ടു എന്ന നായയുടെ കഥയാണെന്നും പറയേണ്ടിവരും. അതെ, സുട്ടുവാണ് സിനിമയിലെ നായകൻ. സുട്ടുവിന് തന്റെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിതമായ ഒരു പ്രതിസന്ധിയും, അതിനെ അവൻ എങ്ങനെയാണ് തരണം ചെയ്യാൻ ശ്രമിക്കുന്നത് എന്നുമാണ് ചിത്രത്തിൻറെ പ്രമേയം. സുട്ടുവിനെ കൂടാതെ താറാവ്, കോഴികൾ, പശുക്കൾ, ആടുകൾ, ആന തുടങ്ങീ നിരവധി മൃഗങ്ങളാണ് ചിത്രത്തിന്റെ ഭാഗമായിട്ടുള്ളത്.

പാലക്കാടിലെ ഒരു ഉൾനാടൻ പ്രദേശത്താണ് പട്ടട എന്ന ഗ്രാമത്തെ രാജേഷ് മാധവൻ പ്ലേസ് ചെയ്തിരിക്കുന്നത്. പട്ടടയിലെ മനുഷ്യരെല്ലാം പല രീതിയിൽ വ്യത്യസ്‍തരാണ് ഓരോ വീട്ടിലും പല രീതിയിലുള്ള മൃഗങ്ങളെ ഉപജീവനത്തിന്റെ ഭാഗമായും മറ്റും എല്ലാവരും വളർത്തുന്നുണ്ട്. ആധുനികമായ കാലത്തും ചില മൃഗങ്ങളെ ഉപയോഗിച്ച് യന്ത്രം പ്രവൃത്തിപ്പിക്കുന്നതും സ്വാഭാവികമായ കാര്യമാണ്. പുരുഷ കാമനകളുടെ ആവിഷ്കാരമാണ് പെണ്ണും പൊറാട്ടും. കുമാർ എന്ന ചെറുപ്പക്കാരന് കല്യാണം കഴിക്കാൻ താല്പര്യമില്ല എന്നാൽ ലൈംഗികബന്ധത്തിൽ ഏർപ്പെടണം. അതുകൊണ്ട് തന്നെ സ്വന്തം വീട്ടിൽ വച്ച നടക്കുന്ന പണം പയറ്റ് ചടങ്ങിനിടെ അവൻ ഇത്തരമൊരു കാര്യത്തോട് താല്പര്യമില്ലെന്ന് പറഞ്ഞുകൊണ്ട് കുമാർ പുറത്തിറങ്ങുന്നു. മലബാറിൽ നിലവിലുള്ള ഒരു അനൗപചാരിക സാമ്പത്തിക ഇടപാടാണ് പണം പയറ്റ്. പണപ്പയറ്റ്, കുറിക്കല്യാണം, തേയിലസല്ക്കാരം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ജാതി, മതം, സാമ്പത്തികസ്ഥിതി തുടങ്ങിയ ഭേദങ്ങളില്ലാതെ ഒരു ദേശത്തെ മുഴുവൻ ആളുകളും ഒത്തുചേർന്ന് അവരിൽ ഓരോരുത്തരെയും സഹായിക്കുന്ന സംവിധാനമാണ് ഇത്.

മലബാറിലും കേരളത്തിന്റെ മറ്റ് പലഭാഗത്തും ഇത് പലരീതിയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. പയറ്റിലെ ഹാസ്യത്തിന്റെ സാധ്യതയെ രാജേഷ് മാധവൻ നല്ല രീതിയിൽ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. തന്റെ പേരിൽ പണം പയറ്റുന്നതിൽ താലപര്യമില്ലാതെ പുറത്തിറങ്ങുന്ന കുമാറിന് കൂട്ടുകാരനൊത്തുള്ള സംഭാഷണത്തിനിടെ നാട്ടിലെ അവന്റെ മറ്റൊരു സുഹൃത്തായ ചാരു ഹാസന്റെ പെങ്ങളായ ചാരുലതയോട് 'കാമം' തോന്നുന്നു. ഈ കാമ പൂർത്തീകരണത്തിനായി ചാരുലതയോട് അക്കാര്യം അവൻ വാട്ട്സ് ആപ് വഴി വോയ്‌സ് മെസേജ് ആയി ചോദിക്കുന്നു. ഇതിനിടയിൽ സുട്ടു എന്ന നായയുടെ ജീവിതത്തിലും ചില മാറ്റങ്ങൾ സംഭവിക്കുന്നു. ജീവിതത്തിന്റെ തുടക്കം മുതൽ ഒരു നല്ല ജീവിതം കിട്ടുമെന്ന് ആഗ്രഹിച്ചിരുന്ന അവന് സ്നേഹമോ സ്വാതന്ത്ര്യമോ ലഭിക്കുന്നില്ല. മുഴുവൻ സമയവും ചങ്ങലയിൽ കഴിയാനായിരുന്നു അവന്റെ വിധി. എന്നാൽ കിട്ടിയ ഒരവസരത്തിൽ അവൻ ചങ്ങല പൊട്ടിച്ച് പുറത്തിറങ്ങുന്നു. എന്നാൽ നാട്ടുകാർ അവനെ പേപ്പട്ടി എന്ന നിലയിൽ മുദ്രകുത്തി വേട്ടയാടാനായി പുറത്തിറങ്ങുന്നു.

പുരുഷ കാമനകളുടെ ലോകം

പെണ്ണും പൊറാട്ടും പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പെണ്ണിന്റെ പേരിൽ പുരുഷന്മാർ ചെയ്തുകൂട്ടുന്ന അർത്ഥമില്ലാത്ത പ്രവൃത്തികളുടെ ആകെത്തുകയാണ്. അത് പുരുഷന്റെ കേവലമായ ആഗ്രഹത്തിന്റെ പുറത്ത് രൂപപ്പെടുന്ന വളരെ എക്സെൻട്രികും വയലൻസും നിറഞ്ഞതാണ്. ആൺലോകത്തിന്റെ തീരുമാനങ്ങളാണ് സിനിമയുടെ ഗതിയെ നിയന്ത്രിക്കുന്നത്. ഓവർ ദി ടോപ് ആയിട്ടുള്ള കഥാപാത്ര നിർമ്മിതിയാണ് ചിത്രത്തിൽ രൂപകൽപന ചെയ്തിരിക്കുന്നത്. പട്ടടയിൽ എല്ലാ മനുഷ്യരും പല രീതിയിൽ വ്യത്യസ്തരാണ്. തൊട്ടടുത്ത നിമിഷം അവരെന്താണ് ചിന്തിക്കുന്നതെന്നോ പ്രവൃത്തിക്കുന്നതെന്നോ പ്രേക്ഷകന് സൂചനകൾ ലഭിക്കുന്നില്ല. ഏതൊരു സമൂഹത്തിലും ഉള്ള പോലെ ഒരു കാര്യം പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും പ്രചരിക്കുകയും ചെയ്യുന്നത് പട്ടടയിലും പതിവ് കാര്യമാണ്. ബ്ലാക്ക് ഹ്യൂമറിന്റെ കൃത്യമായ ഉപയോഗം ചിത്രത്തിൽ കാണാം. കൺസെന്റ്, സ്ത്രീയുടെ സ്വാതന്ത്ര്യം, പുരുഷാധിപത്യം, പൊതുസമൂഹത്തിൽ മനുഷ്യൻ അണിയുന്ന മുഖം മൂടികൾ തുടങ്ങീ നിരവധി കാര്യങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നുണ്ട്.

ചിത്രത്തിലെ രാജേഷ് മാധവനും, റൈന രാധാകൃഷ്‌ണനും ഒഴികെ ബാക്കിയെല്ലാ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. എല്ലാവരുടെയും ആദ്യ സിനിമയാണ് പെണ്ണും പൊറാട്ടും എന്ന തോന്നൽ പ്രേക്ഷകന് ഒരിക്കൽ പോലും ലഭിക്കുന്നില്ല എന്നത് തന്നെയാണ് ചിത്രത്തിന്റെ കാസ്റ്റിങ്ങിന്റെ പ്രത്യേകത. പാലക്കാടൻ ഉൾനാടൻ ഭാഷയും അതിന്റെ ഭൂപ്രകൃതിയും മനുഷ്യരുടെ വിചിത്രമായ ചിന്തകളും പ്രവൃത്തികളും വിശ്വസിനീയമാകാൻ കാസ്റ്റിങ് വളരെ ഗുണം ചെയ്തിട്ടുണ്ട്. കുറഞ്ഞ സമയത്തേക്ക് പോലും സ്‌ക്രീനിൽ വന്നുപോകുന്ന കഥാപാത്രങ്ങൾ പോലും പ്രേക്ഷകരിൽ ഉണർത്തുന്നത് വലിയ പൊട്ടിച്ചിരികളായിരുന്നു. അസാധ്യമായ കോമഡി ടൈമിങ്ങും റിയാക്ഷനുകളും സിനിമയുടെ ഓരോ സാഹചര്യത്തെയും എലവേറ്റ് ചെയ്യുന്നതായിരുന്നു. കെട്ടുകഥകൾ/ അപവാദ പ്രചരണങ്ങൾ രൂപപ്പെടുന്ന രീതിയും, ആക്ഷേപഹാസ്യത്തിന്റെ ലെയറുകളിൽ സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അന്തിമ തീരുമാനം എങ്ങനെയാണ് ഭൂരിപക്ഷ പുരുഷ തീരുമാനമായി മാറുന്നതെന്ന വിമർശനവും സിനിമയിലൂടെ രാജേഷ് മാധവൻ ഉന്നയിക്കുന്നുണ്ട്. സിനിമ കഴിയുമ്പോൾ ആർക്കാണ് പേ പിടിച്ചതെന്ന കാര്യത്തിൽ പ്രേക്ഷകന് കൃത്യമായ ഉത്തരവും സിനിമ നൽകുന്നു.

രണ്ട് തരം ലോകങ്ങളാണ് ചിത്രത്തിലുള്ളത്, വളരെ ഹിംസാത്മകമായ മനുഷ്യരുടെ ലോകവും, വേർതിരിവുകളില്ലാത്ത സ്നേഹവും സ്വാതന്ത്ര്യവും മാത്രമുള്ള മൃഗങ്ങളുടെ ലോകവും. മനുഷ്യന്റെ തന്നെ ഏറ്റവും നീചമായ പ്രവൃത്തികളെ കുറിക്കാൻ മനുഷ്യൻ തന്നെ ഉപയോഗിക്കുന്ന 'മൃഗീയത' എന്ന വാക്ക് എത്രത്തോളം വൈരുദ്ധ്യം നിറഞ്ഞതാണെന്ന് പെണ്ണും പൊറാട്ടും ചൂണ്ടികാണിക്കുന്നു. സുട്ടു എന്ന നായയോടൊപ്പം കോഴികളും പശുക്കളും താറാവുകളുമെല്ലാം സിനിമയിൽ കഥാപാത്രങ്ങളാണ്. അവർക്ക് കൃത്യമായ ഐഡന്റിറ്റിയും, ബോധ്യങ്ങളും സംവിധായകൻ നൽകുന്നു. ആദ്യം മുതൽ അവസാനം വരെ വളരെ ലൗഡ് ആയ സംഭാഷണങ്ങളും തമാശകളും കൊണ്ട് നിറഞ്ഞുനിൽക്കുന്ന പെണ്ണും പൊറാട്ടും മലയാളത്തിൽ അധികമാരും ഉപയോഗിക്കാത്ത ആഖ്യാനമാണ് പിന്തുടർന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ നൽകുന്ന പുതുമ വളരെ മനോഹരമാണ്. തിയേറ്ററിന് വേണ്ടി തന്നെ ഡിസൈൻ ചെയ്ത ചിത്രമാണിത്. ആദ്യ സംവിധാന ചിത്രത്തിലൂടെ മലയാളത്തിൽ എല്ലാ കാലത്തും ചർച്ച ചെയാൻ പോകുന്ന ഒരു സിനിമ ചെയ്യാൻ കഴിഞ്ഞു എന്നതിൽ രാജേഷ് മാധവന് തീർച്ചയായും അഭിമാനിക്കാം. പണി അറിയാവുന്ന സംവിധായകനാണ് അയാൾ എന്നത് ആദ്യ സിനിമകൊണ്ട് തന്നെ ഉറപ്പായിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

മാന്ത്രികയാഥാർത്ഥ്യങ്ങൾ പേറുന്ന തലമുറകളുടെ കഥ
സിനിമയ്‌ക്കുള്ളിലെ സിനിമ, പലസ്‌തീനിയന്‍ പ്രതിരോധം; വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ- റിവ്യൂ