കണ്ടറിയേണ്ട സമര ചരിത്രം; 'തുറമുഖം' റിവ്യൂ

By Web TeamFirst Published Mar 10, 2023, 4:29 PM IST
Highlights

റിയലിസത്തോട് ചേര്‍ന്ന് നിന്നാണ് രാജീവ് രവി എപ്പോഴും സിനിമകള്‍ എടുത്തിട്ടുള്ളത്. എന്നാല്‍ ഒരു നേര്‍ ചരിത്രത്തെ അദ്ദേഹം ആദ്യമായാണ് സിനിമയാക്കുന്നത് എന്നതാണ് തുറമുഖത്തിന്‍റെ പ്രത്യേകത.

പത്ത് വര്‍ഷം കൊണ്ട് സംവിധാനം ചെയ്തത് അഞ്ച് ചിത്രങ്ങള്‍ മാത്രം. പക്ഷേ ആ ചിത്രങ്ങളിലൂടെ രാജീവ് രവി സൃഷ്ടിച്ചെടുത്ത ലോകങ്ങള്‍ അദ്ദേഹത്തിന്‍റെ സമകാലികരായ മറ്റു സംവിധായകരുടേതില്‍ നിന്നൊക്കെ തികച്ചും വിഭിന്നമാണ്. ട്രെന്‍ഡുകള്‍ക്കൊപ്പം ഓടിയെത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത രാജീവ് രവി തന്‍റെ കഥാപാത്രങ്ങളിലൂടെ അവര്‍ ജീവിച്ച സമൂഹത്തെക്കൂടി അവതരിപ്പിക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അത് കുറച്ചുകൂടി വലിയ കാന്‍വാസില്‍, വലിയ കാലദൈര്‍ഘ്യത്തില്‍, എപ്പിക് സ്വഭാവത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് തുറമുഖത്തില്‍.

കമ്മട്ടിപ്പാടം, ഒരു നഗരമെന്ന നിലയില്‍ കൊച്ചി വളര്‍ന്നുവന്നപ്പോള്‍ അന്യവല്‍ക്കരിക്കപ്പെട്ട ഒരു പറ്റം  മനുഷ്യരുടെ കഥയായിരുന്നെങ്കില്‍ തുറമുഖം, മട്ടാഞ്ചേരി എന്ന പ്രദേശത്തിന്‍റെ രാഷ്ട്രീയ ചരിത്രമാണ്. 1930 കള്‍ മുതല്‍ 1950 കളുടെ തുടക്കം വരെയുള്ള കൊച്ചി തുറമുഖത്തിന്‍റെയും അതിനെ ഉപജീവിച്ച് കഴിഞ്ഞിരുന്ന തൊഴിലാളി സമൂഹത്തിന്‍റെയും കഥയാണ്. കേരളത്തിന്‍റെ തൊഴിലാളി വര്‍ഗ സമര ചരിത്രത്തില്‍ വേണ്ട രീതിയില്‍ അടയാളപ്പെടുത്താതെപോയ, കൊച്ചി തുറമുഖത്തിലെ ചാപ്പ സമ്പ്രദായത്തിനെതിരായ സമരവും അതിനെതിരെ നടന്ന പൊലീസ് വെടിവെപ്പുമൊക്കെ പശ്ചാത്തലമാക്കുന്ന ചിത്രം രാജീവ് രവി ആദ്യമായി ചെയ്യുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്. 1930 കളില്‍ കൊച്ചി തുറമുഖത്തിന്‍റെ തുടക്ക കാലത്തുനിന്ന് ആരംഭിച്ച്, 1953 ലെ മട്ടാഞ്ചേരി വെടിവെപ്പ് വരെയുള്ള ടൈം സ്പാനില്‍ രാജീവ് രവി അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിന്‍റെ ബിഗ് സ്ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത കാഴ്ചയും അനുഭവവുമാണ്.

 

കഥാപാത്രങ്ങളേക്കാള്‍ കഥയ്ക്ക് പ്രാധാന്യമുള്ള സിനിമയാണ് തുറമുഖം. എന്നാല്‍ രാജീവ് രവി അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ക്കൊക്കെയും മിഴിവും ആഴവുമുണ്ട്. 1930 കളില്‍ കൊച്ചി തുറമുഖത്തെ തൊഴിലാഴിയായിരുന്ന മൈമുവിന്‍റെ കുടുംബമാണ് കഥയുടെ കേന്ദ്ര സ്ഥാനത്ത്. പ്രത്യയശാസ്ത്രപരമായ അവബോധമൊന്നുമല്ലെങ്കിലും തനിക്കൊപ്പം പണിയെടുക്കുന്നവരുടെ പ്രയാസങ്ങളില്‍ ഇടപെടുന്ന, നേരിടുന്ന അനീതികളെ ചോദ്യം ചെയ്യുന്ന ആളാണ് മൈമു. എന്നാല്‍ വാപ്പയുടെ അസാന്നിധ്യത്തില്‍ വളര്‍ന്നുവരുന്ന ആണ്‍മക്കളില്‍ രണ്ടുപേരും രണ്ട് സ്വഭാവക്കാരാണ്. ഇളയവനായ ഹംസ ശാന്തശീലനും കുടുംബത്തിന്റേതായ ചിട്ടവട്ടങ്ങളില്‍ ജീവിക്കുന്നവനുമാണെങ്കില്‍ മൂത്തവനായ മൊയ്തു സ്വന്തം ശരികളുടെ മുന്നില്‍ മറ്റൊന്നിനെയും വില വെക്കാത്തവനാണ്. ഈ രണ്ട് തലമുറയുടെ ജീവിത കഥയിലൂടെയാണ് മട്ടാഞ്ചേരിയുടെ രാഷ്ട്രീയ ചരിത്രം രാജീവ് രവി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. മൈമുവിനെ ജോജു ജോര്‍ജ് അവതരിപ്പിച്ചപ്പോള്‍ മൊയ്തുവായി നിവിന്‍ പോളിയും ഹംസയായി അര്‍ജുന്‍ അശോകനും എത്തുന്നു.

 

സംവിധാനം ചെയ്ത ചിത്രങ്ങളില്‍ രാജീവ് രവി ആദ്യമായി സ്വയം ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് തുറമുഖം. ഒരു തുറമുഖ പട്ടണത്തിന്‍റെ പഴയ കാലം വിശ്വസനീയമായി സ്ക്രീനില്‍ എത്തിക്കുന്നതില്‍ ചിത്രം വിജയിച്ചിട്ടുണ്ട്. ഗോകുല്‍ ദാസ് ആണ് ചിത്രത്തിന്റെ കലാസംവിധായകന്‍. വിദേശ മാഗസിനുകളുടെ ആര്‍ക്കൈവല്‍ ഫോട്ടോഗ്രാഫുകളുടെ ഗാംഭീര്യത്തോടെയാണ് ചിത്രത്തിന്‍റെ പല വൈഡ് ആംഗിള്‍ ഷോട്ടുകളും രാജീവ് രവി ഒരുക്കിയിരിക്കുന്നത്. 1930 കളില്‍ കഥ പറഞ്ഞ് തുടങ്ങുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തെളിയുന്ന സ്ക്രീന്‍ നാല്‍പതുകളിലേക്ക് എത്തുമ്പോള്‍ കളറിലേക്ക് മാറുന്നു. അപ്പോഴും പല കാലങ്ങള്‍ക്ക് പല കളര്‍ ടോണുകള്‍ പരീക്ഷിച്ചിട്ടുണ്ട് രാജീവ് രവി. ദൃശ്യപരമായ ഇത്തരം പരീക്ഷണങ്ങളൊന്നും ചിത്രം നല്‍കുന്ന സമഗ്രാനുഭവത്തില്‍ നിന്ന് പ്രേക്ഷകരുടെ ശ്രദ്ധയെ അലോസരപ്പെടുത്തുന്നില്ല എന്നത് വലിയ പ്ലസ് ആണ്. 

 

പെര്‍ഫോമന്‍സുകളുടെ ചിത്രം കൂടിയാണ് തുറമുഖം. രാജീവ് രവി ചിത്രങ്ങളില്‍ അതുവരെ കാണാത്ത തരത്തിലുള്ള തങ്ങളുടെ പ്രകടനം മുന്‍പും പല അഭിനേതാക്കളും പുറത്തെടുത്തിട്ടുണ്ട്. മൈമുവായി ജോജു ജോര്‍ജും മൊയ്തുവായി നിവിന്‍ പോളിയും ഹംസയായി അര്‍ജുന്‍ അശോകനും ഇരുവരുടെയും ഉമ്മയുടെ വേഷത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്തും സാന്റോ ഗോപാലനായി ഇന്ദ്രജിത്തുമാണ് പ്രകടനം കൊണ്ട് ഏറ്റവും മികവ് പുലര്‍ത്തിയ താരങ്ങള്‍. പതിവ് നായകന്മാരുടേതായ ഫ്രെയ്മുകള്‍ക്കൊക്കെ പുറത്ത് നില്‍ക്കുന്ന, പല തലങ്ങളുള്ള മൊയ്തു അവതരിപ്പിക്കാന്‍ ഒരു നടന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ്. കരിയറില്‍ ലഭിച്ച ഈ വേറിട്ട കഥാപാത്രത്തെ നിവിന്‍ ഗംഭീരമായി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്.

 

റിയലിസത്തോട് ചേര്‍ന്ന് നിന്നാണ് രാജീവ് രവി എപ്പോഴും സിനിമകള്‍ എടുത്തിട്ടുള്ളത്. എന്നാല്‍ ഒരു നേര്‍ ചരിത്രത്തെ അദ്ദേഹം ആദ്യമായാണ് സിനിമയാക്കുന്നത് എന്നതാണ് തുറമുഖത്തിന്‍റെ പ്രത്യേകത. ഇതുവരെ ചെയ്ത മറ്റെല്ലാ സിനിമകളുടെയും ആദ്യ ആശയം അദ്ദേഹത്തിന്‍റേത് തന്നെ ആയിരുന്നെങ്കില്‍ തുറമുഖം, അതേപേരില്‍ 1968 ല്‍ കെ എം ചിദംബരന്‍ രചിച്ച് വേദിയിലെത്തിയ നാടകത്തെ അധികരിച്ചുള്ളതാണ്. ഉള്‍ക്കനം കൊണ്ട് ശ്രദ്ധ നേടിയ ഒരു നാടകത്തെ സിനിമയെന്ന മീഡിയത്തിലേക്ക് അതിന്റെ സത്ത ചോരാതെ അവതരിപ്പിക്കാനായിട്ടുണ്ട് രാജീവ് രവിക്ക്. സിനിമാപ്രേമികള്‍ക്ക് ബിഗ് സ്ക്രീന്‍ അനുഭവം വാഗ്ദാനം ചെയ്യുന്ന ചിത്രം പരിപൂര്‍ണ്ണതയില്‍ ആസ്വദിക്കണമെങ്കില്‍ തിയറ്ററില്‍ തന്നെ കാണേണ്ടതുണ്ട്. 

ALSO READ : 'തുറമുഖം പോലൊരു സിനിമ ചെയ്യാൻ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം'; നിര്‍മ്മാതാവിന്‍റെ പ്രതികരണം

click me!