കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; 'ഉന്മാദം' റിവ്യൂ

Published : Jul 31, 2026, 03:39 PM IST
Unmadham malayalam movie teaser releasing today kunchacko boban panorama studios

Synopsis

സിനിമ അതിൻ്റെ താളത്തിൽ പതിയെയാണ് പ്രേക്ഷകർക്ക് മുന്നിൽ ചുരുളഴിയുന്നത്. വലിയ സസ്പെൻസുകളോ ട്വിസ്റ്റുകളോ കൊണ്ടല്ല ഉന്മാദം പ്രേക്ഷകരെ പിടിച്ചിരുത്തുക. കിരൺ ദാസ് എന്ന മികവുറ്റ എഡിറ്ററും സംവിധായകനും സംയോജിച്ചതിൻ്റെ ഗുണമറിയുന്നത് ഇവിടെയാണ്.

പൊലീസ് കഥകളും ഷാഹി കബീറും ചേർന്നാൽ അതൊരു ഡെഡ്ലി കോമ്പിനേഷനാണെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് ഇന്ന് തിയേറ്ററുകളിൽ എത്തിയ ഉന്മാദം. കുഞ്ചാക്കോ ബോബനെ നായകനാക്കി ഷാഹിയുടെ തിരക്കഥയിൽ കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രം പൊലീസ് കഥയായി മാത്രം ഒതുങ്ങി നിൽക്കുന്നില്ല. മാസ് അല്ലാതെ മനുഷ്യരായ പൊലീസുകാരുടെ കഥ പറയുകയാണ് ഇവിടെയും. എന്നാൽ സൂപ്പർ നാച്ചുറൽ എലമെൻ്റുകളും മനുഷ്യമാനസികാവസ്ഥകളും കലർത്തിയ ഒരു സ്ലോബേൺ സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രം.

സിനിമയ്ക്കുള്ളിലെ സിനിമയായാണ് ഉന്മാദത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമാ മോഹിയായ പൊലീസുകാരനാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ഷെല്ലി. മെഡിക്കൽ ലീവുകൾ എടുത്ത് തിരക്കഥയെഴുതുകയാണ് കഥയുടെ തുടക്കത്തിൽ അയാൾ. ലിജോ മോൾ അവതരിപ്പിക്കുന്ന സൗമ്യയെന്ന ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. ഒരു സാഹചര്യത്തിൽ പണിഷ്മെൻ്റ് ട്രാൻസ്ഫർ ലഭിച്ച് കോങ്ങാട് പൊലീസ് സ്റ്റേഷനിൽ ഷെല്ലി എത്തുന്നതോടെയാണ് കഥവികസിക്കുന്നത്. ആ സ്റ്റേഷനു കീഴിൽ ഉണ്ടായ ഒരു കേസുമായി ബന്ധപ്പെട്ട് അവിടത്തെ പൊലീസുകാർക്കിടയിൽ ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്. സ്റ്റേഷനിൽ ഒരാളും തൊടാൻ ധൈര്യപ്പെടാത്ത ഒരു കേസ് ഫയൽ. അറിയാതെപോലും അതിൽ തൊട്ടാൽ സമാനമായ കേസുകൾ സ്റ്റേഷൻ പരിധിയിൽ ഉണ്ടാവുകയോ പൊലീസുകാർക്ക് സസ്പെൻഷൻ ലഭിക്കുകയോ കുറഞ്ഞത് യൂണിഫോമിൽ രക്തം പുരളുകയോ എങ്കിലും ചെയ്യുമെന്നാണ് അവിടെയുള്ളവർ വിശ്വസിക്കുന്നത്. അന്ധവിശ്വാസമെന്ന് കരുതിയ ഉദ്യോഗസ്ഥർക്ക് പോലും ആ ഫയലിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളിൽ വിശ്വസിക്കേണ്ടിവരുന്നുവെന്ന് കഥകളിലൂടെ ഷല്ലി അറിയുകയാണ്. അതിനെ മുഖവിലയ്ക്കെടുക്കുന്നില്ലെങ്കിലും ഈ സംഭവത്തിൽ തൻ്റെ സിനിമയ്ക്ക് അനിയോജ്യമായ ഒരു തിരക്കഥയുണ്ടെന്ന് തിരിച്ചറിയുകയാണ് അയാൾ.

സിനിമ അതിൻ്റെ താളത്തിൽ പതിയെയാണ് പ്രേക്ഷകർക്ക് മുന്നിൽ ചുരുളഴിയുന്നത്. വലിയ സസ്പെൻസുകളോ ട്വിസ്റ്റുകളോ കൊണ്ടല്ല ഉന്മാദം പ്രേക്ഷകരെ പിടിച്ചിരുത്തുക. കിരൺ ദാസ് എന്ന മികവുറ്റ എഡിറ്ററും സംവിധായകനും സംയോജിച്ചതിൻ്റെ ഗുണമറിയുന്നത് ഇവിടെയാണ്. ഒരു കുറ്റാന്വേഷണ പൊലീസ് കഥയിൽ ഒതുക്കാതെ ഷെല്ലിയുടെയും സൗമ്യയുടെയും ഭാര്യാഭർതൃ ബന്ധം മുതൽ എല്ലാത്തിനും അടിത്തറ പാകി ഷെല്ലിയുടെ ഉന്മാദാവസ്ഥയെ ചുരുളഴിച്ചെടുക്കുകയാണ് ഇവിടെ. വിശ്വാസവും അന്തവിശ്വാസവും മനുഷ്യമാനസികാവസ്ഥയും സംഘർഷങ്ങളുമൊക്കെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതുകൊണ്ട് തന്നെ ഉന്മാദത്തെ സംബന്ധിച്ച് എഴുത്തോ എക്സിക്യൂഷനോ എളുപ്പമായ കാര്യമല്ല. എന്നാൽ ഷാഹി കബീറിൻ്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബൻ, ലിജോമോൾ എന്നീ പെർഫോമർമാരെ കിരൺ ദാസ് എന്ന 'ഫ്രഷ് ഐ'യിലൂടെ അനുഭവിച്ചറിയുക പ്രേക്ഷകരെ സംബന്ധിച്ച് ഏറ്റവും മികച്ച അനുഭവമാണ്.

ആശയപരമായി കോംപ്ലെക്സ് ആയ കഥാപാത്രങ്ങൾ, പല ലെയറുകളിൽ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനെ കൂടി അനുഭവിപ്പിക്കുന്ന പിരിമുറുക്കം. അതേസമയം റിയലിസ്റ്റിക്കായ കഥാപരിസരങ്ങളെ സിനിമാറ്റിക്കായി അവതരിപ്പിച്ചിരിക്കുന്നു. സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, സിദ്ദിഖ്, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങി മറ്റ് അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കി. അർജുൻ സേതുവിൻ്റെ വിഷ്വലുകളും മുജീബ് മജീദിൻ്റെ സംഗീതവും കഥാപരിസരത്തിനും കഥാപാത്രങ്ങൾക്കും ആഴം നൽകുന്നതാണ്. വ്യത്യസ്തമായ പൊലീസ് കഥമാത്രമല്ല തിയേറ്റർ വിട്ടിറങ്ങിയവരെ വിടാതെ പിന്തുടരുന്ന അനുഭവമാകും ഉന്മാദം.

PREV
Read more Articles on
click me!

Recommended Stories

കേരളക്കര ചുറ്റിക്കറങ്ങും ഈ ഏലിയൻ ! രസച്ചരട് മുറിയാതെ 'പ്ലൂട്ടോ'- റിവ്യു
'ദളപതി'യുടെ വണ്‍ ലാസ്റ്റ് ഡാന്‍സ്; 'ജനനായകന്‍' റിവ്യൂ