കോമഡി ട്രാക്കിൽ മുന്നോട്ട് പോകുന്ന പ്ലൂട്ടോയുടെ ക്ലൈമാക്സ് തിയറ്ററിൽ ചെറുതല്ലാത്ത ചിരി തന്നെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ആദ്യമദ്യാന്തം പ്രേക്ഷകരെ ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോയ പ്ലൂട്ടോയുടെ രചന നിർവഹിച്ചത് നിയാസ് മുഹമ്മദാണ്.
സയൻസ് ഫിഷൻ ചിത്രം. ഈ ജോണർ കേട്ടാൽ ഹൈ കോൺസെപ്റ്റുള്ള വളരെ സങ്കീർണമായൊരു സിനിമയാകും കാഴ്ചക്കാരന്റെ മനസിൽ ആദ്യം ഓടി വരുന്നത്. എന്നാൽ ആ ധാരണ മാറ്റിയെടുത്ത് ആദ്യാവസനം വരെ രസച്ചരട് പൊട്ടാതെ പ്രേക്ഷകരെ ഒന്നാകെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ് പ്ലൂട്ടോ എന്ന ആദിത്യൻ ചന്ദ്രശേഖർ ചിത്രം. പാട്ടും ഡാൻസും ഫൈറ്റുമുള്ള എന്റർടെയ്നറായ ചിത്രത്തിൽ ഒരു ഏലിനും കൂടി പ്രത്യക്ഷപ്പെട്ടാൽ എങ്ങനെ ഉണ്ടാകും? അതാണ് പ്ലൂട്ടോ എന്ന് ചുരുക്കി പറയാം.
എതിരാളിയുടെ അടിയേറ്റ് നിലത്ത് വീണ് കിടക്കുന്ന നായകൻ വിക്കി എന്ന വിഘ്നേഷിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. വിക്കിയ്ക്ക് ആ അടി കിട്ടാൻ കാരണം ആര് ? എന്ത് ? എങ്ങനെ? എന്നതിനുള്ള ഉത്തരമാണ് പിന്നീട് സിനിമ പറയുന്നത്. സുഹൃത്തിനൊപ്പം ചേർന്ന് പല സംരംഭങ്ങളും തുടങ്ങി പൊട്ടി പാളീസായ, വീട്ടുകാർക്ക് ഒരു വിലയും ഇല്ലാത്ത, നല്ലവനായ ഉണ്ണി ചമയുന്ന അനുജനുള്ള, തോൽവി എന്ന് സ്വയവും മറ്റുള്ളവരും വിശേഷിപ്പിക്കുന്ന ആളാണ് വിക്കി. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും ഒടുവിൽ പ്രേമിച്ച പെണ്ണ് തന്നെ തള്ളിപ്പറയുന്ന ഘട്ടത്തിൽ വിക്കിയുടെ ജീവിതത്തിലേക്ക് അന്യഗ്രഹത്തിൽ നിന്നും ഒരു സുഹൃത്ത് വരുന്നു. അവനെ അവൻ പ്ലൂട്ടോ എന്ന് വിളിച്ചു. ഭക്ഷണത്തിന് പകരം മദ്യം മാത്രം കുടിക്കുന്ന ഒരു വ്യത്യസ്തനാണ് ഈ പ്ലൂട്ടോ. ഏലിയന് എന്താണ് പവർ എന്നറിയാനും അതിലൂടെ തനിക്ക് രക്ഷപ്പെടാൻ എന്തെങ്കിലും മാർഗം കിട്ടുമോന്ന് അറിയാനും പരിശ്രമിക്കുന്ന വിക്കിയുടെ ജീവിതത്തിൽ പിന്നീട് നടക്കുന്ന കാര്യങ്ങളാണ് ഹ്യൂമറിന്റെ അകമ്പടിയോടെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
തുടക്കത്തിൽ പറഞ്ഞത് പോലെ ആദ്യം മുതൽ അവസാനം വരെ ചിരി സമ്മാനിക്കുന്ന ചിത്രമാണ് പ്ലൂട്ടോ. അതിനായി വിക്കിക്കും പ്ലൂട്ടോയ്ക്കും ഒപ്പം എത്തുന്നത് ടൈഗർ തമ്പി(അജു വർഗീസ്), ദിനേശ് പ്രഭാകരൻ(ശാസ്ത്രജ്ഞൻ, പ്രൊഫസർ), വിനീത് തട്ടിൽ(ബല്ല) എന്നിവരാണ്. കാണാൻ കലിപ്പനാണെങ്കിലും ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങളായി പോകുന്ന ടൈഗർ തമ്പിയെ രൂപത്തിലും ഭാവത്തിലും അജു വർഗീസ് മികവുറ്റതാക്കിയിട്ടുണ്ട്. പടത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഏലിയനായി എത്തുന്ന അൽത്താഫ് തന്നെയാണ്. ഏലിയന്റെ രൂപവും ഭാവവും എല്ലാം കൂടിക്കലർന്ന കഥാപാത്രം മികവുറ്റതാക്കി മാറ്റാൻ അൽത്താഫിന് സാധിച്ചിട്ടുണ്ട്. ഒപ്പം കട്ടയ്ക്ക് വിക്കിയായി എത്തിയ നീരജ് മാധവും ഉണ്ട്. മൃഗ ഡോക്ടറും വിക്കിയുടെ കാമുകിയുമായി എത്തിയത് ആർഷ ബൈജു ആണ്. മീര എന്ന കഥാപാത്രത്തെ ആർഷ മികച്ചതാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ താരങ്ങളായ സുബിൻ ടാർസൻ, നിഹാൽ നിസാം എന്നിവർ തങ്ങളുടെ കഥാപാത്രങ്ങൾ അടിപൊളിയാക്കിയിട്ടുണ്ട്. മലയാളത്തിൽ ഇനിയും നിരവധി കഥാപാത്രങ്ങൾ തങ്ങൾക്ക് ചെയ്യാനാകുമെന്നും ഇവർ ഊട്ടി ഉറപ്പിക്കുന്നു. സഹീർ മുഹമ്മദ്, തുഷാരാ പിള്ള, വിപിൻ അറ്റ്ലി, സച്ചിൻ ജോസഫ് തുടങ്ങി ചെറിയ റോളിൽ എത്തിയവരും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.
കോമഡി ട്രാക്കിൽ മുന്നോട്ട് പോകുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് തിയറ്ററിൽ ചെറുതല്ലാത്ത ചിരി തന്നെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ആദ്യമദ്യാന്തം പ്രേക്ഷകരെ ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോയ പ്ലൂട്ടോയുടെ രചന നിർവഹിച്ചത് നിയാസ് മുഹമ്മദാണ്. മികച്ച ദൃശ്യങ്ങൾ സമ്മാനിച്ച ഛായാഗ്രാഹകൻ വിഷ്ണു ശർമ്മയും കയ്യടി അർഹിക്കുന്നുണ്ട്. അർക്കാഡോ ആണ് പ്ലൂട്ടോയുടെ സംഗീത സംവിധായകൻ. സിനിമയുടെ ആത്മാവ് തന്നെ അദ്ദേഹത്തിന്റെ സംഗീതത്തിൽ ഭദ്രമായിരുന്നുവെന്നത് ഉറപ്പാണ്. ആകെമൊത്തത്തിൽ യാതൊരുവിധ കല്ലുകടിയും ഇല്ലാതെ ആദ്യത്യനും കൂട്ടരും അണിയിച്ചൊരുക്കിയ ഈ പ്ലൂട്ടോ, കുടുംബസമേതം കുട്ടികൾക്കൊപ്പം തന്നെ ആസ്വദിക്കാം. ടെൻഷൻ ഫ്രീയായി തന്നെ ആസ്വദിക്കാം.



