ഇത് വിനീത് ശ്രീനിവാസന്റെ 'വേറിട്ട മുഖം', 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്' റിവ്യു

By Web TeamFirst Published Nov 11, 2022, 4:37 PM IST
Highlights

വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ റിവ്യു.

'അഡ്വക്കറ്റ് മുകുന്ദൻ ഉണ്ണി' എങ്ങനെയുള്ളയാളാണ് ഓണ്‍ലൈനില്‍ മാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ നേരത്തെ തന്നെ ബോധ്യപ്പെട്ടിരിക്കണം. അത്തരം പ്രചാരണ രീതികളായിരുന്നു സിനിമയ്ക്കായി 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സി'ന്റെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇതുവരെ കണ്ട വിനീത് ശ്രീനിവാസൻ കഥാപാത്രമല്ല 'മുകുന്ദൻ ഉണ്ണി' എന്ന് പറഞ്ഞുപഠിപ്പിക്കും പോലെയായിരുന്നു ചിത്രത്തിന്റെ പ്രചാരണം. ഒടുവില്‍ വിനീത് ശ്രീനിവാസൻ ചിത്രം തിയറ്ററിലെത്തിയപ്പോള്‍ പ്രചാരണങ്ങളെയെല്ലാം അടിവരയിട്ട് ശരിവയ്‍ക്കുന്ന തരത്തില്‍ വേറിട്ട ഒരു ഗംഭീര സിനിമാകാഴ്ചയാകുന്നു  'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്'.

'മുകുന്ദൻ ഉണ്ണി' നിറഞ്ഞുനില്‍ക്കുന്ന സിനിമയാണ് ഇത്. കല്‍പ്പറ്റക്കാരനായ 'മുകുന്ദൻ ഉണ്ണി' തന്റെ വക്കീല്‍ കരിയറില്‍ വലിയൊരു ഉയര്‍ച്ച സ്വപ്‍നം കണ്ട് നടക്കുന്നയാളാണ്. ജീവിതത്തില്‍ വിജയിക്കാൻ വേണ്ടത് എന്ന് പുസ്‍തകങ്ങളും മോട്ടിവേഷൻ സ്‍പീക്കേഴ്‍സുമെല്ലാം പറയുന്ന കാര്യങ്ങള്‍ 'മുകുന്ദൻ ഉണ്ണി' ജീവിത്തില്‍ പാലിക്കുന്നുണ്ട്. പക്ഷേ വിചാരിച്ച അത്ര ജീവിതത്തില്‍ മുന്നോട്ടുപോകാനാകുന്നില്ല. ചൂഷണം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമാണ് ഭൂമിയിലുള്ളത് എന്ന് 'മുകുന്ദൻ ഉണ്ണി' തിരിച്ചറിയുന്നു. ചൂഷണം ചെയ്യുന്ന വിഭാഗത്തില്‍ പെടാൻ 'മുകുന്ദൻ ഉണ്ണി' തീരുമാനിക്കുന്നു. അത് മുകുന്ദൻ ഉണ്ണിയുടെ ജീവിതത്തില്‍ യുടേണ്‍ ആകുന്നു. ജീവിതത്തില്‍ വിജയം സ്വന്തമാക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന ഒരാളായി മാറുന്നു 'മുകുന്ദൻ ഉണ്ണി'. 'മുകുന്ദൻ ഉണ്ണി'യുടെ ജീവിതത്തിലെ തുടര്‍ സംഭവങ്ങളുടെ നാടകീയതയും സംഘര്‍ഷങ്ങളും എല്ലാം രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. മുകുന്ദൻ ഉണ്ണിയുടെ ജീവിതത്തിലെ വളര്‍ച്ച പറയുമ്പോള്‍ തന്നെ കേവലം വക്കീല്‍ കഥ മാത്രമാകാതെയുമിരിക്കുന്നു 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്'. ആശുപത്രി, ഇൻഷൂറൻസ്, രാഷ്‍ട്രീയം,  പൊലീസ് തുടങ്ങിയ മേഖലകളെല്ലാം ഉള്‍പ്പെടുന്ന പലതരം കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിനൊപ്പം ചേരുന്നു. 'മുകുന്ദൻ ഉണ്ണി'ക്കൊപ്പം ചേരുന്നവരും വിരുദ്ധ ചേരിയില്‍ നില്‍ക്കുന്നവരും തീര്‍ച്ചയായും ഉണ്ടാകുമെന്നതിനാല്‍ പതിവ് നായകസങ്കല്‍പ്പത്തില്‍ നിന്ന് ചിത്രം വേറിട്ടുംനില്‍ക്കുന്നു.

'ഗോദ', 'ആനന്ദം' തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായകിന്റെ ആദ്യ സംവിധാന സംരഭമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. കഥ പറച്ചിലില്‍ ആദ്യ ചിത്രത്തില്‍ തന്നെ സ്വന്തം കയ്യൊപ്പിടാൻ അഭിനവ് സുന്ദര്‍ നായകിന് സാധിച്ചിരിക്കുന്നു. കേവലം കഥ പറയുന്നതിന് പകരം പുത്തൻ ദൃശ്യാഖ്യാനം നിര്‍വഹിച്ചിരിക്കുകയാണ് അഭിനവ് സുന്ദര്‍ നായക്. ആനിമേഷന്റെയടക്കം സാധ്യതകള്‍ സ്വീകരിച്ചാണ് അഭിനവിന്റെ ചലച്ചിത്രാഖ്യാനം. എന്താണ് പറയാനുള്ളതെന്ന് കൃത്യമായി ബോധ്യമുളള സംവിധായകനാണ് അഭിനവ് സുന്ദര്‍ നായകൻ എന്ന് ആദ്യം ചിത്രം തന്നെ അടയാളപ്പെടുത്തുന്നു. മനുഷ്യൻ മിക്കപ്പോഴും ഗ്രേയാണ്, ചില സന്ദര്‍ഭങ്ങളില്‍ തീര്‍ത്തും കറുപ്പാണ് എന്ന് എഴുതിക്കാണിക്കുന്ന ആദ്യ വാചകത്തില്‍ തുടങ്ങുന്നു അഭിനവ് സുന്ദര്‍ നായകന്റെ ബ്രില്ല്യൻസ്. സ്‍ക്രീൻ മുഴുവൻ വേണ്ട എന്ന് കേന്ദ്ര കഥാപാത്രക്കെകൊണ്ട് പറയപ്പിച്ചാണ് 'മുകുന്ദൻ ഉണ്ണി'യുടെ ലോകത്തിലേക്ക് സംവിധായകൻ പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്.

വിമല്‍ ഗോപാലകൃഷ്‍ണനൊപ്പം തിരക്കഥയിലും അഭിനവ് സുന്ദര്‍ നായക് പങ്കാളിയായിരിക്കുന്നു.  സിനിമയിലെ കേന്ദ്ര കഥാപാത്ര നിര്‍മിതിയില്‍ വളരെ സൂക്ഷ്‍മ പുലര്‍ത്തിയിരിക്കുന്ന തിരക്കഥയാണ് ഇരുവരുടേതും. ഓരോ രംഗങ്ങളും ചരടില്‍ കോര്‍ത്തെന്ന പോലെ തുടര്‍ കാഴ്‍ചകളിലേക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇവരുടെ എഴുത്ത്. ഇരുണ്ട ഹാസ്യത്തെ ബുദ്ധിപൂര്‍വം ഉപയോഗിക്കുകയും ചെയ്‍തിരിക്കുന്ന തിരക്കഥയാണ് 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സി'ന്റേത്.

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സി'ല്‍ വിനീത് ശ്രീനിവാസൻ നെഗറ്റീവ് ഷെയ്‍ഡുള്ള കഥാപാത്രമായി അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്‍ചവച്ചിരിക്കുന്നത്. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ വെറുപ്പ് വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രമാണ് 'മുകുന്ദൻ ഉണ്ണി'. നടപ്പിലും നോട്ടത്തിലുമെല്ലാം തന്റെ കരിയറിലെ ഇതുവരെയുള്ള കഥാപാത്രങ്ങളുടെ എതിര്‍ദിശയിലുള്ള 'മുകുന്ദൻ ഉണ്ണി'യായി വിനീത് ശ്രീനിവാസൻ അക്ഷരാര്‍ഥത്തില്‍ മാറിയിരിക്കുന്നു. വോയ്‍സ് ഓഫറിലൂടെ കഥ പറയുന്ന ആഖ്യാനത്തില്‍ 'മുകുന്ദൻ ഉണ്ണി'യുടെ ഉള്ളറിഞ്ഞുള്ള ആത്മഭാഷണങ്ങളിലും പെരുമാറ്റങ്ങളിലും ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കാൻ വിനീത് ശ്രീനിവാസനാകുന്നുണ്ട്.

വിനീത് ശ്രീനിവാസന് പുറമേ ചിത്രത്തില്‍ മറ്റൊരു നിര്‍ണായക കഥാപാത്രമായ 'അഡ്വ. വേണു'വായി എത്തിയിരിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്. 'അഡ്വ. വേണു'വിന് കൃത്യമായ വ്യക്തിത്വം നല്‍കാൻ പാകത്തിലുള്ളതാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഭാവമാറ്റങ്ങള്‍. തൻവി റാം, സുധി കോപ്പ, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജഗദീഷ് തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങള്‍ക്ക് പാകപെട്ട് തന്നെയാണ് ചിത്രത്തിലുള്ളത്. സംവിധായകൻ ബേസില്‍ ജോസഫ് ചിത്രത്തില്‍ ചെറു ശബ്‍ദ സാന്നിദ്ധ്യമായി വരുന്നത് രസകരമാണ്.

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സി'നെ വേറിട്ട ഒരു സിനിമകാഴ്‍ചയാക്കുന്നതില്‍ നിര്‍ണായകമായ മറ്റൊരു പ്രധാന ഘടകം എഡിറ്റിംഗാണ്. നിധിൻ രാജ് അരോളും സംവിധായകൻ അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് സമര്‍ഥമായി നിര്‍വഹിച്ചിരിക്കുന്നത്. വിശ്വജീത്ത് ഒടുക്കത്തിലിന്റെ ഛായാഗ്രാഹണവും ചിത്രത്തിന്റെ മൊത്തം സ്വഭാവമറിഞ്ഞുതന്നെയാണ്. സിബി മാത്യു അലക്സിന്റെ സംഗീതവും ചിത്രത്തോട് ചേരുംപടി ചേര്‍ന്നിരിക്കുന്നു.

Read More: ചരിത്രത്തിലൂന്നി ഒരു സാങ്കല്‍പ്പിക കഥ, കൊറിയയുടെ പോരാട്ടത്തെ ഓര്‍മിപ്പിച്ച് 'മിസ്റ്റർ സൺഷൈൻ'

click me!